ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോഡറിന്റെ ഏറ്റവും വലിയ അപകടം ആത്മഹത്യ എന്നുള്ളതാണ്. മറ്റുള്ളവരെല്ലാം എന്നെ സ്നേഹിക്കുമ്പോൾ മാത്രമാണ് എന്റെ ജീവിതത്തിന് അർത്ഥം ഉണ്ടാകുന്നത് എന്ന രീതിയിലുള്ള തെറ്റായ മനോഭാവം ഇവരുടെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിത്തീർക്കും.
ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോഡർ എന്താണെന്നും എന്തൊക്കെയാണ് അതിന്റെ ലക്ഷണങ്ങളെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് എഴുതിയ ലേഖനം.
എനിക്ക് ആരുമായും അഡ്ജസ്റ്റ് ചെയ്തു പോവാൻ പറ്റുന്നില്ല. എനിക്ക് എന്നെ തന്നെ ഇഷ്ടമല്ല. അച്ഛനും അമ്മയും കൂട്ടുകാരും ബന്ധുക്കളും ഒക്കെ തന്നെ ചെറുപ്പം മുതലേ എന്നെ കുറ്റപ്പെടുത്തുമായിരുന്നു. എൻറെ രൂപത്തെ പറ്റി, എന്റെ സ്വഭാവത്തെപ്പറ്റി ഒക്കെ അവർ കളിയാക്കി. അങ്ങനെ എനിക്ക് എന്നെ തന്നെ ഇഷ്ടമില്ലാതായി. ഞാൻ എന്ത് ചെയ്താലും അതു ശരിയാകുമെന്ന് എനിക്ക് തോന്നാറില്ല. ഒന്നിലും എനിക്ക് ഒരു തൃപ്തിയില്ല.
undefined
ഒരു റിലേഷൻഷിപ്പിൽ ആയാലെങ്കിലും എന്റെ സങ്കടങ്ങളൊക്കെ മാറും എന്നാണ് ഞാൻ കരുതിയത്. പക്ഷേ അതിലും ഞാൻ പരാജയപ്പെട്ടു. എനിക്ക് ഭയങ്കര ദേഷ്യമാണ് എന്നും ഞാനുമായി അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ലെന്നാണ് അവൻ എന്നോടു പറഞ്ഞത്. എന്റെ ബോയ്ഫ്രണ്ടിനോട് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു. അവൻ ആരോടെങ്കിലും സംസാരിച്ചാൽ എന്നോടുള്ള സ്നേഹം കുറഞ്ഞുപോകുമോ എന്നെനിക്ക് വല്ലാതെ ടെൻഷൻ തോന്നുമായിരുന്നു.
അവന്റെ സ്നേഹം എനിക്ക് നഷ്ടപ്പെടരുത് എന്ന് വിചാരിച്ചാണ്, ആ ടെൻഷൻ കൊണ്ടാണ് ഞാൻ അവനോട് അറിയാതെ ദേഷ്യപ്പെട്ടുപോയത്. പക്ഷേ അതിനെയെല്ലാം അവൻ തെറ്റായി മനസ്സിലാക്കി. ഞാൻ കാലുപിടിച്ചു പറഞ്ഞിട്ടുപോലും അവനെന്നെ കേൾക്കാൻ തയ്യാറായില്ല. പിന്നെയും ജീവിതത്തിൽ ഞാൻ ഒറ്റപ്പെട്ടു, എനിക്ക് മരിക്കണം എന്നാണ് തോന്നിയത്. എനിക്ക് സങ്കടം സഹിക്കാതെ വരുമ്പോൾ ഞാൻ ഒരു ബ്ലേഡ് എടുത്തു എൻറെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കും.
എങ്ങനെ പറയണം എനിക്കറിയില്ല അപ്പോഴെല്ലാം വല്ലാത്ത ഒരു അവസ്ഥയിലായിരിക്കും മനസ്സ്. പക്ഷേ അങ്ങനെ ശരീരത്തിൽ ചെറിയ മുറിവുകൾ വരുത്തിക്കഴിയുമ്പോൾ ഒരു വലിയ ആശ്വാസമാണ് എനിക്ക്. ഇപ്പൊൾ തുടങ്ങിയതല്ല സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു 13,14 വയസ്സ് മുതലേ എനിക്ക് ഈ രീതിയുണ്ട്. അമ്മയും അച്ഛനും കൂട്ടുകാരുമൊക്കെ എന്തെങ്കിലും പറയുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം വരും. അന്ന് ഇങ്ങനെ ചെയ്യുമ്പോൾ ആയിരുന്നു എൻറെ മനസ്സിൻറെ സങ്കടം മാറുന്നത്. പക്ഷേ അത് ആരും അറിയാതിരിക്കാൻ മറ്റാർക്കും കാണാത്ത ശരീര ഭാഗങ്ങളിൽ മുറിവുകൾ വരുത്തി തുടങ്ങി. ഒരിക്കൽ അമ്മ കണ്ടപ്പോൾ എന്താണ് ചെയ്തു വച്ചിരിക്കുന്നത് എന്ന് എന്നോട് ചോദിച്ചു ഞാൻ ഒന്നും മിണ്ടിയില്ല.
