ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളത്തോടെ ഒരാഴ്ച അവധി നല്‍കി ഡേറ്റിംഗ് ആപ്പ് കമ്പനി; കാരണം കൂടി അറിയൂ...

By Web Team  |  First Published Jun 23, 2021, 11:35 PM IST

ഇത് ആദ്യമായല്ല 'ബമ്പിള്‍' വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബില്യണെയര്‍ (മഹാകോടീശ്വരന്‍) ആയി കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു


ഡിജിറ്റല്‍ കാലത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുകയും ചുരുങ്ങിയ സമയത്തിനകം തന്നെ വലിയ വളര്‍ച്ച കൈവരിക്കുകയും ചെയ്ത മേഖലയാണ് ഡേറ്റിംഗ് ആപ്പുകളുടേത്. ഇന്ത്യയിലാണെങ്കില്‍ പലപ്പോഴും കാര്യമായ എതിര്‍പ്പുകളും വിവാദങ്ങളും പോലും ഡേറ്റിംഗ് ആപ്പുകളുമായി ചുറ്റിപ്പറ്റി ഉണ്ടായിട്ടുണ്ട്. 

'ഡേറ്റിംഗ്' എന്ന രീതിയോട് തന്നെയുള്ള വിമുഖതയാണ് ഇതിന് കാരണമായി വരുന്നത്. ഏതായാലും എതിര്‍പ്പുകളെയെല്ലാം മറികടന്നുകൊണ്ട് ഇന്ന് ഇന്ത്യയിലും ഡേറ്റിംഗ് ആപ്പുകള്‍ മുന്നേറുകയാണ്. മറ്റ് ഏത് മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പോലെ 'പ്രൊഫഷണല്‍' ആണ് ഡേറ്റിംഗ് ആപ്പ് കമ്പനികളുമെന്ന് നമുക്കിപ്പോള്‍ അറിയാം. 

Latest Videos

undefined

ഇപ്പോഴിതാ മാനവികതയുടെ മൂല്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു ഡേറ്റിംഗ് ആപ്പ് കമ്പനി മുന്നോട്ടുവച്ചിരിക്കുന്ന തൊഴിലാളി സൗഹാര്‍ദ്ദമായ തീരുമാനത്തിന് കയ്യടി നല്‍കുകയാണ് തൊഴില്‍ മേഖല ആകെ തന്നെയും. 'ബമ്പിള്‍' എന്ന ഡേറ്റിംഗ് ആപ്പാണ് തങ്ങളുടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളത്തോടെ ഒരാഴ്ചത്തെ അവധി അനുവദിച്ചുകൊണ്ട് കയ്യടി വാങ്ങുന്നത്. 

കൊവിഡ് കാലത്ത് കടുത്ത സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതിനാല്‍ തൊഴിലാളികള്‍ മാനസികമായും ശാരീരികമായും തളരുന്നതായി പല തൊഴില്‍ മേഖലയെയും അധികരിച്ചുകൊണ്ട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിശ്രമത്തിനായി മാത്രമാണ് ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി നല്‍കാന്‍ 'ബമ്പിള്‍' തീരുമാനിച്ചിരിക്കുന്നത്. 

ഓസ്റ്റിന്‍, ടെക്‌സാസ്, മോസ്‌കോ, ലണ്ടന്‍, ബാര്‍സിലോണ, സ്‌പെയിന്‍, സിഡ്‌നി, മുംബൈ എന്നിവിടങ്ങളിലുള്ള ബ്രാഞ്ചുകളിലെ 750ലധികം ജീവനക്കാര്‍ക്കാണ് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനി വക്താവാണ് ഇക്കാര്യം അറിയിച്ചത്. 

ഇത് ആദ്യമായല്ല 'ബമ്പിള്‍' വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ബില്യണെയര്‍ (മഹാകോടീശ്വരന്‍) ആയി കമ്പനിയുടെ സ്ഥാപകയും സിഇഒയുമായ വിറ്റ്‌നി വോള്‍ഫ് ഹെര്‍ഡ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അങ്ങനെ മുപ്പത്തിയൊന്ന് വയസ് മാത്രം പ്രായമുള്ള വിറ്റ്‌നിയുടെ നേട്ടത്തിലൂടെ തന്നെ 'ബമ്പിള്‍' ആഗോളതലത്തില്‍ ശ്രദ്ധ നേടി. ഇതിന് ശേഷം ഇപ്പോള്‍ പല കോര്‍പറേറ്റ് കമ്പനികളും കൊവിഡ് 19നോടനുബന്ധമായി ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കുന്നതുമായ ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കെയാണ് സധൈര്യം തീരുമാനം അറിയിച്ച് കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

Also Read:- കാമുകിയെ 'ഇംപ്രസ്' ചെയ്യാന്‍ റെസ്റ്റോറന്റ് ജീവനക്കാരിക്ക് വലിയ തുക 'ടിപ്'; പിന്നീട് നടന്നത്...

click me!