
വ്യത്യസ്തമായ ചേരുവകൾ ചേർത്താണ് ഭക്ഷണം തയ്യാറാക്കാറുള്ളത്. ഇത് ഭക്ഷണത്തിന് കൂടുതൽ രുചി നൽകുമെങ്കിലും ചേരുവകളുടെ ഗന്ധം പാത്രത്തിൽ നിന്നും പോകാറില്ല. പ്രത്യേകിച്ചും ചോറ്റുപാത്രങ്ങളിൽ. എത്ര കഴുകിയാലും ഇതിൽ ഭക്ഷണത്തിന്റെ രുചി തങ്ങി നിൽക്കും. അടച്ച് വെച്ച ചോറ്റുപാത്രങ്ങൾ തുറക്കുമ്പോൾ ദുർഗന്ധം ഉണ്ടാവുന്നു. ഇതിന് കാരണം ഭക്ഷണത്തിൽ നിന്നുള്ള രുചികളെ പാത്രം വലിച്ചെടുക്കുന്നത് കൊണ്ടാണ്. ഉപയോഗ ശേഷം ശരിയായ രീതിയിൽ പാത്രം വൃത്തിയാക്കിയാൽ ഇങ്ങനെ ഉണ്ടാകുന്നത് തടയാൻ സാധിക്കും. ചോറ്റുപാത്രം വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.
ബേക്കിംഗ് സോഡ
ദുർഗന്ധത്തെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കുഴമ്പ് രൂപത്തിലാക്കണം. ശേഷം ചോറ്റുപാത്രത്തിൽ തേച്ചുപിടിപ്പിക്കാം. 2 മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം ചെറുചൂട് വെള്ളം ഉപയോഗിച്ച് കഴുകിയെടുക്കണം.
ഉരുളകിഴങ്ങ് ഉപയോഗിക്കാം
ചോറ്റുപാത്രത്തിലെ ദുർഗന്ധം അകറ്റാൻ ഉരുളകിഴങ്ങ് മതി. ഉരുളക്കിഴങ്ങിലെ തൊലി കളഞ്ഞതിന് ശേഷം അതിലേക്ക് ഉപ്പിട്ട് കൊടുക്കണം. ശേഷം ഇത് ഉപയോഗിച്ച് നന്നായി പാത്രം ഉരച്ച് കഴുകണം. അതുകഴിഞ്ഞ് ഉരുളകിഴങ്ങ് 20 മിനിട്ടോളം പാത്രത്തിൽ തന്നെ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ എളുപ്പത്തിൽ പാത്രത്തിലെ ദുർഗന്ധം മാറി കിട്ടും.
വിനാഗിരി
വിനാഗിരിയിൽ ആസിഡ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് അണുക്കളെ നശിപ്പിക്കുന്നു. അതിനാൽ തന്നെ ദുർഗന്ധവും മാറുന്നു. ചോറ്റുപാത്രത്തിൽ ഒരേ അളവിൽ വെള്ളവും വിനാഗിരിയും മിക്സ് ചെയ്തതിന് ശേഷം ഒരു മണിക്കൂർ അങ്ങനെ തന്നെ വെച്ചിരിക്കാം. അതുകഴിഞ്ഞ് വെള്ളം ഉപയോഗിച്ച് പാത്രം കഴുകിയെടുത്താൽ മാത്രം മതി.
നാരങ്ങ തോട്
നാരങ്ങയിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പാത്രം നന്നായി വൃത്തിയാക്കാനും ദുർഗന്ധത്തെ അകറ്റാനും സഹായിക്കുന്നു. നാരങ്ങ തോട് വെള്ളത്തിലിട്ട് തിളപ്പിച്ചതിന് ശേഷം പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകിയെടുക്കാവുന്നതാണ്.
അടുക്കളയിൽ ഈർപ്പം തങ്ങി നിൽക്കുന്നുണ്ടോ? ഭക്ഷണം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്യൂ