അദാനിയുടെ രാജ്യം

By പ്രശോഭ് പ്രസന്നന്‍  |  First Published Aug 18, 2016, 8:41 AM IST

ബസ് ചെറിയൊരു കുന്നിറങ്ങി. കടല്‍മണം. വിഴിഞ്ഞം എത്താറായെന്നു തോന്നി. ചുറ്റിലും പുത്തനുടുപ്പണിഞ്ഞ് പഴയൊരു ഗ്രാമം ദൃശ്യമായിത്തുടങ്ങി. ഉയരുന്ന കെട്ടിടങ്ങള്‍. പഴമയുടെ ചില അവശേഷിപ്പുകള്‍. ഉള്ളില്‍ ചരിത്രവും മിത്തും ഐതിഹ്യങ്ങളുമൊക്കെ കടലുപോലെ ഇരമ്പി.  മൂവായിരം വര്‍ഷങ്ങള്‍ക്കപ്പുറം. സോളമന്‍ ചക്രവര്‍ത്തി ജറൂസലം വാഴുന്ന കാലം. സോളമന്  വേണ്ടി ചരക്കുകള്‍ പുറപ്പെട്ടിരുന്ന 'ഓഫിര്‍' തുറമുഖം വിഴിഞ്ഞമായിരിക്കാം എന്ന് എവിടെയോ വായിച്ചത് ഓര്‍ത്തു. ഇതിനിടെ പഴക്കമേറെത്തോന്നിക്കുന്ന സ്റ്റാന്‍റില്‍ യാത്രക്കാരെ ഇറക്കിവിട്ട് ബസ് പൂവാറിലേക്കു പോയി. തൊട്ടു മുമ്പില്‍ സംഘകാല ചരിത്രം  അലയടിക്കുന്ന കടല്‍ത്തീരം; വാര്‍ത്തകളിലൂടെ പേരുകേട്ട വിഴിഞ്ഞം.

Latest Videos

 

ഹാര്‍ബറിലെ പഴയ വാര്‍ഫില്‍ നില്‍ക്കുമ്പോള്‍ ഒരു കുതിരക്കുളമ്പടി ശബ്ദം കാതിലുടക്കി. ദ്വാരകയില്‍ നിന്നും അഗസ്ത്യ മുനിക്കൊപ്പം യാദവന്മാര്‍ എന്ന ആയന്മാര്‍ കടല്‍ത്തീരത്ത് കുതിരയിറങ്ങി. ബലിത അഥവാ വിഴിഞ്ഞത്തുവായ അവരുടെ തുറമുഖപട്ടണമായി. കോട്ടക്കൊത്തളങ്ങളും പട്ടാളത്താവളങ്ങളുമൊക്കെയായി ആയ് രാജവംശം പടര്‍ന്നു. ആയ് ആണ്ടിരനും തിതിയനും അതിയനുമൊക്കെ മഹാരാജാക്കന്മാരായി വിലസി.

പിന്നീട് വേണാട്ടരചന്‍റെ കീഴില്‍ കൊല്ലത്തോടു ചേര്‍ന്നു കിടന്നു വിഴിഞ്ഞത്തിന്‍റെ മണ്ണിലേക്ക് പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് അധിനിവേശക്കാരും കപ്പലിറങ്ങി. തിരുവിതാംകൂറിനെ ഒരു സ്വതന്ത്ര രാജ്യമാക്കി മാറ്റാം എന്ന് വ്യാമോഹിച്ച ദിവാന്‍ സര്‍ സി. പിയുടെ അന്താരാഷ്ട്ര തുറമുഖസ്വപ്നങ്ങള്‍ മണലില്‍  പുതഞ്ഞു കിടന്നു. തൊണ്ണൂറുകളില്‍ തുടങ്ങി ഇപ്പോള്‍ ഗൗതം അദാനിയിലെത്തി നില്‍ക്കുന്ന ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ടിലേക്ക് കൈവഴികളുമായി ചരിത്രം ഒഴുകിയെത്തി.

