Love Story : മുറി ക്ലീൻ ചെയ്യാനെത്തി, ഇപ്പോൾ ഡോക്ടറുടെ സ്വന്തം; ഇത് വ്യത്യസ്തമായൊരു പ്രണയകഥ

By Web Team  |  First Published Sep 9, 2022, 2:59 PM IST

ആശുപത്രിയിൽ തന്‍റെ മുറി ക്ലീൻ ചെയ്യാനെത്തിയപ്പോഴാണത്രേ കിശ്വർ ആദ്യമായി ഷെഹ്സാദിനെ കാണുന്നത്. മുറി വൃത്തിയാക്കൽ മാത്രമല്ല ഡോക്ടർമാർക്ക് ചായ എത്തിക്കുന്നതും ഇദ്ദേഹത്തിന്‍റെ ജോലിയായിരുന്നു. അങ്ങനെ പതിവായി ഇരുവരും കണ്ടുതുടങ്ങി. 


പ്രണയകഥകൾ കേൾക്കാനും അറിയാനുമെല്ലാം ഏവർക്കും താൽപര്യമാണ്. മനസിന് ഇത് നൽകുന്ന സന്തോഷം തന്നെയാണ് ഏവരെയും പ്രണയകഥകളിലേക്ക് ആകർഷിക്കുന്നത്. അത്തരത്തിൽ ഏറെ സന്തോഷം പകരുന്നൊരു പ്രണയകഥയാണിനി പങ്കുവയ്ക്കുന്നത്. 

പാക്കിസ്ഥാനിൽ നിന്നുമാണ് ഈ പ്രണയാനുഭവം. പ്രണയത്തിന് കണ്ണില്ലെന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ? സാധാരണനിലയിൽ നാം കാണുന്നതോ മനസിലാക്കുന്നതോ അറിയുന്നതോ ആയ രീതിയിലല്ലാതെ വ്യത്യസ്തമായൊരു സമീപനം വരുന്നു, അല്ലെങ്കിൽ അസാധാരണമായൊരു സമീപനമുണ്ടാകുന്നു എന്നത് തന്നെയാണ് പ്രണയത്തിന്‍റെ പ്രത്യേകത.

Latest Videos

ജാതി. മതം, നിറം, ലിംഗം, സാമ്പത്തികനില എന്നിങ്ങനെയുള്ള വേർതിരിവുകളേതും അലട്ടാതെ സ്വച്ഛന്ദം ഒഴുകുന്ന വൈകാരികാവസ്ഥ. അതുതന്നെയാണ് ഡോ. കിശ്വർ സാഹിബയുടെയും ക്ലീനിംഗ് തൊഴിലാളിയായ ഷെഹ്സാദിന്‍റെയും പ്രണയകഥയുടെയും അടിസ്ഥാനം. 

കിശ്വർ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ക്ലീനിംഗ് ജീവക്കാരനായിരുന്നു ഷെഹ്സാദ്. ആശുപത്രിയിൽ തന്‍റെ മുറി ക്ലീൻ ചെയ്യാനെത്തിയപ്പോഴാണത്രേ കിശ്വർ ആദ്യമായി ഷെഹ്സാദിനെ കാണുന്നത്. മുറി വൃത്തിയാക്കൽ മാത്രമല്ല ഡോക്ടർമാർക്ക് ചായ എത്തിക്കുന്നതും ഇദ്ദേഹത്തിന്‍റെ ജോലിയായിരുന്നു. അങ്ങനെ പതിവായി ഇരുവരും കണ്ടുതുടങ്ങി. 

ഒരു ദിവസം കിശ്വർ ഷെഹ്സാദിന്‍റെ മൊബൈൽ നമ്പർ ചോദിച്ചുവാങ്ങി. ഇതിന് ശേഷം ഇരുവരും ഫോണിലൂടെ ബന്ധപ്പെട്ട് തുടങ്ങി. ഒരു ദിവസം ഷെഹ്സാദിന്‍റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിന് പ്രതികരണമറിയിച്ച ശേഷം പതിയെ കിശ്വർ തന്‍റെ മനസ് തുറന്നു. ഇഷ്ടമാണെന്ന് അറിയിച്ചു. ആദ്യമായി ഇഷ്ടം തുറന്നുപറഞ്ഞപ്പോൾ, അതറിഞ്ഞപ്പോൾ വിശ്വസിക്കാനാകാതെ പനി പോലും പിടിച്ചുവെന്നാണ്  ഷെഹ്സാദ് പറയുന്നത്. 

ഷെഹ്സാദിന്‍റെ വ്യക്തിത്വമാണ് തന്നെ ആകർഷിച്ചതെന്നും അങ്ങനെയൊരാളെ നഷ്ടപ്പെടുത്താൻ മനസ് അനുവദിച്ചില്ലെന്നുമാണ് കിശ്വർ പറയുന്നത്. അങ്ങനെയാണ് ഇരുവരും ഏറെ ചിന്തിച്ച ശേഷം വിവാഹത്തിലേക്ക് എത്തിയിരിക്കുന്നത്. വിവാഹശേഷം പക്ഷേ, ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചിരിക്കുകയാണിവർ. മറ്റുള്ളവരുടെ പരിഹാസം തന്നെ ഇതിന് കാരണം. ഇനി സ്വന്തമായൊരു ക്ലിനിക് തുടങ്ങാനാണ് ഇവർ ആലോചിക്കുന്നത്. ഒരു യൂട്യൂബ് ചാനലിൽ വന്ന ഇരുവരുടെയും അഭിമുഖം വൈറലായതോടെയാണ് ഇവരുടെ പ്രണയകഥ ഏവരും അറിഞ്ഞത്. 

വീഡിയോ...

Also Read:- സെയ്ഫിന്‍റെ വിവാഹാലോചനയ്ക്ക് രണ്ട് തവണ 'നോ' പറഞ്ഞു; കാരണം വെളിപ്പെടുത്തി കരീന

click me!