പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണ യുദ്ധം കത്തി നില്‍ക്കേ അച്ചു ഉമ്മന്‍റെ വസ്ത്രത്തിന്‍റെയും ചെരിപ്പിന്‍റെയും ബാഗിന്‍റെയും വില ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍ ശേഷം ഫാഷൻ ലോകത്തേക്കുള്ള തിരിച്ച് വരവ് പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ. പുതിയ ചിത്രം പോസ്റ്റ് ചെയ്ത് അച്ചു തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. തന്‍റെ പ്രൊഫഷനോടുള്ള സ്നേഹം വ്യക്തമാക്കുന്നതാണ് അച്ചു ഉമ്മന്‍റെ കുറിപ്പ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണ യുദ്ധം കത്തി നില്‍ക്കേ അച്ചു ഉമ്മന്‍റെ വസ്ത്രത്തിന്‍റെയും ചെരിപ്പിന്‍റെയും ബാഗിന്‍റെയും വില ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
ഗൂചി, ഷനേൽ, ഹെർമ്മിസ് ഡിയോർ, എല്‍വി തുടങ്ങി ലക്ഷങ്ങള്‍ വിലയുള്ള അൾട്രാ ലക്ഷ്വറി ബ്രാന്റുകളാണ് അച്ചു ഉമ്മന്‍ ഉപയോഗിക്കുന്നത് എന്നതായിരുന്നു ആരോപണം. ഇതിനെല്ലാമുള്ള പണം എവിടെ നിന്ന് എന്നും ഇടത് സൈബര്‍ അണികള്‍ ചോദിച്ചു. ആദ്യ ഘട്ടത്തില്‍ ട്രോളുകള്‍ ആയിരുന്നുവെങ്കില്‍ പിന്നീടത് സൈബര്‍ ആക്രമണമായി മാറി. അച്ചു ഉമ്മന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു അധിക്ഷേപം.
undefined
മുഖമില്ലാത്തവർക്കെതിരെ നിയമ നടപടിക്കില്ലെന്നും ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ അച്ചു ഉമ്മന്‍റെ നിലപാട്. ജീവിച്ചിരിക്കുമ്പോൾ അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നു. പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലെന്നും അച്ചു ഉമ്മന്‍ മറുപടി നല്‍കി. എന്നാല്‍ ഉയര്‍ന്ന പദവിയിലിരിക്കുന്ന ഇടത് സംഘടനാ അനുകൂലി ഉള്‍പ്പെടെ ആക്ഷേപിച്ചതോടെ അച്ചു ഉമ്മന്‍ പരാതി നല്‍കി.
ഐഎച്ച്ആർഡിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുന്ന, സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാര്‍ കൊളത്താപ്പളളിക്കെതിരെ പൊലീസിലും സൈബര്‍ സെല്ലിലും വനിതാ കമ്മീഷനിലുമാണ് പരാതി നല്‍കിയത്. കേസെടുത്തതിനു പിന്നാലെ നന്ദകുമാര്‍ മാപ്പ് പറഞ്ഞു. കണ്ടന്‍റ് ക്രിയേഷൻ ഒരു പ്രഫഷനായി താൻ തെരഞ്ഞെടുത്തത് 2021 ഡിസംബറിലാണെന്ന് അച്ചു ഉമ്മന്‍ വിശദീകരിച്ചു.
ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ താൻ സൃഷ്ടിച്ച കണ്ടന്‍റുകള്‍ മികച്ച അഭിപ്രായം നേടി. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് തന്‍റെ ജോലി. ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് തനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. തന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഉറച്ചുനിൽക്കുന്നുവെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.