അപ്പോഴേക്കും മലിനജലം വഴിഞ്ഞൊഴുകുന്ന ഒരു കൈത്തോട് ചിന്തകളിലെ ദേശചരിത്രക്കടലിനെ തൊട്ടുണര്‍ത്തി. ആ വെള്ളപ്പാച്ചിലിനപ്പുറം പദ്ധതിപ്രദേശം. കൂട്ടിയിട്ടിരിക്കുന്ന പുലിമുട്ടുകള്‍ക്ക് ഇടയിലൂടെ അപ്പുറം കടന്നു. കടല്‍കുഴിച്ചെടുത്ത മണല്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നു. അങ്ങകലെ കടലിനു നടുവിലേക്കു കരിങ്കല്‍ക്കൂനകള്‍ കൊണ്ടൊരു നീളന്‍ റോഡ്. അവിടെ പണിത്തിരക്കില്‍ കടല്‍ത്തുരക്കുന്ന യന്ത്രങ്ങളും ടിപ്പറുകളും മണ്ണുമാന്തികളും മറ്റും. ആയിരം ദിവസങ്ങള്‍ കൊണ്ട്  തുറമുഖമൊരുക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്‌. അങ്ങകലെ പച്ചനിറഞ്ഞ മലഞ്ചെരിവുകള്‍. പച്ചപ്പുകള്‍ക്കിടയില്‍ അങ്ങിങ്ങായി ജേസീബി മാന്തിയ മുറിപ്പാടുകള്‍. ചുവന്നു തിണര്‍ത്തു കിടക്കുന്ന ഭൂമി.

നൂറുകണക്കിനു കുടുംബങ്ങള്‍ കുടിയൊഴിഞ്ഞ പ്രദേശമാണതെന്നു ഒപ്പമുള്ള ചന്ദ്രിക ലേഖകന്‍ അരുണ്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്ക് പദ്ധതിപ്രദേശത്തേക്കു നിയന്ത്രണമുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഏറ്റവും ആഴം കൂടുതലുള്ള ഇന്ത്യന്‍ തുറമുഖമാകും വിഴിഞ്ഞം. പ്രകൃതിദത്തമായി ആഴം കൂടിയ കടല്‍ത്തീരമാണിത് . ഈ സാഹചര്യം വമ്പന്‍ കപ്പലുകള്‍ക്കുപോലും തുറമുഖത്തേക്ക് എത്തുവാനുള്ള അവസരം ഒരുക്കുന്നു. കൂടാതെ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ തുറമുഖങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന  അന്താരാഷ്ട്ര കപ്പല്‍ ചാനൽ വിഴിഞ്ഞത്തിനു പത്തു നോട്ടികല്‍ മൈല്‍ ദൂരത്ത്‌ കൂടിയാണ് കടന്നു പോകുന്നത്. ഇത് തുറമുഖ സാദ്ധ്യതകൾ വര്‍ധിപ്പിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നടപ്പിലാകുന്നത്തോടെ രാജ്യത്തിന്‍റെ വ്യാപാരമേഖലയിൽ വമ്പന്‍ കുതിച്ചുച്ചട്ടം ഉണ്ടാകും എന്നാണ് ഭരണകൂടത്തിന്‍റെ കണക്കുകൂട്ടല്‍.

 

 

പദ്ധതി തുടക്കം മുതല്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. എണ്ണായിരം കോടി രൂപയോളമാണ് പദ്ധതിയുടെ ആകെ ചിലവ്. സംസ്ഥാന സര്‍ക്കാര്‍ 817.8 കോടി രൂപ തുറമുഖ പദ്ധതികള്‍ക്കായി നല്‍കുന്നതിനോടൊപ്പം മത്സ്യബന്ധന തുറമുഖം കൂടി നിര്‍മിച്ചുനല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇതിനായി 1463 കോടി രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് ഏകദേശം നാലായിരം കോടി രൂപ വരും. കൂടാതെ നാല്‍പ്പതു വര്‍ഷത്തേക്കു ഏക്കര്‍കണക്കിനു ഭൂമിയും തികച്ചും സൗജന്യമായി അദാനിക്കു നല്‍കിയിട്ടുണ്ട്. എന്നാല്‍ പദ്ധതിയില്‍ അദാനിയുടെ മുതല്‍മുടക്ക് കേവലം രണ്ടായിരം കോടി രൂപ മാത്രമാണെന്നതും കൗതുകമുണര്‍ത്തുന്നു. ചന്ദനം, സ്വര്‍ണം, ആനക്കൊമ്പ്, സുഗന്ധ വ്യഞ്ജനങ്ങള്‍, തുടങ്ങിയവ ജറൂസലമിലെ സോളമന്‍റെ രാജധാനിയിലേക്കൊഴുകിയ ബൈബിളിലെ 'ഓഫിര്‍' തുറമുഖം വീണ്ടും ഓര്‍ത്തു. തിരികെ വാര്‍ഫിനു മുകളിലെത്തി.

മുമ്പില്‍, നോക്കെത്താ ദൂരത്തോളം നിരത്തിയിട്ടിരിക്കുന്ന നൂറുകണക്കിനു ബോട്ടുകള്‍. കാറ്റില്‍ വിയര്‍പ്പിന്‍റെ ഗന്ധം.  പൂവാര്‍, പൊഴിയൂര്‍, പൂന്തുറ, വലിയതുറ, അടിമലാത്തുറ, പുല്ലുവിള തുടങ്ങി തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ആഴക്കടലിലേക്കു മത്സ്യബന്ധനത്തിന് പോകുന്നത്  ഇവിടെ നിന്നാണ്. കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്നും വരെ കടലിന്‍റെ കനിവു തേടി മത്സ്യത്തൊഴിലാളികള്‍ ഇവിടെയെത്തുന്നു.

