'ഒരു ബൈക്കില്‍ ഇത്രയും പേരോ?'; വീഡിയോ വൈറലായ പിന്നാലെ യുവാക്കള്‍ക്ക് 'പണി'

By Web Team  |  First Published Nov 29, 2022, 8:21 PM IST

അതുവഴി യാത്ര ചെയ്തിരുന്ന ഒരാള്‍ അസാധാരണമായ ഈ കാഴ്ച കണ്ട് അത്ഭുതത്തോടെയാണ് വീഡിയോ പകര്‍ത്തുന്നത്. ഇദ്ദേഹം വീഡിയോയില്‍ പറയുമ്പോഴാണ് സത്യത്തില്‍ ബൈക്കില്‍ എത്ര യാത്രക്കാരുണ്ടെന്നത് വ്യക്തമാകുന്നത് പോലും.


ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വ്യത്യസ്തമായ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും കാഴ്ചക്കാരുടെ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി ബോധപൂര്‍വം തയ്യാറാക്കുന്നത് തന്നെയാകാറുണ്ട്. മറ്റ് ചിലതാകട്ടെ, അപ്രതീക്ഷിതമായി കാണുന്ന സംഭവവികാസങ്ങള്‍ ആരെങ്കിലും പകര്‍ത്തുകയും പിന്നീട് അത് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നതുമായിരിക്കും. 

ഇപ്പോഴിതാ ഇത്തരത്തില്‍ റോഡില്‍ ആകസ്മികമായി കണ്ടൊരു കാഴ്ച ഒരാള്‍ തന്‍റെ മൊബൈലില്‍ പകര്‍ത്തുകയും അത് പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തതോടെ ഒരുകൂട്ടം യുവാക്കള്‍ക്ക് വിചാരിക്കാത്ത 'പണി'യാണ് കിട്ടിയിരിക്കുന്നത്. 

Latest Videos

തിരക്കുള്ള റോഡിലൂടെ ഒരു ബൈക്കില്‍ തിങ്ങിനിറ‌ഞ്ഞ് യുവാക്കള്‍ പോകുന്നതാണ് വീഡിയോയിലുള്ളത്. ഒറ്റനോട്ടത്തില്‍ ബൈക്കില്‍ എത്ര പേരാണുള്ളതെന്ന് പോലും തിരിച്ചറിയാൻ സാധിക്കില്ല. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

അതുവഴി യാത്ര ചെയ്തിരുന്ന ഒരാള്‍ അസാധാരണമായ ഈ കാഴ്ച കണ്ട് അത്ഭുതത്തോടെയാണ് വീഡിയോ പകര്‍ത്തുന്നത്. ഇദ്ദേഹം വീഡിയോയില്‍ പറയുമ്പോഴാണ് സത്യത്തില്‍ ബൈക്കില്‍ എത്ര യാത്രക്കാരുണ്ടെന്നത് വ്യക്തമാകുന്നത് പോലും. അഞ്ച് പേരാണ് ഈ ഒരു ബൈക്കില്‍ ഒരേസമയം യാത്ര ചെയ്യുന്നത്. 

മൂന്ന് പേര്‍ ഇരുന്ന ശേഷം, രണ്ട് പേര്‍ ഇരിക്കുന്നവരുടെ തുടയിലിരുന്ന് എല്ലാവരും ഒന്നിച്ച് പിടിച്ചാണ് പോകുന്നത്. ഏറെ അപകടകരമായ യാത്ര തന്നെ ഇത്. ഇവര്‍ക്ക് മാത്രമല്ല, കൂടെ പോകുന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ക്കും ഇതിന്‍റെ റിസ്ക് വരാം.

എന്തായാലും വീഡിയോ വൈറലായതോടെ അഞ്ച് പേരെയും പൊലീസ് പിടിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് 6,500 രൂപ പിഴയായി വാങ്ങിക്കുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 

 

Five people on a bike were seen roaming on the road in , pic.twitter.com/aOjIHA2sZX

— IndiaObservers (@IndiaObservers)

 

നേരത്തേ ഉത്തര്‍ പ്രദേശില്‍ പിറന്നാള്‍ ആഘോഷത്തിനിടെ വാളുപയോഗിച്ച് കേക്ക് മുറിച്ച യുവാക്കളും തോക്കുപയോഗിച്ച് കേക്കുമുറിച്ച മറ്റൊരു യുവാക്കളുടെ സംഘവുമെല്ലാം ഇതിന്‍റെ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് പിടിയിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ലഭിക്കുന്നതിനായി ഇത്തരം വീഡിയോകള്‍ പങ്കുവയ്ക്കുമ്പോള്‍ നിയമപരമായി പ്രശ്നങ്ങള്‍ നേരിട്ടേക്കാമെന്ന പാഠമാണ് ഈ സംഭവങ്ങളെല്ലാം നല്‍കുന്നത്. 

Also Read:- വാഹനത്തിന് മുകളില്‍ അതിസാഹസം; പിറ്റേന്ന് തന്നെ സംഭവത്തിന് 'ട്വിസ്റ്റ്

tags
click me!