മല്ലിയിലയും പുതിനയും കറിവേപ്പിലയുമൊക്കെ അടുക്കളയില്‍ തന്നെ വളര്‍ത്തിയാലോ?

By Web Team  |  First Published Jul 22, 2023, 10:47 AM IST

വീട്ടാവശ്യങ്ങള്‍ക്കുള്ള ഇലകള്‍ അടുക്കളയില്‍ തന്നെ വളര്‍ത്തുന്നത് എങ്ങനെ? ഏതെല്ലാം ഇലകളുടെ ചെടികള്‍ ഇങ്ങനെ വളര്‍ത്താം? എന്നതാണ് പങ്കുവയ്ക്കുന്നത്. 


നമ്മള്‍ വിവിധ വിഭവങ്ങളിലേക്ക് രുചിക്കും ഗന്ധത്തിനും വേണ്ടി പല സ്പൈസുകളും അതുപോലെ തന്നെ ഹെര്‍ബുകള്‍ അഥവാ ഇലകളുമെല്ലാം ചേര്‍ക്കാറുണ്ട്. നാട്ടിൻപുറങ്ങളിലാണെങ്കില്‍ ഇത്തരത്തില്‍ കറികളിലേക്ക് ആവശ്യമായി വരുന്ന ഇലകളെല്ലാം അധികവും വീട്ടുവളപ്പുകളില്‍ തന്നെയുണ്ടാകും.

എന്നാല്‍ നഗരപ്രദേശങ്ങളില്‍ മിക്ക വീടുകളിലും ചെടികളൊന്നും വളര്‍ത്താനുള്ള സൗകര്യമുണ്ടായിരിക്കില്ല. അതോടൊപ്പം ഇതിനുള്ള സമയവും പലര്‍ക്കും ഇല്ല എന്നതാണ്. എങ്കിലും എല്ലാ പരിമിതകള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ട് തന്നെ വീട്ടിനകത്തോ ബാല്‍ക്കണിയിലോ ടെറസിലോ എല്ലാം പറ്റാവുന്ന പോലെ ചെടികളോ പച്ചക്കറികളോ നട്ടുപിടിപ്പിക്കുന്നവരുമുണ്ട്.

Latest Videos

undefined

ഈയൊരു താല്‍പര്യമുള്ളവരെ സംബന്ധിച്ച് അവര്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. വീട്ടാവശ്യങ്ങള്‍ക്കുള്ള ഇലകള്‍ അടുക്കളയില്‍ തന്നെ വളര്‍ത്തുന്നത് എങ്ങനെ? ഏതെല്ലാം ഇലകളുടെ ചെടികള്‍ ഇങ്ങനെ വളര്‍ത്താം? എന്നതാണ് പങ്കുവയ്ക്കുന്നത്. 

പുതിനയില...

പല കറികളിലും സലാഡുകളിലും പാനീയങ്ങളിലുമെല്ലാം ചേര്‍ക്കുന്നതാണ് പുതിനയില. ഒരു അഞ്ച് ലിറ്ററിന്‍റെ ചട്ടിയുണ്ടെങ്കില്‍ സുഖമായി പുതിനയില വളര്‍ത്താവുന്നതാണ്. അല്‍പം സൂര്യപ്രകാശം എന്നും കിട്ടുന്ന സ്ഥലത്തായിരിക്കണം ചെടി വയ്ക്കേണ്ടത്. ദിവസവും വെള്ളമൊഴിക്കേണ്ടത് നിര്‍ബന്ധമാണ്. അതുപോലെ വളമിടുകയും വേണം. എങ്കിലേ നല്ലതുപോലെ ചെടി വളരൂ. 

മല്ലിയില...

