ചില വീഡിയോകള്‍ കണ്ടുകഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമോ അല്ലെങ്കില്‍ പിന്നീടൊരിക്കലും മറന്നുപോകാത്ത വിധം നമ്മുടെ മനസില്‍ പതിഞ്ഞുപോകാം. പ്രത്യേകിച്ച് നമ്മെ വൈകാരികമായി സ്പര്‍ശിക്കുന്ന രംഗങ്ങളാണ് ഇങ്ങനെ എന്നത്തേക്കുമായി ഉള്ളില്‍ ഉറച്ചുപോകാറ്.
സോഷ്യല്‍ മീഡിയയിലൂടെ നിത്യവും അനവധി വീഡിയോകള്‍ നമ്മുടെ വിരല്‍ത്തുമ്പിലൂടെയും കാഴ്ചയിലൂടെയും വന്നുപോകാറുണ്ട്. ഇവയില്‍ പലതും ഒരിക്കല്‍ കണ്ടാല്‍ പിന്നീട് ഓര്‍ത്തിരിക്കുന്നത് ആകണമെന്നില്ല. താല്‍ക്കാലികമായ ആസ്വാദനത്തിന് മാത്രം സഹായിക്കുന്ന ദൃശ്യങ്ങളായിരിക്കും അധികവും.
എന്നാല്‍ ചില വീഡിയോകള്‍ കണ്ടുകഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമോ അല്ലെങ്കില്‍ പിന്നീടൊരിക്കലും മറന്നുപോകാത്ത വിധം നമ്മുടെ മനസില്‍ പതിഞ്ഞുപോകാം. പ്രത്യേകിച്ച് നമ്മെ വൈകാരികമായി സ്പര്‍ശിക്കുന്ന രംഗങ്ങളാണ് ഇങ്ങനെ എന്നത്തേക്കുമായി ഉള്ളില്‍ ഉറച്ചുപോകാറ്.
അത്തരത്തിലൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു കോടതി മുറിയാണ് വീഡിയോയില്‍ കാണുന്നത്. ഇവിടെ ഒരു കുഞ്ഞിനെ ദത്തെടുക്കുന്ന നടപടിക്രമങ്ങളാണ് നടക്കുന്നത്. ദത്തെടുക്കുന്ന സ്ത്രീയും കുട്ടിയും അഭിഭാഷകരും ജഡ്ജുമെല്ലാം കോടതിമുറിയിലുണ്ട്.
നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് കുഞ്ഞിന് എന്താണ് പറയാനുള്ളതെന്ന് കോടതി ആരായുകയാണ്. അപ്പോള്‍ തന്‍റെ അമ്മയാകാൻ പോകുന്ന സ്ത്രീയെ കുറിച്ച് കുട്ടി പറഞ്ഞ വാക്കുകളാണ് ഏവരെയും സ്പര്‍ശിച്ചിരിക്കുന്നത്.
'എനിക്ക് ആകെ പറയാനുള്ളത് എന്താണെന്നാല്‍ എനിക്ക് എന്‍റെ അമ്മയെ ഒരുപാടിഷ്ടമാണ്. എനിക്ക് ഇതുവരെ കിട്ടിയതില്‍ വച്ചേറ്റവും നല്ല അമ്മ ഇതാണ്. അതുകൊണ്ട് തന്നെ ഞാനവരെ ഒരുപാട് ഇഷ്ടപ്പെടുന്നു...'- കാഴ്ചയില്‍ നാലോ അഞ്ചോ വയസ് മാത്രം തോന്നിക്കുന്ന ആണ്‍കുട്ടി പറഞ്ഞു.
ഇത് കേള്‍ക്കവേ വികാരധീനയാവുകയാണ് കുഞ്ഞിനെ ദത്തെടുക്കാൻ പോകുന്ന, കുഞ്ഞിന്‍റെ അമ്മ. ഇവര്‍ ദുഖവും സന്തോഷവും കലര്‍ന്ന ഭാവത്തോടെ കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നതും ഉടൻ തന്നെ അമ്മയെ ആശ്വസിപ്പിക്കും കുഞ്ഞ് കൈകള്‍ കൊണ്ട് അമ്മയെ ചുറ്റിവരിയുന്നതും വീഡിയോയില്‍ കാണാം. അടുത്തിരിക്കുന്നവരും ഇവരെ സമാധാനിപ്പിക്കുന്നുണ്ട്.
നമ്മളോട് കരുതലുള്ളവരോട് നമുക്കവരെ ഇഷ്ടമാണെന്ന് അറിയിക്കുന്നത് അത്രയും പ്രധാനമാണെന്നും താൻ ഭാഗ്യമുള്ള ഒരാളാണ് തന്നെ കണ്ടുമുട്ടിയതില്‍ സന്തോഷം തോന്നുന്നുവെന്നുമാണ് ജഡ്ജ് കുഞ്ഞിനോട് പ്രതികരിച്ചത്. കുഞ്ഞിനെ ഇത്രമാത്രം സ്നേഹിക്കുന്നതില്‍ ആ അമ്മയോട് സന്തോഷമറിയിക്കാനും ജഡ്ജ് മറന്നില്ല. പിന്നീട് കുഞ്ഞിന് അരികിലെത്തി സമ്മതപത്രം ഒപ്പിട്ട് വാങ്ങവെ കുസൃതിയോടെ കുഞ്ഞിനെ കളിപ്പിക്കാനും ജഡ്ജ് ശ്രമിക്കുന്നുണ്ട്. ഏറെ വൈകാരികമായ അനുഭവമാണ് ഈ നിമിഷങ്ങളിലെല്ലാം വീഡിയോ കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്.
അതുകൊണ്ട് തന്നെ നിരവധി പേരാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്. ഇത് എവിടെ നിന്ന് പകര്‍ത്തിയതാണെന്നത് വ്യക്തമല്ല. എങ്കില്‍പോലും ആയിരക്കണക്കിന് പേര്‍ വീഡിയോ കാണുകയും അഭിനന്ദിക്കുകയും ചെയ്തിരിക്കുന്നു.
Also Read:- ഹൃദയം ഒന്ന് വിങ്ങാം, കണ്ണുകൾ നിറയാം ; കാരണം ഇതങ്ങനെയൊരു കഥയാണ്...