ഇന്‍റര്‍വ്യൂവിന് 'മാസ്ക്' അണിഞ്ഞ് ഇരുന്നാല്‍ മതി; വിചിത്രമായ നിയമവുമായി കമ്പനി

By Web Team  |  First Published Feb 11, 2023, 10:40 AM IST

ഒരു ചൈനീസ് കമ്പനി ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ ചെയ്യുന്നതിന് സ്വീകരിച്ചിരിക്കുന്ന പുതിയൊരു രീതിയാണ് അവിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അഭിമുഖത്തിന് എത്തുന്നവരും അഭിമുഖം ചെയ്യുന്നവരും മുഖം മുഴുവനായി മൂടുന്ന മാസ്ക് ധരിക്കണമെന്നതാണ് ഇവരുടെ തീരുമാനം.


തൊഴിലവസരങ്ങള്‍ അന്വേഷിച്ചുപോകുന്ന ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് അവര്‍ അതത് കമ്പനികള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് അഭിമുഖങ്ങള്‍ക്ക് എത്താറ്. ഓരോ കമ്പനിയും ഓരോ രീതിയിലാണ് ഇതിനായി മാനദണ്ഡങ്ങള്‍ തയ്യാറാക്കാറ്. എങ്കിലും ഇവയൊന്നും തന്നെ ആര്‍ക്കും അത്ര വിചിത്രമായി തോന്നുന്നവയായിരിക്കില്ല.

പ്രായം, ലിംഗവ്യത്യാസം,വിദ്യാഭ്യാസം എന്നിങ്ങനെയുള്ള പൊതുവെയുള്ള ഘടകങ്ങള്‍ക്ക് പുറമെ ചില കമ്പനികളെങ്കിലും വിവാഹം, ശരീരഭാരം, ഉയരം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. എന്നാലിവയൊന്നും അത്ര സാധാരണമല്ല.

Latest Videos

ഇപ്പോഴിതാ ഒരു ചൈനീസ് കമ്പനി ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ ചെയ്യുന്നതിന് സ്വീകരിച്ചിരിക്കുന്ന പുതിയൊരു രീതിയാണ് അവിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അഭിമുഖത്തിന് എത്തുന്നവരും അഭിമുഖം ചെയ്യുന്നവരും മുഖം മുഴുവനായി മൂടുന്ന മാസ്ക് ധരിക്കണമെന്നതാണ് ഇവരുടെ തീരുമാനം.

'ഷെങ്ഡു ആന്‍ട് ലോജിസ്റ്റിക്സ്' എന്ന കമ്പനിയാണ് വിചിത്രമായ ഈ നയം സ്വീകരിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളെ അവരുടെ മുഖമോ നിറമോ നോക്കാതെ തെരഞ്ഞെടുക്കാനും അവരുടെ കഴിവും പ്രാപ്തിയും അടിസ്ഥാനപ്പെടുത്തി മാത്രമേ മൂല്യനിര്‍ണയം നടക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനുമാണത്രേ ഇങ്ങനെയൊരു നടപടി. 

ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്ത ഒരു ഉദ്യോഗാര്‍ത്ഥി തന്നെയാണ് ഇതിന്‍റെയൊരു വീഡിയോ ക്ലിപ് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇത് പിന്നീട് വൈറലാവുകയും ഇതിന്മേല്‍ ധാരാളം ചര്‍ച്ചകള്‍ വരികയുമായിരുന്നു. 

ഭൂരിഭാഗം പേരും ഈ തീരുമാനം നല്ലതാണെന്ന രീതിയിലാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്. നിറത്തിന്‍റെയും സൗന്ദര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയും, കടുത്ത വംശീയത വച്ചുപുലര്‍ത്തുകയും ചെയ്യുന്നവരുടെ ലോകത്ത് ഇങ്ങനെയുള്ള ചുവടുവയ്പുകളുണ്ടാകുന്നത് നല്ലതാണെന്നാണ് ഇവരെല്ലാം അഭിപ്രായപ്പെടുന്നത്.

നേരത്തെ ഇതേ കമ്പനി തന്നെ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് തൂമ്പ വച്ച് പറമ്പ് കിളപ്പിച്ച് നോക്കുകയും ചെയ്തിരുന്നുവത്രേ. 'സൗത്ത് ചൈന മോണിംഗ് പോസ്റ്റ്' ആണ് രസകരമായ ഈ വിവരവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ കായികക്ഷമത പരീക്ഷിക്കുന്നതിനായിരുന്നുവത്രേ ഇവര്‍ ഇങ്ങനെ ചെയ്തത്. 

Also Read:- 'ജോലിയില്ല, അതുകൊണ്ട് വണ്‍സൈഡ് പ്രേമം വിജയിക്കില്ല';ഉപമുഖ്യമന്ത്രിക്ക് യുവതിയുടെ കത്ത്

tags
click me!