കുരങ്ങ് ആക്രമണത്തില്‍ പത്തുവയസുകാരന് ദാരുണാന്ത്യം; കുരങ്ങുകള്‍ മനുഷ്യന് ഭീഷണിയാകുമ്പോള്‍...

By Web Team  |  First Published Nov 15, 2023, 12:57 PM IST

കുരങ്ങുകള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നുവത്രേ. കുട്ടിയുടെ ദേഹമാകെ കുരങ്ങുകള്‍ മാന്തിപ്പൊളിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്ക് കുട്ടിയുടെ വയര്‍ പിളര്‍ന്ന് കുടലും മറ്റും വെളിയില്‍ വരുന്ന അവസ്ഥയിലായിരുന്നുവത്രേ


കുരങ്ങുകള്‍ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. പ്രത്യേകിച്ച് ഇന്ന് പലയിടങ്ങളിലും ഇത് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ കര്‍ണാടകം, തമിഴ്നാട്, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നിങ്ങനെ പല സംസ്ഥാനങ്ങളില്‍ നിന്നും മനുഷ്യര്‍ക്ക് നേരെയുണ്ടാകുന്ന കുരങ്ങ് ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഇടയ്ക്കിടെ വരാറുണ്ട്. 

കേരളത്തിലും പലയിടങ്ങളിലും കുരങ്ങുകളുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ അത് മനുഷ്യരില്‍ മരണം വരെയെത്തുന്ന അവസ്ഥകളിലേക്കെത്തുമ്പോഴാണ് സാഹചര്യങ്ങള്‍ ഏറെ മോശമാകുന്നത്. ഇങ്ങനെയൊരു പ്രവണത തുടര്‍ന്നാല്‍ എത്രമാത്രം ഭീഷണിയാണത് മനുഷ്യര്‍ക്കുണ്ടാക്കുന്നത്.

Latest Videos

undefined

ഇപ്പോഴിതാ ഇത്തരത്തില്‍ അതിദാരുണമായൊരു വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുരങ്ങുകളുടെ ആക്രമണത്തെ തുടര്‍ന്ന് പത്ത് വയസുകാരന് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നു എന്നതാണ് വാര്‍ത്ത. 

ഗുജറാത്തിലെ ഗാന്ധിനഗറിലെ സാല്‍കി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണത്രേ പത്തുവയസുകാരനായ ദീപക് താക്കൂറിനെതിരെ കുരങ്ങുകളുടെ ആക്രമണം ഉണ്ടായത്. 

കുരങ്ങുകള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നുവത്രേ. കുട്ടിയുടെ ദേഹമാകെ കുരങ്ങുകള്‍ മാന്തിപ്പൊളിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്ക് കുട്ടിയുടെ വയര്‍ പിളര്‍ന്ന് കുടലും മറ്റും വെളിയില്‍ വരുന്ന അവസ്ഥയിലായിരുന്നുവത്രേ. ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പേ തന്നെ മരണം സംഭവിച്ചിരുന്നു. 

ഇതേ ഗ്രാമത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുതിര്‍ന്നവര്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ കുരങ്ങുകളുടെ ആക്രമണം നടന്നുവത്രേ. 

കുരങ്ങുകള്‍ മനുഷ്യരെ ആക്രമിക്കുമോ?

കുരങ്ങുകള്‍ പൊതുവെ മനുഷ്യരെ ആക്രമിക്കുന്ന ജീവിവിഭാഗമല്ല. എന്നാല്‍ ഇന്ന് പലയിടങ്ങളിലും ഭക്ഷണങ്ങളുടെ ദൗര്‍ലഭ്യം കൊണ്ടും ആവാസവ്യവസ്ഥ ഭേദിക്കപ്പെട്ടത് കൊണ്ടും കുരങ്ങുകള്‍ മനുഷ്യവാസപ്രദേശങ്ങളില്‍ തമ്പടിക്കുകയും ഭക്ഷണത്തിനായി മനുഷ്യരെ ആക്രമിക്കുകയും ചെയ്യാറുണ്ട്.

