Bald Man : വിവാഹച്ചടങ്ങിനിടെ വരന്‍ കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞു; പിന്മാറി വധു

By Web Team  |  First Published May 23, 2022, 7:21 PM IST

വിവാഹച്ചടങ്ങുകള്‍ പകുതിയും കഴിഞ്ഞിരുന്നു. പ്രധാനപ്പെട്ട ഒരു ചടങ്ങ് രാവിലെ നേരത്തെ നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ചടങ്ങുകള്‍ നടക്കുന്ന മണ്ഡപത്തിന് സമീപത്തായി വരന്‍ തലകറങ്ങി വീഴുകയായിരുന്നു


ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാന ( Ayushmann Khurrana ) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ബാല'എന്ന സിനിമയെ കുറിച്ച് അറിയാമോ? ചെറുപ്പത്തിലേ കഷണ്ടി കയറിയ യുവാവ് ( Bald Man ) താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയില്‍ നിന്ന് ഇത് മറച്ചുവയ്ക്കുന്നതാണ് സിനിമയുടെ കഥ. ഈ സിനിമയുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയിലുള്ള ഒരു കൂട്ടം ഗ്രാമവാസികള്‍. 

വിവാഹച്ചടങ്ങിനിടെ വരന്‍ കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞ വധു വിവാഹത്തില്‍ നിന്ന് പിന്മാറിയ നാടകീയസംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ( ഇന്തോ-ഏഷ്യന്‍ ന്യൂസ് സര്‍വീസ്) ആണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Latest Videos

വിവാഹച്ചടങ്ങുകള്‍ പകുതിയും കഴിഞ്ഞിരുന്നു. പ്രധാനപ്പെട്ട ഒരു ചടങ്ങ് രാവിലെ നേരത്തെ നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ചടങ്ങുകള്‍ നടക്കുന്ന മണ്ഡപത്തിന് സമീപത്തായി വരന്‍ തലകറങ്ങി വീഴുകയായിരുന്നു. വീണയുടന്‍ തലയില്‍ ഉണ്ടായിരുന്ന വിഗ്ഗ് ഇളകിമാറി. 

ഇതോടെ വധുവും ഇവരുടെ വീട്ടുകാരുമെല്ലാം വരന്‍ കഷണ്ടിയാണെന്ന കാര്യം മനസിലാക്കി. വിവാഹത്തിന് മുമ്പ് ഇക്കാര്യം ഇവരെ അറിയിച്ചിരുന്നില്ല. അതുതന്നെയാണ് വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള കാരണമായി വധുവിന്‍റെ വീട്ടുകാര്‍ പറയുന്നതും. 

'ഇത് ഞങ്ങളോട് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ അവളെ തയ്യാറെടുപ്പിക്കുമായിരുന്നു. ഇതിപ്പോള്‍ അവള്‍ക്ക് വലിയ ആഘാതമായി. ഒരു വിവാഹബന്ധം നുണയോടെ തന്നെ തുടങ്ങാന്‍ ആരെങ്കിലും താല്‍പര്യപ്പെടുമോ'- വധുവിന്‍റെ അമ്മാവനെ ഉദ്ദരിച്ചുകൊണ്ട് റിപ്പോര്‍ട്ട് പറയുന്നു. 

വരന്‍ കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ വധു ആദ്യം വിവാഹത്തില്‍ നിന്ന് പിന്മാറി. ബന്ധുക്കള്‍ അടക്കം പലരും പറഞ്ഞുനോക്കിയിട്ടും ഇവര്‍ തീരുമാനത്തില്‍ നിന്ന് മാറിയില്ല. പിന്നീട് വീട്ടുകാരും വധുവിന് പിന്തുണയുമായി നിന്നു. പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരും സംഭവത്തില്‍ ഇടപെട്ടിരുന്നു. എന്നാല്‍ വധു തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. 

പിന്നീട് വിഷയം ചര്‍ച്ച ചെയ്യാനായി അടിയന്തര പഞ്ചായത്ത് യോഗം കൂടുകയും അവിടെ വച്ച് വിവാഹത്തിന് വേണ്ടി തങ്ങള്‍ ചെലവിട്ട അഞ്ചര ലക്ഷത്തിലധം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് വധുവിന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വരനും വീട്ടുകാരും ഈ പണം വധുവിന്‍റെ വീട്ടുകാര്‍ക്ക് നല്‍കി. ശേഷം വിവാഹം നടക്കാതെ വരനും വീട്ടുകാരും സ്വദേശമായ കാണ്‍പൂരിലേക്ക് മടങ്ങുകയും ചെയ്തു. 

മാസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ തന്നെ എതവാ എന്ന സ്ഥലത്ത് സമാനമായ സംഭവം നടന്നിരുന്നു. വിവാഹച്ചടങ്ങിനിടെ വരന്‍ ഇടയ്ക്കിടെ വിഗ്ഗ് ശരിയാക്കിവയ്ക്കുന്നത് വധുവിന്‍റെ ശ്രദ്ധയില്‍ പെടുകയും പിന്നീട് ഒരു ബന്ധു ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തതോടെ വധു വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. വരന്‍ കഷണ്ടിയാണെന്ന് അറിഞ്ഞ നിമിഷം ആദ്യം വധു ബോധരഹിതയാവുകയായിരുന്നു. പിന്നീട് തനിക്ക് ഈ വിവാഹം വേണ്ടെന്ന് അറിയിക്കുകയായിരുന്നു. ഈ സംഭവവും അന്ന് വാര്‍ത്തകളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Also Read:- പുലര്‍ച്ചെ 2 മണിക്ക് ഒരുക്കം, രാവിലെ വിവാഹം, ഉച്ചയ്ക്ക് പരീക്ഷ; അനുഭവം പങ്കിട്ട് യുവതി

click me!