മൈക്രോ വേവ് ഓവനില്‍ ഇവയൊന്നും വയ്ക്കരുത്; അപകടം ക്ഷണിച്ചുവരുത്താതിരിക്കുക...

By Web Team  |  First Published Dec 18, 2023, 9:12 PM IST

മൈക്രോ വേവ് ഓവൻ ഉപയോഗിക്കുമ്പോള്‍ പലര്‍ക്കും പല സംശയങ്ങളും ആശങ്കകളുമാണ്. പൊട്ടിത്തെറിക്കുമോ, അല്ലെങ്കില്‍ എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നതാണ് ആശങ്ക


പാചകത്തിനായി വിവിധ ഉപകരണങ്ങളെ നാമിന്ന് ആശ്രയിക്കുന്നുണ്ട്. പണ്ട് എല്ലാ വീടുകളിലും വിറകടുപ്പായിരുന്നു പാചകത്തിന് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ പലവിധത്തിലുള്ള സൗകര്യങ്ങളും പാചകത്തിനായി അടുക്കളകളില്‍ ലഭ്യമാണ്.

ഗ്യാസടുപ്പ് മാത്രമല്ല, ഇലക്ട്രിക് അടുപ്പ്, മൈക്രോ വേവ് ഓവൻ എന്നിവയെല്ലാം ഇന്ന് ധാരാളം വീടുകളില്‍ ഉപയോഗിച്ചുവരുന്നതാണ്. ഇതില്‍ മൈക്രോ വേവ് ഓവൻ ഉപയോഗിക്കുമ്പോള്‍ പലര്‍ക്കും പല സംശയങ്ങളും ആശങ്കകളുമാണ്. പൊട്ടിത്തെറിക്കുമോ, അല്ലെങ്കില്‍ എന്തെങ്കിലും അപകടം സംഭവിക്കുമോ എന്നതാണ് ആശങ്ക. ശരിയാണ്, ഓവൻ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുകയും അറിഞ്ഞിരിക്കുകയും വേണം.

Latest Videos

undefined

ചില ഭക്ഷണസാധനങ്ങള്‍, ചില പാത്രങ്ങള്‍ എന്നിവ ഓവനില്‍ വയ്ക്കാതിരിക്കുകയെന്നതാണ് പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യം. ഇത്തരത്തില്‍ ഓവനില്‍ വച്ചുകൂടാത്ത ഭക്ഷണങ്ങള്‍- പാത്രങ്ങള്‍ എന്നിവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പ്ലാസ്റ്റിക്...

പ്ലാസ്റ്റിക് പാത്രങ്ങള്‍, കണ്ടെയ്നറുകള്‍ പോലുള്ള ഒന്നും ഓവനില്‍ വയ്ക്കാതിരിക്കുക. ഇത് അപകടമുണ്ടാക്കുന്നത് പുറത്തല്ല, മറിച്ച് - അകത്താണ്. എന്നുവച്ചാല്‍ ഇത് ആരോഗ്യത്തിനാണ് പ്രശ്നമുണ്ടാക്കുക. ഓവനില്‍ വയ്ക്കാം എന്ന ഉറപ്പ് നല്‍കുന്ന പ്ലാസ്റ്റിക് പാത്രങ്ങളുണ്ട്. അവ ഉപയോഗിക്കാം. അല്ലാത്തവ ഓവനില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളിയാണ്. കാരണം പ്ലാസ്റ്റിക് ചൂടാകുമ്പോള്‍ ചില കെമിക്കലുകള്‍ അതിലെ ഭക്ഷണത്തിലേക്ക് എത്തും. ഇവയാണ് നമുക്ക് പ്രശ്നമാകുന്നത്. ക്യാൻസറിന് വരെ ഇത്തരത്തിലുള്ള കെമിക്കലുകള്‍ കാരണമായി വരാം. 

മെറ്റല്‍...

മെറ്റല്‍- അഥവാ ലോഹ പാത്രങ്ങളും മറ്റും ഓവനില്‍ വയ്ക്കാതിരിക്കുക. കാരണം ലോഹങ്ങളില്‍ ഓവന് അകത്തുള്ള ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ പ്രതിഫലിപ്പിക്കാൻ കഴിയും. ഇത് തീപ്പൊരിയുണ്ടാകാനോ, തീപ്പിടുത്തമുണ്ടാകാനോ, പൊട്ടിത്തെറിയുണ്ടാകാനോ എല്ലാം കാരണമാകും. 

മുന്തിരി...

മുന്തിരിയോ, മുന്തിരിയിട്ട വിഭവങ്ങളോ ഓവനില്‍ ചൂടാക്കാൻ വയ്ക്കാതിരിക്കുക. കാരണം, മുന്തിരിയും ഇപ്പറയുന്നത് പോലെ ഓവന് അകത്ത് തീപ്പൊരിയുണ്ടാക്കാൻ കഴിവുള്ള സാധനമാണ്. ഇത് പലര്‍ക്കും അറിയില്ലെന്നത് സത്യമാണ്. ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളുമായി പ്രതികരിക്കുമ്പോള്‍ തിരിച്ച് ഇലക്ട്രിക് കറന്‍റ് വിടാനുള്ള കഴിവ് മുന്തിരിക്കുണ്ട്. ഇതാണ് അപകടം. 

മുട്ട...

മുട്ട തോടോട് കൂടി ഓവന് അകത്ത് വയ്ക്കാതിരിക്കുക. കാരണം മുട്ടയുടെ തോട് ചൂടാകാൻ തുടങ്ങുമ്പോള്‍ അതിന് അകത്ത് ചൂട് തിങ്ങിനില്‍ക്കുകയും ശക്തിയായി പൊട്ടിത്തെറിക്കുകയും ചെയ്യാം. ഇതല്‍പം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. പലര്‍ക്കും സംഭവിച്ചിട്ടുള്ള അബദ്ധം കൂടിയാണിത്. മുട്ട വേറെ രീതികളില്‍ ഓവന് അകത്ത് പാകം ചെയ്യുന്നതിന് പ്രയാസവുമില്ല. 

അലൂമിനിയം ഫോയില്‍...

നമ്മള്‍ ഭക്ഷണം സ്റ്റോര്‍ ചെയ്യാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അലൂമിനിയം ഫോയില്‍. ചിലര്‍ ഇതില്‍ ഭക്ഷണം സൂക്ഷിച്ച ശേഷം അതോടെ തന്നെ ഓവനില്‍ ചൂടാക്കാം എന്ന് കരുതും. ഒരു കാരണവശാലും ഇത് ചെയ്യരുത്.  കാരണം ഇതും ഓവന് അകത്ത് തീപ്പൊരിയുണ്ടാക്കാൻ കാരണമാകും. വലിയ അപകടത്തിന് വരെ കാരണമാകാം. നേരത്തേ സൂചിപ്പിച്ചത് പോലെ മെറ്റല്‍ അഥവാ ലോഹം ആണെന്നതാണ് ഇവിടെയും പ്രശ്നം. 

Also Read:- നിങ്ങളുടെ കുടുംബത്തിലാര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!