ബക്രീദ്; 'മൃഗബലി നടത്തേണ്ടത് എല്ലാ മര്യാദകളോടും കൂടി...'

By Web Team  |  First Published Jun 28, 2023, 12:35 PM IST

അധികവും ആട്, പോത്ത് എന്നീ നാല്‍ക്കാലികളെയാണ് ബലി നല്‍കാറ്. ഇങ്ങനെ ബക്രീദ് വേളയില്‍ വിശ്വാസത്തിന്‍റെ ഭാഗമായി ബലി നല്‍കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്


നാളെ ബലി പെരുന്നാള്‍ (ബക്രീദ് ) ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ബലി പെരുന്നാളിന്‍റെ ഏറ്റവും വലിയൊരു പ്രത്യേകത ബലി തന്നെയാണ്. ത്യാഗത്തിന്‍റെ സ്മരണയായാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ഇതിന്‍റെ പ്രതീകമെന്ന നിലയിലാണ് മൃഗ ബലി നടത്തുന്നത്. 

അധികവും ആട്, പോത്ത് എന്നീ നാല്‍ക്കാലികളെയാണ് ബലി നല്‍കാറ്. ഇങ്ങനെ ബക്രീദ് വേളയില്‍ വിശ്വാസത്തിന്‍റെ ഭാഗമായി ബലി നല്‍കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. പ്രവാചകൻ നല്‍കിയ നിര്‍ദേശങ്ങള്‍ തന്നെ പലതുണ്ട്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ബലി നടത്തുന്നവരുണ്ട്. ഇത് ശരിയല്ലെന്നും പ്രവാചകനാല്‍ നല്‍കപ്പെട്ട നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചേ ബലി നടത്താവൂ എന്നും പ്രമുക എഴുത്തുകാരനും പണ്ഡിതനുമായ ഡോ. മുഹമ്മദ് റാസി ഇസ്ലാം നദ്‍വി പറയുന്നു. 

Latest Videos

undefined

ചിലര്‍ വിശ്വാസങ്ങളെ 'ഷോ ഓഫ്' ആക്കുന്നു. നമസ്കരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇടുന്നു. സകാത്തോ മറ്റ് സദഖയോ (ദാനം) നല്‍കുന്നത് പരസ്യമാക്കുന്നു. അല്ലെങ്കില്‍ ബലിക്കായി കൊണ്ടുവന്നിരിക്കുന്ന മൃഗത്തിന്‍റെ പല പോസിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നു- ഇതെല്ലാം വളരെ മോശമായ പ്രവണതയാണ്.

വളരെ മാന്യമായ രീതിയിലും എല്ലാ മര്യാദകളും പാലിച്ചുകൊണ്ടാകണം മൃഗ ബലി നടത്തേണ്ടത്. ബലി നല്‍കുന്ന മൃഗത്തെ ബലി നടത്തുന്നയിടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരരുത്, ബലിക്കായി ഉപയോഗിക്കുന്ന കത്തി നേരത്തെ മൂര്‍ച്ച കൂട്ടിവയ്ക്കണം, കത്തി ഒരിക്കലും ബലി മൃഗത്തിന് മുമ്പില്‍ വച്ച് മൂര്‍ച്ച കൂട്ടരുത്, ഒരു മൃഗത്തിന്‍റെ മുന്നില്‍ വച്ച് മറ്റൊരു മൃഗത്തിന്‍റെ ബലി നടത്തരുത്, ബലിക്ക് ശേഷം ശരീരം പൂര്‍ണമായും തണുത്തതിന് ശേഷം മാത്രമേ മൃഗത്തിന്‍റെ തൊലി നീക്കം ചെയ്യാവൂ. ഇതെല്ലാമാണ് ചില മര്യാദകള്‍.

പലരും ഇന്ന് വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഒന്നിച്ച് കശാപ്പ് നടത്തുന്ന കാഴ്ചയാണ് കാണാനാവുക. ഇതുപോലെ വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ ബലി നടത്താവുന്നതല്ല. അതുപോലെ സമയക്കുറവ് മൂലം ബലി കഴിഞ്ഞ് മൃഗത്തിന്‍റെ ശരീരം തണുക്കാൻ കാത്തുനില്‍ക്കാതെ തന്നെ തൊലി നീക്കം ചെയ്യുന്നു. ഇതിന് പുറമെ പ്രായമായ മൃഗങ്ങളെ വേണ്ട, പകരം ബലിക്കായി ഇളംപ്രായത്തിലുള്ള മൃഗങ്ങളെ വേണമെന്ന വാശിയും. ഇതൊന്നും അംഗീകരിക്കാവുന്നതല്ലെന്നും ഇക്കാര്യങ്ങളിലെല്ലാം കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടതാണെന്നും ഡോ. മുഹമ്മദ് റാസി ഇസ്ലാം നദ്‍വി പറയുന്നു. 

Also Read:- സൃഷ്ടാവിനോട് അടുക്കുവാനുള്ള അവസരം; ഹജ്ജിന്‍റെ പുണ്യത്തില്‍ വിശ്വാസികള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!