പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം താൻ 5,600 പാമ്പുകളെ ആകെ പിടികൂടിയെന്നാണ് പവൻ പറയുന്നത്. പവനെ കുറിച്ച് വന്ന ചില പ്രാദേശിക റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ദേശീയ മാധ്യമങ്ങളിലും പവനെ കുറിച്ച് വാര്‍ത്തകള്‍ വന്നത്.
നമ്മളില്‍ കൗതുകവും അമ്പരപ്പുമെല്ലാം സൃഷ്ടിക്കുന്ന എത്രയോ സംഭവങ്ങളാണ് ദിവസവും വാര്‍ത്തകളിലൂടെ നാം അറിയുന്നത്, അല്ലേ? സോഷ്യല്‍ മീഡിയയും ഇന്ന് വാര്‍ത്തകളെത്തിക്കുന്ന കാര്യത്തില്‍ വലിയ പങ്കാണ് വഹിക്കുന്നത്. ഇക്കൂട്ടത്തില്‍ നമുക്ക് അവിശ്വസനീയമായതോ, അല്ലെങ്കില്‍ നമ്മെ ഞെട്ടിക്കുന്നതോ ആയ നിരവധി സംഭവങ്ങളും ഉള്‍പ്പെടാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ നമ്മളില്‍ ഒരേസമയം അത്ഭുതവും പേടിയും കൗതുകവുമെല്ലാം നിറയ്ക്കുന്നൊരു കഥയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കഥയെന്ന് പറയുമ്പോള്‍ കെട്ടുകഥയൊന്നുമല്ല കെട്ടോ- ശരിക്കും ജീവിതകഥ തന്നെ.
undefined
ഹരിയാനയിലെ ഫതേഹാബാദ് ജില്ലയിലെ ബട്ടു കലാൺ എന്ന ഗ്രാമം. ഇവിടത്തുകാരനായ പവൻ ജോഗ്പാല്‍ എന്ന ഇരുപത്തിയെട്ടുകാരന്‍റെ ജീവിതം പത്ത് വര്‍ഷം മുമ്പാണ് മാറിമറിയുന്നത്. തന്‍റെ ഗ്രാമത്തിലൊരു വീട്ടില്‍ പാമ്പ് കയറിയപ്പോല്‍ അയല്‍ക്കാരും നാട്ടുകാരും എല്ലാം ചേര്‍ന്ന് അതിനെ തല്ലിക്കൊല്ലാനുള്ള തയ്യാറെടുപ്പായി.
കൊല്ലേണ്ട, പിടികൂടി കാട്ടില്‍ വിടാമെന്ന് പവൻ പല തവണ പറഞ്ഞു. അവരാരും അത് ചെവിക്കൊണ്ടില്ല. ആ പാമ്പിനെ അവര്‍ തല്ലിക്കൊന്നും. അത് തന്‍റെ മനസിനെ വല്ലാതെ പിടിച്ചുലച്ചു എന്നാണ് പവൻ പറയുന്നത്. ഇതിന് ശേഷം പാമ്പുകളെ ജീവനോടെ എങ്ങനെ സുരക്ഷിതമായി പിടികൂടാമെന്ന ചിന്തയായി പവന്.
ഇതിന് വേണ്ടി ഒരുപാട് സമയം ഡിസ്‍കവറി ചാനലൊക്കെ കാണാൻ തുടങ്ങി. കുറച്ച് കാര്യങ്ങളൊക്കെ ഇത് സംബന്ധിച്ച് പലയിടത്ത് നിന്നുമായി പഠിച്ചു. അങ്ങനെ ആദ്യമെല്ലാം ചെറിയ പാമ്പുകളെ പിടികൂടിത്തുടങ്ങി. എല്ലാത്തിനെയും സുരക്ഷിതമായി കാട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു.
പിന്നെ പതിയെ തന്‍റെ ഗ്രാമത്തില്‍ പാമ്പുകളെ കണ്ടാലെല്ലം അവയെ പിടികൂടാൻ ആളുകള്‍ പവനെ അന്വേഷിച്ചുതുടങ്ങി. ആദ്യമെല്ലാം അതൊരു സഹായമോ, അല്ലെങ്കില്‍ ധൈര്യമുള്ള ഒരാളെങ്കിലും ചെയ്യേണ്ട കാര്യം ഏറ്റെടുത്ത് ചെയ്യുന്ന ധാര്‍മ്മികതയോ ആയിരുന്നുവെങ്കില്‍ പിന്നീടത് പവന്‍റെ ജോലിയായി തന്നെ മാറി.
ക്രമേണ പവന് അതിനോട് വല്ലാത്തൊരു താല്‍പര്യവും ആവേശവും വരികയും ചെയ്തു. തന്‍റെ ഗ്രാമത്തില്‍ മാത്രമല്ല, അടുത്ത ഗ്രാമങ്ങളിലും പോയിത്തുടങ്ങി. അധികവും വീടുകളിലും കെട്ടിടങ്ങളിലും പാമ്പുകളെ കാണുമ്പോഴാണ് പവന് വിളി വരിക. ഇവയെ ശ്രദ്ധാപൂര്‍വം പിടികൂടി കാട്ടിലേക്ക് പറഞ്ഞുവിടലാണ് പവന്‍റെ ജോലി.
ഇപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം താൻ 5,600 പാമ്പുകളെ ആകെ പിടികൂടിയെന്നാണ് പവൻ പറയുന്നത്. പവനെ കുറിച്ച് വന്ന ചില പ്രാദേശിക റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ദേശീയ മാധ്യമങ്ങളിലും പവനെ കുറിച്ച് വാര്‍ത്തകള്‍ വന്നത്.
ഇത്രയധികം പാമ്പുകളെ പിടികൂടിയെന്നത് നിസാരമായ കാര്യമല്ല. അതിലും ഗൗരവമുള്ള, അതിലും പേടിപ്പെടുത്തുന്ന മറ്റൊന്നുണ്ട്. ഇക്കാലയളവിനുള്ളില്‍ പത്ത് തവണയോളം പവന് പാമ്പുകടിയേല്‍ക്കുകയും ചെയ്തുവത്രേ. മൂര്‍ഖന്‍റെ വരി കടിയേറ്റിട്ടുണ്ട്. ബോധമില്ലാതെ ആശുപത്രിയില്‍ കിടന്നു. എന്നാല്‍ മരണത്തെ അതിജീവിച്ച് പിന്നെയും ജീവിതത്തിലേക്ക് തന്നെയെത്തി.
ഇപ്പോള്‍ പവന് സ്വന്തമായി ഒരു ടീം തന്നെയുണ്ട്. എവിടെയെങ്കിലും പാമ്പിനെ കണ്ടെത്തിയാല്‍ പവന് കോള്‍ വരും. അപ്പോള്‍ തന്നെ ടീമുമായി തിരിക്കും. പ്രളയസമയത്തൊക്കെ അമ്പതും നൂറും പാമ്പുകളെ ആണ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടികൂടിയിട്ടുള്ളതത്രേ. എന്തായാലും പവനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് എന്നുതന്നെ പറയാം. അതേസമയം ശാസ്ത്രീയമായിട്ടല്ല- പാമ്പുപിടുത്തമെങ്കില്‍ ഇദ്ദേഹത്തിന് പരിശീലനം നല്‍കണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.
Also Read:- സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തനായ വളര്‍ത്തുനായ ചീംസിന് വിട...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-