ഇന്ന് ഞായറാഴ്ച ആയതിനാല്‍ പലരും കടലില്‍ ഇറങ്ങിയിട്ടില്ല. അതാണ് ഇത്രയും ബോട്ടുകള്‍ വെറുതെ കിടക്കുന്നത്. വലകളുടെയും മറ്റും കേടുപാടുകള്‍ തീര്‍ക്കുന്ന തിരക്കിലാണ് തൊഴിലാളികള്‍. തോരണം തൂക്കിയ പോലെ നിരത്തി വച്ചിരിക്കുന്ന യമഹ എഞ്ചിനുകള്‍.

മതിപ്പുറം കോളനിയുടെ അരികിലൂടെയുള്ള രണ്ടാമത്തെ വാര്‍ഫിലെത്തി. വഴിയില്‍ കൂണുകള്‍ പോലെ മത്സ്യത്തൊഴിലാളികളുടെ കൂരകള്‍. ഹാര്‍ബറിനു സമീപത്തെ നീളന്‍ഷെഡില്‍ വലനെയ്തും തുന്നിയുമൊക്കെ തൊഴിലാളികള്‍. പുതിയ വാര്‍ഫ് പരിസരത്തും കാറ്റിലാടിക്കിടന്ന നൂറുകണക്കിന് ബോട്ടുകള്‍. അവയ്ക്കിടയില്‍ അടുത്തകാലത്ത് തീരസംരക്ഷണസേന പിടിച്ചെടുത്ത ഇറാനിയന്‍ ബോട്ട്.  ഒരു കോണില്‍ കടല്‍മാന്തി പല്ലൊടിഞ്ഞ അദാനിയുടെ കൂറ്റന്‍ ഡ്രജ്ജിംഗ് മെഷീന്‍ തളര്‍ന്നു കിടന്നു.

ഹാര്‍ബര്‍ റോഡില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത പൗരാണിക ഗുഹാക്ഷേത്രം. പാറ തുറന്നുണ്ടാക്കിയ ശ്രീകോവില്‍. അകത്ത് വീണാധര ദക്ഷിണാമൂര്‍ത്തിയുടെ ശില്‍പ്പം. പ്രവേശന കവാടത്തിന്റെ ഇരുവശങ്ങളിലും പൂര്‍ത്തിയാകാത്ത രൂപത്തില്‍ ത്രിപുരാന്തക മൂര്‍ത്തിയും നടരാജമൂര്‍ത്തിയും പാര്‍വ്വതിദേവിയും. എട്ടാം നൂറ്റാണ്ടിലെ ചോളശില്‍പ്പ നിര്‍മ്മാണത്തിന്റെ ചരിത്രരേഖകള്‍.

കുന്നിന്‍മുകളില്‍ മുഹയുദ്ദീന്‍ മസ്ജിദ്. കോട്ടപ്പുറം ഭാഗത്താണ് പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച സെന്റ് മേരീസ് ക്രിസ്ത്യന്‍ പള്ളി. അങ്ങനെ വിവിധ മതങ്ങളുടെ സംഗമ ഭൂമിയാകുന്നു വിഴിഞ്ഞം.

വാര്‍ഫില്‍ നിന്നു ബോട്ടുകളുടെ ചിത്രമെടുക്കുന്ന നേരത്താണ് സലോമന്‍ മുന്നിലെത്തിയത്.  കടലിനും ബോട്ടുകള്‍ക്കും കൊരുത്തുവച്ചിരിക്കുന്ന എഞ്ചിനുകള്‍ക്കുമൊപ്പം കാറ്റിലാടുന്ന മറ്റൊരു തോണി പോലെ അയാള്‍ നിന്നു. പലതും പറഞ്ഞു. മദ്യം മണക്കുന്ന വാക്കുകള്‍. പിറന്നു വീണത് കടലിന്റെ മടിയില്‍. നാല് പതിറ്റാണ്ടായി കടലിലും കരയിലുമായുള്ള ഉഭയജീവിതം. വലയില്‍പ്പെട്ട മീന്‍ പോലെ വാക്കുകളില്‍ കടലും ജീവിതവുമൊക്കെ കുടുങ്ങിക്കിടന്നു. പുതിയ തുറമുഖ പദ്ധതികളെക്കുറിച്ച് സലോമനു പ്രത്യേകിച്ചൊന്നും പറയാനില്ല. സര്‍ക്കാരുകള്‍ മാറിമാറിപ്പലതും പറയുന്നുണ്ട്.