ജീവിതത്തിൽ എന്താണ് ലക്ഷ്യം എന്ന് ചോദിച്ചാൽ എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. എന്തിനാണ് ഇങ്ങനെ ജീവിക്കുന്നതെന്ന് മിക്കപ്പോഴും തോന്നും. ചെറുപ്പം മുതലേ എന്നെ ആരും സ്നേഹിച്ചിരുന്നില്ല. ചെറിയ പ്രായത്തിൽ പല അതിക്രമങ്ങൾക്കും ഞാൻ ഇരയായിട്ടുണ്ട്. ഞാൻ സ്നേഹിച്ചിരുന്ന പലരും എന്നെ മോശമായി ഉപയോഗിക്കുന്ന സാഹചര്യത്തിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. അതൊക്കെ ആരോടും തുറന്നു പറയാനുള്ള ധൈര്യം പോലും എനിക്ക് ഉണ്ടായിട്ടില്ല. എന്നെ ആരും മനസ്സിലാക്കാനോ എന്തുപറ്റി എന്ന് എന്നൊടു ചോദിക്കാനോ തയ്യാറായില്ല.
മേൽപ്പറഞ്ഞ വാക്കുകൾ ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോഡർ എന്ന വ്യക്തിത്വ പ്രശ്നമുള്ള ഒരു വ്യക്തിയുടേതാണ്. പൂർണ്ണമായും നോർമലോ എന്നാൽ പൂർണ്ണമായും അബ്നോർമ്മലോ അല്ലാതെ രണ്ടിനും ഇടയിൽ എപ്പോൾ വേണമെങ്കിലും മൂഡ് മാറാം എന്ന അവസ്ഥയാണ് ഇവർക്കുള്ളത്.
ചെറുപ്പകാലം മുതലേ നേരിടേണ്ടി വന്ന മാനസികാഘാതങ്ങൾ, മോശം ജീവിത സാഹചരണങ്ങൾ, മാതാപിതാക്കളുറെ സ്നേഹം കിട്ടാതെ വരിക, മാതാപിതാക്കൾ കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുന്നത്, പാരമ്പര്യം എന്നിവയാണ് ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോഡറിലേക്ക് ഒരു വ്യക്തിയെ നയിക്കുന്നത്. അധികവും പെൺകുട്ടികളിൽ കണ്ടുവരുന്ന ഈ അവസ്ഥ മന:ശാസ്ത്ര ചികിത്സ തേടാതെ പോകുന്നത് ആത്മഹത്യയിലേക്കും ജീവിതത്തിൽ ലക്ഷ്യമില്ലായ്മയിലേക്കും ഒക്കെ നയിക്കും.
സ്വയം വിലയില്ലായ്മയും മറ്റുള്ളവരുടെ അംഗീകാരം തനിക്ക് കിട്ടുന്നില്ല എന്ന ചിന്തയും ഈ വ്യക്തികളുടെ മാനസികാവസ്ഥ വലിയ ദുരിതത്തിൽ ആക്കും. കൗമാരത്തിൽ തുടങ്ങി മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാ ഘട്ടത്തിലും അസ്ഥിര മനസ്സുള്ളവരായി ഇവരെ കാണാൻ കഴിയും. ആത്മഹത്യ ചെയ്യണം എന്ന ചിന്ത കൗമാര കാലഘട്ടത്തിൽ ഏറ്റവും കൂടുതലായി ഇവരിൽ ഉണ്ടാവുകയും മുന്നോട്ടുള്ള വർഷങ്ങളിൽ കുറഞ്ഞു വരികയും ചെയ്യുമെങ്കിലും ഇവയുടെ ചിന്തകളും മാനസികാവസ്ഥയും എപ്പോഴും അസ്ഥിരമായിരിക്കും. അതു പ്രവചിക്കാൻ മറ്റൊരാൾക്കു ചിലപ്പോൾ കഴിഞ്ഞെന്നും വരില്ല.
ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോഡർ ലക്ഷണങ്ങൾ...
