ഷോപ്പിംഗിനെത്തിയ 'വെള്ള താടിക്കാര'നെ കണ്ട് സാന്‍റ ക്ലോസാണെന്ന് കരുതിയ കുഞ്ഞ്; വീഡിയോ...

By Web Team  |  First Published Dec 25, 2022, 6:12 PM IST

ഈ സ്നേഹം തന്നെയാണ് യഥാര്‍ത്ഥത്തില്‍ സാന്‍റ ക്ലോസ് എന്ന സാന്നിധ്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആ കുഞ്ഞിന് എത്രമാത്രം സന്തോഷമായിക്കാണും ഇങ്ങനെയൊരു കൂടിക്കാഴ്ചയെന്നുമെല്ലാം വീഡിയോ കണ്ടവരെല്ലാം കുറിച്ചിരിക്കുന്നു. 


ക്രിസ്മസ് ആകുമ്പോള്‍ കുട്ടികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത് കേക്കും, കരോളും, പള്ളിയില്‍ പോക്കും, നല്ല ഭക്ഷണവുമൊന്നുമായിരിക്കില്ല. മറിച്ച്, വര്‍ഷത്തിലൊരിക്കല്‍ തങ്ങളെ കാണാൻ വരുന്ന സ്നേഹനിധിയായ സാന്‍റ ക്ലോസ് അപ്പൂപ്പനെ കാണുന്നതായിരിക്കും.

മിക്ക കുട്ടികളുടെയും ഇഷ്ട കഥാപാത്രം തന്നെയാണ് ക്രിസ്മസ് അപ്പൂപ്പൻ എന്ന് വിളിക്കുന്ന സാന്‍റ. പാട്ടും നൃത്തവുമൊക്കെയായി കൈ നിറയെ സമ്മാനങ്ങളുമായി എത്തുന്ന സാന്‍റ കുട്ടികളെ സംബന്ധിച്ച് അവര്‍ക്ക് പ്രതീക്ഷയും സന്തോഷവുമെല്ലാം നല്‍കുന്ന സാന്നിധ്യമാണ്. അതുകൊണ്ടാണ് അവര്‍ സാന്‍റയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

Latest Videos

ഇപ്പോഴിതാ ക്രിസ്മസ് അപ്പൂപ്പന്‍റെ രൂപവുമായി സാദൃശ്യമുള്ളൊരാളെ ഷോപ്പിംഗിനിടെ കണ്ടുമുട്ടുന്ന ചെറിയ കുഞ്ഞിന്‍റെ വീഡിയോ ആണ് ക്രിസ്മസ് ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത് സത്യത്തില്‍ പഴയൊരു വീഡിയോ ആണ്. എന്നാല്‍ ഈ ക്രിസ്മസിന് ഇത് ആരെല്ലാമോ പങ്കുവച്ചതോടെ വീണ്ടും വൈറലായിരിക്കുകയാണ്. 

ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ആണിത്. ഇവിടെ വച്ച് വെളുത്ത് നീണ്ട താടിയുള്ള, പ്രായം ചെന്ന ഒരാളെ കണ്ടതും അത് സാന്‍റാ ക്ലോസാണെന്ന് തെറ്റിദ്ധരിച്ചുപോയിരിക്കുകയാണ് ഒരു കുഞ്ഞ് പെണ്‍കുട്ടി. ചുവന്ന ഷര്‍ട്ട് ആയിരുന്നു ഇദ്ദേഹം ധരിച്ചിരുന്നത്. ഇത് കൂടിയായപ്പോഴാണ് കുഞ്ഞിന് ഇത് സാന്‍റ തന്നെയെന്ന് തോന്നിയത്. 

എന്തായാലും കുഞ്ഞ് തന്നെ തെറ്റിദ്ധരിച്ചുവെന്ന് അറിഞ്ഞിട്ടും, അത് തിരുത്താൻ പോകാതെ കുഞ്ഞിനോട് കുശലം ചോദിക്കുകയും അവളെ കൊഞ്ചിച്ച് സന്തോഷിപ്പിച്ച് ക്രിസ്മസ് ആശംസയും നല്‍കി മടക്കിവിടുകയാണ് ഈ മനുഷ്യൻ. 

കുഞ്ഞാണെങ്കില്‍ അവളുടെ ക്രിസ്മസ് ഒരുക്കങ്ങളെ പറ്റിയും മറ്റുമെല്ലാം ഇദ്ദേഹത്തോട് പങ്കുവയ്ക്കുന്നു. നഖം പോളിഷ് ഇട്ട് ഭംഗിയാക്കിയതെല്ലാം ഇദ്ദേഹത്തിന് കാണിച്ചുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനെയെല്ലാം പ്രാധാന്യത്തോടെ എടുത്ത് അവള്‍ക്ക് തൃപ്തിയാകുംവിധത്തിലുള്ള മറുപടികളാണ് ഇദ്ദേഹം നല്‍കുന്നത്. 

ഈ സ്നേഹം തന്നെയാണ് യഥാര്‍ത്ഥത്തില്‍ സാന്‍റ ക്ലോസ് എന്ന സാന്നിധ്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആ കുഞ്ഞിന് എത്രമാത്രം സന്തോഷമായിക്കാണും ഇങ്ങനെയൊരു കൂടിക്കാഴ്ചയെന്നുമെല്ലാം വീഡിയോ കണ്ടവരെല്ലാം കുറിച്ചിരിക്കുന്നു. 

റോജര്‍ ലാര്‍ക്ക് എന്നാണത്രേ ഇദ്ദേഹത്തിന്‍റെ പേര്. പലപ്പോഴും കുട്ടികള്‍ തന്നെ കാണുമ്പോള്‍ സാന്‍റ ക്ലോസായി വിചാരിക്കാറുണ്ടെന്നും അങ്ങനെയുള്ള സാഹചര്യത്തില്‍ അവരെ മുറിപ്പെടുത്താതെ പെരുമാറിക്കൊണ്ട് തനിക്ക് നല്ല ശീലമുണ്ടെന്നും ഇദ്ദേഹം പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 

വീഡിയോ...

 

Also Read:- 'മള്‍ഡ് വൈൻ' ഇല്ലാതെ എന്ത് ക്രിസ്മസ്; ഇത് തയ്യാറാക്കാനും എളുപ്പം

click me!