'നമ്മളെയൊക്കെ ആരു കണക്കിലെടുക്കാനാ?'വാര്‍ഫിലെ പുതിയ കല്‍ക്കെട്ടുകളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ അയാളുടെ ശബ്ദത്തില്‍ നിസ്സംഗത. പുതിയ കസ്റ്റംസ് ഓഫീസിനോ മറ്റോ ആണ് ഈ കൈയ്യേറ്റം എന്നാണ് അയാളുടെ അറിവ്. എന്തായാലും ബോട്ടുമായി കടലിലേക്കിറങ്ങുന്ന ഇടത്തിന്റെ ഭൂരിഭാഗവും തൊഴിലാളികള്‍ക്കു നഷ്ടമായിരിക്കുന്നു. അതിന്റെ ആധി അയാള്‍ പങ്കുവച്ചു. തിരയൊഴിയാത്ത കടല്‍ പോലെ ജീവിതാശങ്കകള്‍.

സത്യത്തില്‍ വിഴിഞ്ഞം ഇന്റര്‍നാഷനല്‍ ഡീപ് വാട്ടര്‍ മള്‍ട്ടിപര്‍പസ് സീ പോര്‍ട്ട് അഥവാ വിഴിഞ്ഞം പദ്ധതി യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നതെന്ത് എന്ന വിഷയത്തില്‍ പൊതുസമൂഹത്തിനു വ്യക്തമായ ധാരണയില്ല എന്നതാണ് വസ്തുത. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരും അദാനിയും പല വാഗ്ദാനങ്ങളും നല്‍കിയിട്ടുണ്ട്; ഇപ്പോഴും നല്‍കുന്നുമുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ഫിഷിംഗ് ഹാര്‍ബര്‍ അതില്‍ പ്രധാനമാണ്.

 

 

 

അദാനിയില്‍ പ്രതീക്ഷയുണ്ടെന്ന് സലോമന്‍. തിങ്കളാഴ്ച സ്വാതന്ത്ര്യ ദിനമാണെന്നു ഓര്‍ത്തപ്പോള്‍ സലോമന്‍ സന്തോഷിച്ചു. അന്നുതന്നെയാണ് തങ്ങളുടെ മാതാവിന്റെ തിരുപ്പിറവി ദിനമെന്ന് അയാള്‍ പറഞ്ഞു. ബൈബിളും ജെറുസലേമിലെ സോളമനും തിരകളെപ്പോലെ ചിന്തകളില്‍ അലയടിച്ചു. വീഡിയോ പകര്‍ത്താന്‍ അനുവാദം ചോദിച്ചപ്പോള്‍ പഠിക്കുന്ന മക്കളുണ്ട്, പറ്റില്ലെന്നു മറുപടി.

യാത്രപറയാന്‍ തുടങ്ങുമ്പോള്‍ ചെറിയ ഒരു ചിരിയോടെ സലോമന്‍ ചോദിച്ചു. 'അറിയാമ്പാടില്ലാത്തോണ്ടു ചോദിക്കുവാണ്, ഈ അദാനി ഏതു രാജ്യക്കാരനാ..?'  എന്നെയും നിങ്ങളെയും പോലെ ഒരു ഇന്ത്യാക്കാരനാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ വിശ്വാസം വരാത്തതുപോലെ പൊട്ടിച്ചിരിച്ചു. തിരികെ ബസ് കുന്നുകയറുമ്പോഴും സലോമന്‍റെ ചിരിയുടെ അര്‍ത്ഥമെന്തെന്നു പിടികിട്ടിയില്ല. പിറ്റേന്നു രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനമാണല്ലോയെന്ന് മാത്രം വെറുതെ ഓര്‍ത്തു.

 

 

 

വിഴിഞ്ഞത്തെക്കുറിച്ചുള്ള നിങ്ങളുടെ യാത്രാനുഭവങ്ങളും ഓര്‍മ്മച്ചിത്രങ്ങളും prashobh@asianetnews.in എന്ന വിലാസത്തില്‍ അയക്കുക. സബ്ജക്ടില്‍ 'സഞ്ചാരി' എന്ന് സൂചിപ്പിക്കുക. തെരെഞ്ഞെടുക്കപ്പെടുന്ന എഴുത്തുകളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്. കൂടുതല്‍ ചിത്രങ്ങള്‍ക്കും വീഡിയോ ദൃശ്യങ്ങള്‍ക്കും ഫോട്ടോ ഗാലറി സന്ദര്‍ശിക്കുക

click me!