സ്‌ത്രീശക്തി
വിവാഹത്തിനായി എത്തി നൂറു കണക്കിന് അതിഥികളെയും ബന്ധുക്കളെയും വീട്ടുകാരെയും ഞെട്ടിച്ചുകൊണ്ടാണ് പെട്ടെന്ന് വധു അവിടെനിന്ന് ഇറങ്ങിപ്പോയത്. ഈ വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു വധുവിന്റെ പിന്മാറ്റം. പഞ്ചാബിലെ ഗുര്‍ദാസ്‌പുരിലാണ് സംഭവം. ഗ്രാമത്തിലെ സിഖ് ക്ഷേത്രത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. ചടങ്ങിനെത്തിയ വരന്‍ ജസ്‌പ്രിത് സിങ് മയക്കുമരുന്ന് ഉപയോഗിച്ചെന്ന് ബോധ്യമായതിനെത്തുടര്‍ന്നാണ് മുഹൂര്‍ത്തസമയത്ത് വിവാഹം വേണ്ടെന്ന് വെച്ച് സുനിത സിങ് എന്ന പെണ്‍കുട്ടി പിന്‍മാറിയത്. വിവാഹവേദിയില്‍നിന്ന് ഇറങ്ങിയ വധു നേരെ എത്തിയത് പൊലീസ് സ്റ്റേഷനിലേക്കാണ്. ഇതേത്തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ കൂടിയായ ജസ്‌പ്രിത് സിങിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അടുത്തുള്ള ലാബില്‍ എത്തിച്ച് രക്തപരിശോധന നടത്തുകയും ചെയ്‌തു. പരിശോധനയില്‍ നിരോധിക്കപ്പെട്ട വേദനസംഹാരി ഗണത്തില്‍പ്പെട്ട ഒപ്പിയോയ്ഡ് എന്ന മരുന്ന് ജസ്‌പ്രിത് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്ന് ബോധ്യമായി. ഇതേത്തുടര്‍ന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സുനിത സിങിന്റെ ബന്ധുക്കള്‍ പരാതി നല്‍കി. പഞ്ചാബില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം വിവാഹം മുടങ്ങിയെങ്കിലും, മയക്ക് മരുന്ന് എന്ന വിപത്തിനെതിരെ പ്രതികരിച്ച സുനിത സിങിന് ഇപ്പോള്‍ ഗ്രാമത്തില്‍ നായിക പരിവേഷമാണുള്ളത്. നമുക്ക് നല്‍കാം സുനിതയ്‌ക്ക് ഒരു കൈയടി.