മല്ലിയിലയും ഇപ്പറഞ്ഞതുപോലെ ധാരാളം കറികളിലും വിഭവങ്ങളിലുമെല്ലാം ചേര്‍ക്കുന്നതാണ്. ഒരുപാട് പേര്‍ക്ക് മല്ലിയിലയുടെ ഫ്ളേവര്‍ ഇഷ്ടമാണ്. ഇതും മനസ് വച്ചാല്‍ അടുക്കളയില്‍ നട്ടുവളര്‍ത്താവുന്നതേയുള്ളൂ. അധികവും തണുപ്പുള്ള കാലാവസ്ഥയിലാണ് മല്ലിയില കാര്യമായും വളരുക. അതിനാല്‍ തന്നെ വേനല്‍ അവസാനിക്കുമ്പോഴോ മഴ തുടങ്ങുമ്പോഴോ എല്ലാമാണ് സാധാരണഗതിയില്‍ മല്ലിയില നടാറ്. ഇതിന് അനുയോജ്യമായ പരിസ്ഥിതി അടുക്കളയില്‍ തന്നെ ഒരുക്കുകയാണെങ്കില്‍ മല്ലിയിലയും എളുപ്പത്തില്‍ വളര്‍ത്താം.

അതായത് വെയില്‍ അത്ര ഏല്‍ക്കാത്ത ഇടത്തായിരിക്കണം മല്ലിയില വളര്‍ത്തേണ്ടത്. ഇടയ്ക്കിടെ ഇല വെട്ടിക്കൊടുത്താല്‍ നന്നായി തഴച്ച് വളരുകയും ചെയ്യും.

ബേസില്‍...

ഒരിനം തുളസിയാണ് ബേസില്‍ ലീവ്സ്. ഇതിന് ഒരുപാട് ഔഷധഗുണങ്ങളുണ്ട്. പല പാനീയങ്ങളിലും ചേര്‍ത്ത് കുടിക്കാം. അതുപോലെ സലാഡുകള്‍ പോലുള്ള വിഭവങ്ങളില്‍ ചേര്‍ത്ത് കഴിക്കാം. അത്യാവശ്യം സൂര്യപ്രകാശമെല്ലാം എത്തുന്ന സ്ഥലത്താണ് ബേസില്‍ വയ്ക്കേണ്ടത്. രാവിലെ മാത്രം അല്‍പം വെള്ളമൊഴിച്ചുകൊടുക്കാം.

ഒറിഗാനോ...

ഒറിഗാനോയെ കുറിച്ച് ചിലര്‍ക്കെങ്കിലും അറിയുമായിരിക്കും. ഇറ്റാലിയൻ- മെഡിറ്ററേനിയൻ വിഭവങ്ങളിലെല്ലാം ഫ്ളേവറിന് വേണ്ടി ചേര്‍ക്കുന്നതാണ് ഒറിഗാനോ. ഇതും അടുക്കളയില്‍ വളര്‍ത്താവുന്നതാണ്. വെള്ളം പെട്ടെന്ന് ഊര്‍ന്നിറങ്ങുന്ന തരം മണ്ണില്‍ ആണ് ഒറിഗാനോ നടേണ്ടത്. 

കറിവേപ്പില...

ദക്ഷിണേന്ത്യൻ വിഭവങ്ങളിലെല്ലാം നിര്‍ബന്ധമായും ചേര്‍ക്കുന്നതാണ് കറിവേപ്പില. ഇതിനും പല ആരോഗ്യഗുണങ്ങളുമുണ്ട്. കറിവേപ്പില നട്ടാലും അത് പിടിക്കാൻ അല്‍പം പ്രയാസമാണ്. എങ്കിലും ശാസ്ത്രീയമായ പരിചരണമുണ്ടെങ്കില്‍ കറിവേപ്പിലയും ചട്ടിയില്‍ വച്ച് അടുക്കളയില്‍ വളര്‍ത്താം. പക്ഷേ അല്‍പം കൂടി വലുപ്പമുള്ള ചട്ടിയിലാണ് കറിവേപ്പില നടേണ്ടത്. അല്‍പം സൂര്യപ്രകാശമൊക്കെ കിട്ടുന്ന സ്ഥലത്ത് തന്നെ ഇത് വയ്ക്കാം. വളവും ചെയ്യുന്നത് നല്ലതാണ്. വേപ്പില പിടിക്കാൻ ഇതുപകരിക്കും.

Also Read:- ആരോഗ്യത്തിനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും ഒരു ദിവസത്തില്‍ നിങ്ങള്‍ ചെയ്യേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!