ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍ അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകളെയും അതുപോലെ തന്നെ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റാനും സഹായിക്കും.
മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ തുടങ്ങിയവ പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നങ്ങളെ തടയാം. ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍ അകാലത്തില്‍ ഉണ്ടാകുന്ന ചുളിവുകളെയും അതുപോലെ തന്നെ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയെ അകറ്റാനും സഹായിക്കും.
മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ എന്നിവയെ അകറ്റാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...
ഒന്ന്...
ചുളിവില്ലാത്ത, തിളക്കമുള്ള ചര്‍മ്മത്തിന് ഏറ്റവും മികച്ചതാണ് പപ്പായ ഫേസ് പാക്ക്. ചര്‍മ്മത്തിന് ഇലാസ്റ്റിസിറ്റി നല്‍കുന്ന കൊളാജന്‍ അളവ് വര്‍ധിപ്പിക്കാന്‍ പപ്പായ സഹായിക്കും. ഇതിനായി നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരു ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ട്- മൂന്ന് തവണ ഇത് പരീക്ഷിക്കാം.
രണ്ട്...
ചർമ്മത്തിന് യുവത്വം നൽകാൻ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയിൽ. മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലിലേയ്ക്ക് രണ്ട് ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത് മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റ് മസാജ് ചെയ്യുക. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുലവും ചുളിവുകളില്ലാത്തതുമാക്കി തീര്‍ക്കും.
മൂന്ന്...
മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാൻ കറ്റാർവാഴ ജെല്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇതിനായി ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.
നാല്...
മുഖത്തെ ചുളിവുകള്‍ അകറ്റാനും കറുത്ത പാടുകള്‍ അകറ്റാനും കോഫി കൊണ്ടുള്ള ഫേസ് പാക്ക് സഹായിക്കും. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
Also Read: കാലുകൾ ബ്രെഡ്, കൈകള്‍ പഴം; അത്ഭുതമാണ് മിമിയുടെ മേക്കപ്പ് വിസ്മയം