35 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം വിരമിക്കുന്ന മേജര്‍ ജനറല്‍ രഞ്ജന്‍ മഹാജനാണ് ഇത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അദ്ദേഹം തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
അമ്മമാരും മക്കളും തമ്മിലുള്ള സ്നേഹബന്ധം സൂചിപ്പിക്കുന്ന നിരവധി വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇപ്പോഴിതാ ഒരു ഇന്ത്യൻ ആർമി ഓഫിസർ വിരമിക്കുന്നതിന് മുമ്പ് തന്‍റെ അമ്മയ്ക്ക് നൽകുന്ന അവസാനത്തെ സല്യൂട്ടിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
35 വര്‍ഷത്തെ രാജ്യസേവനത്തിന് ശേഷം വിരമിക്കുന്ന മേജര്‍ ജനറല്‍ രഞ്ജന്‍ മഹാജനാണ് ഇത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അദ്ദേഹം തന്നെയാണ് വീഡിയോ തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കോളിങ് ബെൽ അടിച്ച് വീട്ടിലേയ്ക്ക് ആർമി ഓഫിസർ കയറി വരുന്നതിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. സോഫയിലിരിക്കുന്ന അമ്മയുടെ അടുത്തേയ്ക്ക് യൂണിഫോമിൽ മാർച്ച് ചെയ്ത് എത്തുന്ന മകൻ സല്യൂട്ട് ചെയ്യുന്നതും വീഡിയോയിൽ കാണാം. തുടർന്ന് അമ്മയും മകനും സ്നേഹത്തോടെ ആലിംഗനം ചെയ്യുന്നതും വീഡിയോയിൽ കാണാം.
'യൂണിഫോം അഴിച്ചു വയ്ക്കുന്നതിനു മുമ്പ് അമ്മയ്ക്ക് അവസാനത്തെ സല്യൂട്ട് നൽകുന്നു. അമ്മയ്ക്ക് സര്‍പ്രൈസായിട്ടാണ് അംബാലയില്‍ നിന്നും ദില്ലിയിലെത്തി ഇങ്ങനെ സല്യൂട്ട് നല്‍കിയത്. 35 വർഷം രാജ്യത്തെ സേവിക്കാൻ എനിക്ക് പ്രചോദനം നൽകിയത് അമ്മയായിരുന്നു. ഇനിയുമൊരിക്കല്‍ കൂടി ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിക്കാൻ ഞാന്‍ തയ്യാറാണ്'- എന്ന കുറിപ്പോടെയാണ് രഞ്ജൻ മഹാജൻ വീഡിയോ പങ്കുവച്ചത്.
വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ലഭിച്ചത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. മനോഹരമായ വീഡിയോ എന്നും നിങ്ങളുടെ സേവനത്തിനു നന്ദിയെന്നും ചിലര്‍ കമന്‍റ് ചെയ്തു. 'സേനയിലെ വലിയ സേവനത്തിന് അഭിനന്ദനങ്ങൾ. രണ്ടാമത് ഒരു അവസരം കൂടി താങ്കൾക്കു ലഭിക്കട്ടെ' എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്.
Also Read: തണുപ്പുകാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കാനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍...