ഭര്‍ത്താവ് ഇന്ത്യൻ, ഗര്‍ഭിണിയായ കനേഡിയൻ യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു

By Web Team  |  First Published Dec 8, 2022, 6:41 PM IST

ഇന്ത്യയില്‍ പേരക്കുട്ടിയുണ്ടാകും മുമ്പ് മുത്തച്ഛനും മുത്തശ്ശിക്കും ഇത്തരത്തില്‍ വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നത് പതിവാണോ എന്നാണ് യുവതിക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയൊരു പതിവില്ലെന്നും ഗര്‍ഭിണികളുടെ ആഗ്രഹത്തിനും ജനിക്കുന്ന കുഞ്ഞിനുമാണ് പ്രാധാന്യമെന്നും കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ അതിന് സമ്മാനങ്ങള്‍ നല്‍കുകയെന്നതാണ് ഇവിടത്തെ രീതിയെന്നും നിരവധി പേര്‍ യുവതിയെ ധരിപ്പിച്ചു.


രണ്ട് സംസ്കാരങ്ങളില്‍ നിന്നും രണ്ട് പശ്ചാത്തലങ്ങളില്‍ നിന്നുമുള്ള വ്യക്തികള്‍ ഒരുമിച്ച് ജീവിച്ചുതുടങ്ങുമ്പോള്‍ സ്വാഭാവികമായും ഈ വ്യത്യസ്തതകള്‍ പല രീതിയില്‍ ഇവരുടെ നിത്യജീവിതത്തില്‍ തന്നെ ഉയര്‍ന്നുവരും. ചിലര്‍ക്ക് ഇതെല്ലാം പുതിയ അറിവുകള്‍ സമ്പാദിക്കലും പുതിയ ആഘോഷങ്ങളുടെ വരവേല്‍പുമാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ഇത് അപ്രതീക്ഷിതമായ തിരിച്ചടികളോ തലവേദനകളോ ആകാം.

പ്രത്യേകിച്ച് രണ്ട് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒരുമിച്ച് ജീവിതം പങ്കിടാൻ ശ്രമിക്കുമ്പോള്‍ അത് തീര്‍ച്ചയായും വലിയ രീതിയിലുള്ള അഭിപ്രായഭിന്നതകളിലേക്ക് സാധ്യത ഒരുക്കാം. പങ്കാളികള്‍ തമ്മിലുണ്ടാകുന്ന ഭിന്നതകള്‍ തന്നെ ആകണമെന്നില്ല ഇവര്‍ക്ക് പ്രശ്നമായി വരാൻ. കുടുംബാംഗങ്ങളുടെ ഇടപെടല്‍ കൂടി വരുമ്പോഴായിരിക്കും പലപ്പോഴും ഇത് കൈകാര്യം ചെയ്യാൻ കഴിയാത്ത വിധം ഭാരിച്ചതാകുന്നത്.

Latest Videos

സമാനമായൊരു അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഗര്‍ഭിണിയായ ഒരു കനേഡിയൻ യുവതി. ഇവരുടെ ഭര്‍ത്താവ് ഇന്ത്യനാണ്. തങ്ങളുടെ ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് ഇരുവരും. കാനഡയിലാണ് ഇരുവരും നിലവില്‍ താമസിക്കുന്നത്. 

കുഞ്ഞ് വരാൻ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യയില്‍ നിന്ന് ഭര്‍ത്താവിന്‍റെ അച്ഛനും അമ്മയും ഇവര്‍ക്ക് രണ്ട് ഐ ഫോണ്‍ വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണത്രേ. കാനഡയില്‍ ജീവിക്കുന്നു എന്നതുകൊണ്ട് തങ്ങള്‍ സമ്പന്നരാണെന്ന് അവര്‍ ചിന്തിച്ചുകാണുമെന്നും എന്നാല്‍ തങ്ങള്‍ സാധാരണക്കാര്‍ മാത്രമാണെന്നും, പ്രസവം അടുത്തിരിക്കുന്ന സമയത്ത് ഒരുപാട് സാമ്പത്തികമായ പ്രശ്നങ്ങള്‍ തങ്ങള്‍ നേരിടുന്നുവെന്നും യുവതി റെഡ്ഡിറ്റിലൂടെ പങ്കുവയ്ക്കുന്നു.

ഇന്ത്യയില്‍ പേരക്കുട്ടിയുണ്ടാകും മുമ്പ് മുത്തച്ഛനും മുത്തശ്ശിക്കും ഇത്തരത്തില്‍ വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നത് പതിവാണോ എന്നാണ് യുവതിക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയൊരു പതിവില്ലെന്നും ഗര്‍ഭിണികളുടെ ആഗ്രഹത്തിനും ജനിക്കുന്ന കുഞ്ഞിനുമാണ് പ്രാധാന്യമെന്നും കുഞ്ഞ് ജനിച്ചുകഴിഞ്ഞാല്‍ അതിന് സമ്മാനങ്ങള്‍ നല്‍കുകയെന്നതാണ് ഇവിടത്തെ രീതിയെന്നും നിരവധി പേര്‍ യുവതിയെ ധരിപ്പിച്ചു.

ഇതോടെ തന്നോട് സംസാരിച്ചവരോടെല്ലാം യുവതി നന്ദി അറിയിക്കുകയും ഐ ഫോണില്‍ കുറഞ്ഞ രണ്ട് ഫോണ്‍ എങ്ങനെയെങ്കിലും അച്ഛനും അമ്മയ്ക്കും വാങ്ങി നല്‍കി അവരെ തൃപ്തിപ്പെടുത്താനാണ് തങ്ങളുടെ നിലവിലെ തീരുമാനമെന്നും കര്‍തവ്യബോധമുള്ള മകനെന്ന നിലയില്‍ അച്ഛനെയും അമ്മയെയും തൃപ്തിപ്പെടുത്തേണ്ടത് ഭര്‍ത്താവിന്‍റെ ആവശ്യമാണെന്നും ഇവര്‍ അറിയിച്ചു. 

മിക്ക വീടുകളിലും ഇത്തരത്തില്‍ വരവറിയാതെ ചെലവ് നിശ്ചയിക്കുന്ന അവസ്ഥ വലിയ രീതിയില്‍ ബന്ധങ്ങളെ ബാധിച്ചുകാണാറുണ്ട്. ഓരോ കുടുംബത്തിലും ഒരു മാസം, അല്ലെങ്കില്‍ ഒരു ദിവസം എന്ത് വരുമാനം വരുന്നുവെന്ന് മനസിലാക്കി അതിന് അനുസരിച്ചുള്ള ചെലവുകള്‍ മാത്രം നോക്കിയില്ലെങ്കില്‍ അത് സാമ്പത്തികനിലയെ മാത്രമല്ല തകിടം മറിക്കുക, പകരം ബന്ധങ്ങളെയും മാനസികമായ സന്തോഷത്തെയും, വീട്ടിലെ സമാധാനപരമായ സന്തോഷത്തെയുമെല്ലാം ബാധിക്കാമെന്ന് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. 

Also Read:- അപ്രതീക്ഷിതമായ പിരിച്ചുവിടല്‍; ജോലി നഷ്ടപ്പെട്ടയാളുടെ കുറിപ്പ്...

tags
click me!