ഫിറോസിന്റെ മകന്റെ പിറന്നാള്‍ ദിവസമായിരുന്നു. അവന് വേണ്ടി പിറന്നാള്‍ കേക്ക് വാങ്ങി, സന്ധ്യയോടെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു ഇരുവരും. മണ്‍പാതയിലൂടെയായിരുന്നു യാത്ര. കരിമ്പ കൃഷി നടക്കുന്ന വിജനമായ സ്ഥലങ്ങളാണ് ഏറെ ദൂരമുണ്ടായിരുന്നത്. ഇതിനിടയില്‍ നിന്നാണ് പുലി അപ്രതീക്ഷിതമായി ബൈക്കിന് നേരെ പാഞ്ഞുവന്നതെന്ന് ഫിറോസ് പറയുന്നു
കാടിനോട് ചേര്‍ന്നുള്ള ജനവാസപ്രദേശങ്ങളില്‍ പുലിയുടെ ആക്രമണം സാധാരണമാണ്. ഗ്രാമങ്ങളില്‍ മാത്രമല്ല, ചിലപ്പോഴെങ്കിലും ചെറുപട്ടണങ്ങളിലും പുലിയുടെ ആക്രമണം നടക്കാറുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുലികളുടെ എണ്ണം വര്‍ധിച്ചതായി പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയിരുന്നു.
2014 മുതല്‍ 2018 വരെയുള്ള സമയത്തില്‍ മാത്രം ഏതാണ്ട് 60 ശതമാനത്തോളം വര്‍ധനവാണ് പുലികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതിനനുസരിച്ച് പലയിടങ്ങളിലും പുലിയുടെ ആക്രമണം ശക്തമാവുകയും ചെയ്തിട്ടുണ്ട്.
മുതിര്‍ന്നവരെക്കാളേറെ കുട്ടികളും അതുപോലെ വളര്‍ത്തുമൃഗങ്ങളുമാണ് ഇത്തരത്തില്‍ പുലികളുടെ ആക്രമണത്തിന് ഇരയാകാറ്. കഴിഞ്ഞ മാസം പോലും കശ്മീരില്‍ ഇത്തരത്തില്‍ നാല് വയസുകാരി പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. അടുത്ത ദിവസം തന്നെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
മദ്ധ്യപ്രദേശിലാണ് പുലികളുടെ ആക്രമണം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. വിജനമായ കൃഷിസ്ഥലങ്ങളിലും കാട്ടുപ്രദേശങ്ങളിലുമെല്ലാം സാധാരണക്കാര്‍ ഭീതിയോടെ കഴിയുന്ന സാഹചര്യം മദ്ധ്യപ്രദേശിലുണ്ട്. സമാനമായൊരു സംഭവമാണ് കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പുലിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് സഹോദരങ്ങള്‍ രക്ഷപ്പെട്ടതാണ് വാര്‍ത്ത. ബുര്‍ഹാന്‍പൂര്‍ സ്വദേശികളായ ഫിറോസ്, സാബിര്‍ മന്‍സൂരി എന്നീ സഹോദരങ്ങള്‍ ബൈക്കില്‍ യാത്ര ചെയ്യവേ ആയിരുന്നു അപ്രതീക്ഷതമായി പുലി ഇവരെ പിന്തുടര്‍ന്നത്.
ഫിറോസിന്റെ മകന്റെ പിറന്നാള്‍ ദിവസമായിരുന്നു. അവന് വേണ്ടി പിറന്നാള്‍ കേക്ക് വാങ്ങി, സന്ധ്യയോടെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു ഇരുവരും. മണ്‍പാതയിലൂടെയായിരുന്നു യാത്ര. കരിമ്പ കൃഷി നടക്കുന്ന വിജനമായ സ്ഥലങ്ങളാണ് ഏറെ ദൂരമുണ്ടായിരുന്നത്. ഇതിനിടയില്‍ നിന്നാണ് പുലി അപ്രതീക്ഷിതമായി ബൈക്കിന് നേരെ പാഞ്ഞുവന്നതെന്ന് ഫിറോസ് പറയുന്നു.
മണ്‍പാത ആയിരുന്നതിനാല്‍ തന്നെ ബൈക്ക് വേഗതിയില്‍ ഓടിക്കുന്നതിന് പരിമിതി ഉണ്ടായിരുന്നു. പാഞ്ഞുവന്ന പുലി 500 മീറ്ററോളം ഇവരെ പിന്തുടര്‍ന്നു. തുടര്‍ന്ന് കയ്യിലിരുന്ന കേക്കിന്റെ ബോക്‌സ് പുലിക്ക് നേരെ എറിഞ്ഞതോടെയാണ് അത് ഭയന്ന് മടങ്ങിയത്. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നുവെന്ന് ഇരുവരും പറയുന്നു.
'പെട്ടെന്ന് കയ്യില്‍ ഉണ്ടായിരുന്നത് കേക്കിന്റെ ബോക്‌സാണല്ലോ. ജീവന്‍ അപകടത്തിലാകുമ്പോള്‍ മറ്റൊന്നും നോക്കാനില്ലല്ലോ. അങ്ങനെയാണ് കേക്കിന്റെ ബോക്‌സ് വച്ച് തന്നെ അതിനെ എറിഞ്ഞത്. ഇതോടെ പുലി ഭയന്ന് തിരിഞ്ഞോടുകയായിരുന്നു...'- ഫിറോസ് പറയുന്നു.
ഏതായാലും തലനാരിഴയ്ക്ക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് സഹോദരങ്ങള്‍. ഇവരുടെ ആശങ്ക, നിലവില്‍ പല ഇന്ത്യന്‍ ഗ്രാമങ്ങളുടേതും കൂടിയാണ്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായിട്ടും ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നത് കേരളത്തിലുള്‍പ്പെടെ പലയിടങ്ങളിലും പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.