● മൂഡ്സ്വിങ്സ്- പെട്ടെന്ന് ദേഷ്യത്തിലേക്ക് പോവുകയും ആർക്കും പ്രവചിക്കാൻ പറ്റാത്ത രീതിയിലുള്ള പ്രതികരണം ഇവരിൽ നിന്നുണ്ടാവുകയും ചെയ്യുക
● കുടുംബവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായി അസ്ഥിരമായ ബന്ധം
● ഒരു റിലേഷൻഷിപ്പിൽ ഉറച്ചുനിൽക്കാൻ കഴിയാതെ വരിക, എടുത്തുചാടി റിലേഷൻഷിപ് ആരംഭിക്കുക- അതുകൊണ്ടുതന്നെ പ്രതിബദ്ധത പുലർത്താൻ കഴിയാതെ വരിക
● സ്വയം മുറിവേൽപ്പിക്കണം, ആത്മഹത്യ ചെയ്യണം എന്നുള്ള ചിന്ത
● ബ്ലാക്ക് ആൻഡ് വൈറ്റ് തിങ്കിംഗ്- ഒരാളെ ഇഷ്ടപ്പെട്ടാൽ അമിതമായി സ്നേഹിക്കുക എന്നാൽ എന്തെങ്കിലും ചെറിയ പ്രശ്നങ്ങൾ വന്നാൽ അമിതമായ വെറുപ്പിലേക്കും പോകുക, രണ്ടിനും ഇടയിലുള്ള നോർമൽ രീതി പാലിക്കാൻ കഴിയാതെ വരിക
● ആരെങ്കിലും അവരെ നിരാകരിക്കുന്നുണ്ടോ എന്നുള്ളതിൽ അവർ വളരെ സെൻസിറ്റീവായിരിക്കും- അവർക്കത് താങ്ങാനാവില്ല
ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോഡറിന്റെ ഏറ്റവും വലിയ അപകടം ആത്മഹത്യ എന്നുള്ളതാണ്. മറ്റുള്ളവരെല്ലാം എന്നെ സ്നേഹിക്കുമ്പോൾ മാത്രമാണ് എന്റെ ജീവിതത്തിന് അർത്ഥം ഉണ്ടാകുന്നത് എന്ന രീതിയിലുള്ള തെറ്റായ മനോഭാവം ഇവരുടെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിത്തീർക്കും.
സ്വയം വില കണ്ടെത്താനും, ദേഷ്യവും സങ്കടവും നിറഞ്ഞ മൂഡിലേക്ക് കൈവിട്ടു പോകാതെ ഇരിക്കാനും, സ്വയം നിയന്ത്രിക്കാനുള്ള പരിശീലനം ഇവർക്ക് നൽകണം. ഏറ്റവും പ്രധാനപ്പെട്ട മന:ശാസ്ത്ര ചികിത്സ Dialectical Behaviour Therapy എന്നതാണ്. സെൽഫ് സൂത്തിങ്, സെൽഫ് കമ്പാഷൻ പോലെയുള്ള മന:ശാസ്ത്ര പരിശീലനങ്ങളും ഏറെ ഗുണകരമാണ്.
ആരെങ്കിലും അവരെ നിരാകരിച്ചാൽ ആത്മഹത്യ ചെയ്യുകയല്ല പകരം സ്വയമായി നിലനിൽക്കാൻ വേറെയും മാർഗ്ഗങ്ങളുണ്ട് എന്നുള്ള തിരിച്ചറിവിലേക്ക് അവരെ കൊണ്ടുവരാൻ മന:ശാസ്ത്ര ചികിത്സയിലൂടെ കഴിയും. ഇതൊരു വ്യക്തിത്വ പ്രശ്നമാണ് എന്നുള്ളതിനാൽ ഏകദേശം 18 വയസ്സ് ആകുമ്പോഴേക്കും അവരുടെ സ്വഭാവ രീതികൾ ഈ വിധത്തിൽ ഉറച്ചിട്ടുണ്ടാവും. അതുകൊണ്ടുതന്നെ അത് സാവധാനം മാറ്റിയെടുക്കുക എന്നുള്ളത് സമയം ആവശ്യമായ ഒരു പ്രക്രിയയാണ്. ചില സമയങ്ങളിൽ ചില വ്യക്തികളിൽ മരുന്നിന്റെ സഹായവും ആവശ്യമായി വരാം.
“ഈ പ്രശ്നങ്ങളൊക്കെ നിനക്ക് മാത്രമല്ല”- ഇങ്ങനെ വളരെ നിസ്സാരമായി അവരോട് സംസാരിക്കുന്നത് അപകടം ചെയ്യും. സ്വയം വിലയില്ലായ്മ അതിന്റെ ആഴത്തിൽ അനുഭവിക്കുന്നവരാണ് എന്നുള്ളതുകൊണ്ട് തന്നെ കുറ്റപ്പെടുത്തലുകൾ അവർക്ക് ഒരു വിധത്തിലും താങ്ങാനാവില്ല. അവർക്ക് വില നൽകുന്ന രീതിയിൽ നമ്മുടെ സംസാരരീതിയെ നമ്മൾ മാറ്റണം. അവർക്കൊപ്പം ഉണ്ട് എന്നും അവർ വിലയുള്ള വ്യക്തികളാണ് എന്നുള്ള രീതിയിലും നമ്മൾ അവരെ പരിഗണിക്കണം. എങ്കിൽ മാത്രമേ അസ്ഥിരതമായ രീതികളിൽ നിന്നും യാഥാർത്ഥ്യബോധത്തോടെ ജീവിക്കുന്നവരായി മാറാൻ അവർക്ക് കഴിയൂ.
(ലേഖിക തിരുവല്ലയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റാണ്. ഫോണ്‍: 8281933323)
ആത്മവിശ്വാസം കുറഞ്ഞ് വരുന്നുണ്ടോ? കാരണങ്ങൾ ഇതാകാം