സ്‌ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. എന്നിരുന്നാലും സ്‌ത്രീയ്‌ക്ക് വിലകല്‍പ്പിക്കാത്ത ഈ ദുഷ്‌പ്രവണത ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഗാര്‍ഹികപീഡന-വിവാഹമോചന കേസുകളില്‍ ഏറെയും കാരണമാകുന്നത് സ്‌ത്രീധനമാണ്. സ്‌ത്രീധനത്തെച്ചൊല്ലി ജഡ്ജിയായ ഭര്‍ത്താവിന്റെ പീഡനമേറ്റ് മരിച്ച ഗീതാഞ്ജലി എന്ന യുവതിയുടെ കഥ ഏറെ ഹൃദയഭേദകമാണ്. ഹരിയാനയിലെ കൈത്താലിലാണ് സംഭവം. സിവില്‍ ജഡ്ജ് ആയിരുന്ന റവ്നീത് ഗാര്‍ഗ് എന്നയാളാണ് സ്‌ത്രീധനം പോരായെന്ന് പറഞ്ഞു, ഭാര്യ ഗീതാഞ്ജലിയെ നിരന്തരം പീഡിപ്പിക്കുകയും, പിന്നീട് വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്‌തത്. 2013ല്‍ അരങ്ങേറിയ ഈ സംഭവം ആദ്യം ആത്മഹത്യയായാണ് ലോക്കല്‍ പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. എന്നാല്‍ ഗീതാജ്ഞലിയുടെ വീട്ടുകാരുടെ ആവശ്യപ്രകാരം സിബിഐ അന്വേഷിച്ചപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. 2007ലാണ് റവ്‌നീത് ഗാര്‍ഗും ഗീതാഞ്ജലിയും വിവാഹിതരാകുന്നത്. സ്‌ത്രീധനമായി 51 ലക്ഷവും 101 സ്വര്‍ണനാണയങ്ങളും രണ്ട് ആഡംബരകാറുകളുമാണ് ഗീതാഞ്ജലിയുടെ വീട്ടുകാര്‍ നല്‍കിയത്. എന്നാല്‍ ഇതുപോരായെന്ന് പറഞ്ഞുകൊണ്ട് ഗാര്‍ഗും മാതാപിതാക്കളും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. ഗീതാഞ്ജലി പ്രസവിച്ചത് രണ്ടും പെണ്‍കുഞ്ഞുങ്ങള്‍ ആയതോടെ പീഡനം വര്‍ദ്ധിച്ചു. അങ്ങനെയിരിക്കെയാണ് 2013ല്‍ ഗീതാഞ്ജലി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ സിബിഐ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. റവ്നീത് ഗാര്‍ഗിനെയും, മാതാപിതാക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്. കൊലപാതകക്കുറ്റം, കുറ്റകരമായ ഗൂഢാലോചന, സ്‌ത്രീയ്‌ക്കുനേരെയുള്ള അതിക്രമം, സ്‌ത്രീധനപീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഒരു സിറ്റിങ് ജഡ്ജി കൊലപാതകത്തില്‍ മുഖ്യപ്രതിയാകുന്നത് ഇന്ത്യയില്‍ അത്യപൂര്‍വ്വമായ സംഭവമാണ്. സ്ത്രീധനപീഡന സംഭവങ്ങളും അതുമൂലമുള്ള കൊലപാതകങ്ങളും വര്‍ദ്ദിച്ചുവരുന്ന കാലത്താണ്, ഒരു ജഡ്ജി തന്നെ സ്വന്തം ഭാര്യയെ സ്‌ത്രീധനത്തിനായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത സ്‌ത്രീസമൂഹത്തെ മാത്രമല്ല, നമ്മുടെ നാടിനെത്തന്നെ ആശങ്കപ്പെടുത്തുന്നത്.