ഉത്തർപ്രദേശിൽ ബാലിയയിലെ ഒരു ആശുപത്രിയിൽ ദീർഘനേരം കറണ്ട് പോയതിനെ തുടർന്ന് മൊബൈൽ വെളിച്ചത്തിൽ രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാരുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നതാണ് സംഭവം.
ആശുപത്രികൾ അടിയന്തര സേവനമേഖലയിലാണ് ഉൾപ്പെടുക. അതിനാൽ തന്നെ വെള്ളം, വൈദ്യുതി പോലുള്ള അടിസ്ഥാന ഘടകങ്ങൾ ആശുപത്രികളിൽ എപ്പോഴും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ പലയിടങ്ങളിലും ദൌർഭാഗ്യവശാൽ ഇങ്ങനെയുള്ള അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച വരുമെന്നുള്ളതാണ് സത്യം.
അത്തരത്തിലൊരു സംഭവമാണിപ്പോൾ വാർത്താശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശിൽ ബാലിയയിലെ ഒരു ആശുപത്രിയിൽ ദീർഘനേരം കറണ്ട് പോയതിനെ തുടർന്ന് മൊബൈൽ വെളിച്ചത്തിൽ രോഗികളെ പരിശോധിക്കുന്ന ഡോക്ടർമാരുടെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നതാണ് സംഭവം.
കറണ്ട് പോയതോടെ ഡോക്ടർമാരുടെ പരിശോധന മുടങ്ങുമെന്ന അവസ്ഥയായി. എന്നാൽ മൊബൈൽ വെളിച്ചത്തിൽ രോഗികളെ നോക്കാൻ ഇവർ തയ്യാറാവുകയായിരുന്നു. കൂട്ടത്തിൽ സ്ട്രെച്ചറിൽ അനക്കമില്ലാതെ കിടക്കുന്ന ഒരു സ്ത്രീയെ കാണാം. ഇവർക്ക് ചുറ്റും ആളുകൾ കൂടി നിൽക്കുന്നുണ്ട്.
ഇതിലൂടെ അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യത്തിലുള്ള രോഗികളെ വരെ ഡോക്ടർമാർ മൊബൈൽ വെളിച്ചത്തിൽ പരിശോധിച്ചുവെന്ന് മനസിലാക്കാം. കാഷ്വാലിറ്റിയാണെന്ന് തോന്നിക്കുന്ന മുറികളിലെല്ലാം മൊബൈൽ ടോർച്ച് വെട്ടത്തിൽ ഡോക്ടർമാർ പരിശോധിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. കൂട്ടത്തിൽ ആരെങ്കിലും ടോർച്ച് പിടിച്ചുകൊടുത്താണ് ഡോക്ടർ പരിശോധന നടത്തുന്നത്.
ആശുപത്രിയിൽ ജനറേറ്ററുണ്ടായിരുന്നുവെങ്കിലും അത് പ്രവർത്തിപ്പിക്കാനും ജീവനക്കാർക്ക് സമയം വേണ്ടിവന്നതോടെയാണ് പരിശോധനയ്ക്ക് മൊബൈൽ ടോർച്ച് ഉപയോഗിക്കേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സാധാരണഗതിയിൽ ജനറേറ്റർ ബാറ്ററി ഊരിവയ്ക്കുകയാണത്രേ ഇവിടെ പതിവ്. അല്ലാത്തപക്ഷം അത് കളവ് പോകാമെന്നും ഇവർ പറയുന്നു. അതിനാലാണ് പെട്ടെന്ന് ജനറേറ്റർ പ്രവർപ്പിക്കാൻ സാധിക്കാതിരുന്നതത്രേ.
പലപ്പോഴും ഇവിടങ്ങളിൽ ആശുപത്രികളിൽ ഇങ്ങനെയുള്ള സാഹചര്യങ്ങളുണ്ടാകാറുണ്ടെന്നാണ് വീഡിയോ പ്രചരിച്ചതോടെ ഉയരുന്ന കമന്‍റുകൾ. ഈ സംഭവത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. ആശുപത്രികളിൽ ഇങ്ങനെയുള്ള സാഹചര്യങ്ങളുണ്ടാകരുതെന്നും ഇക്കാര്യം സർക്കാർ ആണ് ഉറപ്പുവരുത്തേണ്ടതെന്നും ഏവരും അഭിപ്രായപ്പെടുന്നു. എന്നാൽ വീഡിയോ വൈറലായ ശേഷവും സർക്കാർ പ്രതിനിധികളുടെ പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. ആശുപത്രിയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും ലഭ്യമായിട്ടില്ല.
വീഡിയോ കാണാം...