ഇന്ത്യ മുന്നണിയിലെ രണ്ട് ഘടകകക്ഷികള്‍ തമ്മിലുളള മത്സരത്തില്‍ ഏത് സ്ഥാനാര്‍ഥിക്ക് വോട്ടു തേടിയാണ് കോട്ടയത്തു വരുന്നതെന്ന കാര്യം രാഹുല്‍ തന്നെ വ്യക്തമാക്കണമെന്നാണ് ബി ജെ പി ആവശ്യപ്പെടുന്നത്
കോട്ടയം: യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് വോട്ട് തേടി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുല്‍ ഗാന്ധി കോട്ടയം ലോക്സഭ മണ്ഡലത്തിൽ സന്ദര്‍ശനം നടത്താനിരിക്കെ യു ഡി എഫിനെ ആശയക്കുഴപ്പത്തിലാക്കി ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍റെ പൂഴിക്കടകന്‍. ചാഴിക്കാടന്‍റെ തുറന്നുപറച്ചിൽ കേട്ടാൽ യു ഡി എഫുകാരെന്നല്ല ആരായാലും ഒന്ന് അമ്പരന്നുപോകും. ജയിച്ചാല്‍ തന്‍റെ പിന്തുണ രാഹുൽ ഗാന്ധിക്കായിരിക്കുമെന്ന് തുറന്നു പറഞ്ഞാണ് ചാഴികാടന്‍ യു ഡി എഫ് വോട്ടര്‍മാര്‍ക്കിടയിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്നത്.
undefined
പിന്തുണ രാഹുലിനാണ് എന്ന് പ്രഖ്യാപിച്ച തനിക്കെതിരെ പിന്നെയെങ്ങനെ രാഹുലിന് വോട്ടു ചോദിക്കാനാകുമെന്നാണ് ചാഴികാടന്‍റെ ചോദ്യം. രാഹുല്‍ കോട്ടയത്ത് വരുന്നതിന്‍റെ ഗുണം ചാഴികാടനും കിട്ടുമോ എന്ന ചോദ്യത്തിന് യു ഡി എഫ് നേതാക്കൾ മറുപടി പറയാൻ കുറച്ച് ആലോചിക്കേണ്ടി വരുമെന്ന് സാരം.
രാഹുലിന്‍റെ പ്രചാരണത്തിന്‍റെ പേരില്‍ എല്‍ ഡി എഫും യു ഡി എഫും നടത്തുന്ന അവകാശവാദങ്ങള്‍ ജനങ്ങളോടുളള വെല്ലുവിളിയെന്ന വിമര്‍ശനമാണ് എന്‍ ഡി എ നേതൃത്വം ഉന്നയിക്കുന്നത്. ഇന്ത്യ മുന്നണിയിലെ രണ്ട് ഘടകകക്ഷികള്‍ തമ്മിലുളള മത്സരത്തില്‍ ഏത് സ്ഥാനാര്‍ഥിക്ക് വോട്ടു തേടിയാണ് കോട്ടയത്തു വരുന്നതെന്ന കാര്യം രാഹുല്‍ തന്നെ വ്യക്തമാക്കണമെന്നാണ് ബി ജെ പി നേതാക്കൾ ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം