ലോക വനിതാ ദിനത്തില്‍ ആത്മധൈര്യം കൊണ്ട് അര്‍ബുധ രോഗത്തെ അതിജീവിച്ച മൂവ്വാറ്റുപുഴ ആരക്കുഴ സ്വദേശിനിയെ പരിചയപ്പെടാം. കീമോ തെറാപ്പി, റേഷിയേഷന്‍ ചികിത്സകള്‍ക്കിടയിലും കടുത്ത വേദന മറ്റുളളവരെ അറിയിക്കാതെ സ്വന്തം തൊഴില്‍ മുടങ്ങാതെ ചെയ്തുമായിരുന്നു ബിന്ദു റോണിയെന്ന ബ്യൂട്ടീഷന്‍ കൂടിയായ ധീരവനിതയുടെ അതിജീവനം.
ആരക്കുഴ തോട്ടുങ്കരപീഡിക അച്ചൂസ് ബ്രൈഡല്‍ വില്ലയില്‍ ബിന്ദു കഴിഞ്ഞ ഓഗസ്റ്റിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന് അറിയുന്നത്. പക്ഷെ പരിശോധനയും ശസ്ത്രക്രിയയും കീമോ തെറാപ്പിയും റേഡിയേഷനുമൊക്കെയായി ഏഴുമാസം നീണ്ട ചികിത്സ തുടര്‍ന്നപ്പോഴും ബിന്ദു വിവരങ്ങള്‍ ആരെയുമറിയിക്കാതെ സ്വന്തം തൊഴില്‍ ചെയ്തുകൊണ്ടേയിരുന്നു. കടുത്ത വേദന അനുഭവിച്ചിരുന്നപ്പോഴും ചിരിച്ചുകൊണ്ടായിരുന്നു ബിന്ദു അവയെ നേരിട്ടത്.
ആറു കീമോ തെറാപ്പികള്‍ക്കു വിധേയയായി മുടിയും നഖവും വരെ പോയപ്പോഴും തളരാതിരുന്ന ബിന്ദുവിന്റെ മനസ്സാന്നിദ്ധ്യം അര്‍ബുദ രോഗത്തെയും തോല്‍പിക്കുകയായിരുന്നു. 115 പേരെയാണ് ബിന്ദു ഇക്കാലയളവില്‍ വധുവായി ഒരുക്കിയത്. ദിവസേനയെത്തുന്ന പത്തോളം പേരെയും സുന്ദരികളാക്കി. രോഗത്തിലെന്നല്ല ഒരു പ്രതിസന്ധിയിലും സ്ത്രീകള്‍ തളരാന്‍ പാടില്ലെന്നാണ് ഇപ്പോള്‍ സ്തനാര്‍ബുദത്തിനെതിരേ ബോധവല്‍ക്കരണവും നടത്തുന്ന ബിന്ദുവിന്റെ ഉപദേശം.