ഭക്ഷണത്തിനല്ലാതെയും കുരങ്ങുകള്‍ മനുഷ്യരെ ആക്രമിക്കാം. അതിനാല്‍ തന്െ കുരങ്ങുകളോട് അടുത്തിടപഴകുന്നതും കുരങ്ങുകളുടെ ഇടയിലേക്ക് പോകുന്നതുമെല്ലാം അപകടം തന്നെയാണ്. പ്രത്യേകിച്ച് അവ കൂട്ടമായാകുമപ്പോഴാണ് ഏറെയും അപകടം. 

ഒറ്റയ്ക്കാണെങ്കില്‍ കുരങ്ങുകള്‍ക്ക് പൊതുവില്‍ മനുഷ്യരോട് ഭയമാണ്. എന്നാല്‍ കൂട്ടം കൂടുമ്പോള്‍ അവയ്ക്ക് ധൈര്യമേറുന്നു. കുട്ടികളാണ് കൂടുതലും കുരങ്ങുകളുടെ ആക്രമണത്തിന് ഇരയാകുന്നത്.

കുരങ്ങുകള്‍ അക്രമമനോഭാവത്തോടെ അടുത്തുവന്നാല്‍ പ്രത്യാക്രമണത്തിന് നില്‍ക്കാതിരിക്കലാണ് ഉചിതം. പല്ല് കാണിക്കുകയോ ചിരിക്കുകയോ എല്ലാം ചെയ്യുന്നത് ഇവരെ കൂടുതല്‍ പ്രകോപിപ്പിക്കും. കയ്യില്‍ ഭക്ഷണസാധനങ്ങളൊന്നുമില്ലെന്ന് കാണിക്കാൻ രണ്ട് കയ്യും ഒഴി‌ഞ്ഞിരിക്കുന്നുവെന്ന് കാണിക്കാം. അതുപോലെ കുരങ്ങ് ശല്യമുള്ളയിടങ്ങളില്‍ പുരപ്പുറത്തോ, വീടിന് പുറത്തോ എല്ലാം പാമ്പുകളുടെ രൂപം വയ്ക്കുന്നത് ഇവയെ തടയും. കാരണം പാമ്പുകളെ ഇവയ്ക്ക് പേടിയാണ്. അതുപോലെ പടക്കവും ഉച്ചത്തിലുള്ള കൊട്ടും എല്ലാം ഇവയെ ഓടിക്കാൻ സഹായിക്കും. 

കുരങ്ങ് ആക്രമിച്ചാല്‍...

കുരങ്ങുകളെ തൊടുന്നതും മറ്റും അത്ര നല്ലതല്ല. ഇനി അവയുടെ നഖമോ പല്ലോ തട്ടിയാല്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധവുമാണ്. പല രോഗങ്ങളും കുരങ്ങ് വഴി നമ്മളിലെത്താം. ടെറ്റനസ്, ബാക്ടീരിയല്‍ ഇൻഫെക്ഷൻ, റാബീസ്, ഹെര്‍പ്സ് ബ വൈറസ് എന്നിങ്ങനെയുള്ള രോഗകാരികള്‍ക്കെല്ലാമുള്ള പരിശോധന നിര്‍ബന്ധം. 

എന്തായാലും മനുഷ്യവാസപ്രദേശങ്ങളില്‍ കുരങ്ങുകള്‍ കൂടിവരുന്നത് മനുഷ്യന് ഭീഷണി തന്നെയാണ് ഇത്തരത്തിലുള്ള പ്രവണതകള്‍ കണ്ടാല്‍ ഉടനെ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിച്ച് പരിഹാരം തേടേണ്ടതാണ്.

ചിത്രം: പ്രതീകാത്മകം

Also Read:- 'അയ്യേ ച്യൂയിങ് ഗം ഉണ്ടാക്കുന്നത് ഇങ്ങനെയാണോ?'; വീഡിയോ കണ്ട് അമ്പരന്ന് ആളുകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!