തൊണ്ടവേദനയും പനിയും ബാധിച്ച് തനിക്കിരികിലെത്തിയ കുട്ടിക്ക് എഴുതി നല്‍കിയ പ്രിസ്ക്രിപ്ഷനില്‍ മരുന്നിനൊപ്പം ഐസ്ക്രീം കഴിക്കാനും ഗെയിം കളിക്കാനുമെല്ലാം ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ നമ്മെ അലട്ടിയാല്‍ നാം വേഗം തന്നെ ആശ്രയം തേടുന്നത് ഡോക്ടര്‍മാരുടെ അരികിലാണ്. അവരോട് തങ്ങളുടെ പ്രശ്നങ്ങള്‍ വിശദമാക്കിയ ശേഷം അവര്‍ എന്താണ് പറയുന്നത് എന്ന് കേള്‍ക്കാനും ശേഷം അവര്‍ നിര്‍ദേശിക്കുന്ന മരുന്നുകളെടുക്കാനോ ചികിത്സയെടുക്കാനോ എല്ലാം തയ്യാറായാണ് നാം പോകുന്നത്.
എന്നാല്‍ നമുക്ക് തന്നെ പ്രശ്നമോ അബദ്ധമോ ആയി തോന്നുന്ന നിര്‍ദേശങ്ങളാണ് ചികിത്സയുടെ ഭാഗമായി ഡോക്ടര്‍ നല്‍കുന്നതെങ്കിലോ!
undefined
അത്തരത്തിലൊരു വിചിത്രമായ പ്രിസ്ക്രിപ്ഷൻ നല്‍കിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ടിരിക്കുകയാണൊരു ഡോക്ടര്‍. ബ്രസീലിലെ ഒസാസ്കോയിലാണ് സംഭവം. തൊണ്ടവേദനയും പനിയും ബാധിച്ച് തനിക്കിരികിലെത്തിയ കുട്ടിക്ക് എഴുതി നല്‍കിയ പ്രിസ്ക്രിപ്ഷനില്‍ മരുന്നിനൊപ്പം ഐസ്ക്രീം കഴിക്കാനും ഗെയിം കളിക്കാനുമെല്ലാം ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
സംഗതി, താൻ തമാശയ്ക്ക് കുട്ടിയെ സന്തോഷിപ്പിക്കാൻ ചെയ്തുവെന്നാണ് ഡോക്ടറുടെ മറുപടി. എന്നാല്‍ ഡോക്ടറുടെ അസാധാരണമായ പ്രിസ്ക്രിപ്ഷനെ കുറിച്ച് കുട്ടിയുടെ അമ്മയായ പ്രിസില്ല ഡ സില്‍വ പരസ്യപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്.
കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് ചോദിച്ചുമനസിലാക്കാനോ അത് പരിശോധിക്കാനോ ഡോക്ടര്‍ തയ്യാറായിരുന്നില്ലെന്നും മറിച്ച്, പ്രിസ്ക്രിപ്ഷനില്‍ ചോക്ലേറ്റ് ഐസ്ക്രീം കഴിച്ചാല്‍ മതിയെന്നും വീഡിയോ ഗെയിമുകള്‍ കളിച്ചാല്‍ മതിയെന്നും എഴുതിവിടുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.
തങ്ങള്‍ക്കുണ്ടായ വിചിത്രമായ അനുഭവം ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇത് വൈറലാവുകയും വാര്‍ത്തയാവുകയുമായിരുന്നു. ഇതോടെ ഡോക്ടറോട് ആശുപത്രി വിശദീകരണം തേടി. ശേഷം ഇദ്ദേഹത്തെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
Also Read:- സ്റ്റിയറിംഗില്‍ മുത്തമിട്ടു, കണ്ണീരോടെ പടിയിറങ്ങി; വിരമിച്ച ബസ് ഡ്രൈവറുടെ വീഡിയോ