കേരളത്തിലെ പ്രധാന 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം 6 മുതൽ 8 മാസത്തിനുള്ളിൽ തീർക്കുക എന്നതാണ് ലക്ഷ്യമിടുന്നത്
സംസ്ഥാനത്തിന്റെ വികസന ചിത്രം മാറ്റി വരയ്ക്കാൻ കഴിയുന്ന പത്തു പ്രധാന മേൽപ്പാലങ്ങളുടെ നിർമാണം നൂതന സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് അതിവേഗം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ. ഈ പത്ത് മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് ഒറ്റ ടെൻഡർ വിളിക്കാൻ സംസ്ഥാന സർക്കാരിനു വേണ്ടി മുപ്പത്തിയെട്ടാം കിഫ്ബി ബോർഡ് യോഗം അനുമതി നൽകി. കേരളത്തിലെ പ്രധാന 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം 6 മുതൽ 8 മാസത്തിനുള്ളിൽ തീർക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. നവീനമായ സ്റ്റീൽ കോംപസിറ്റ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുക. പരമ്പരാഗത കോൺക്രീറ്റ് നിർമാണ രീതിയേക്കാൾ വളരെ കുറഞ്ഞ സമയം കൊണ്ട് കാര്യക്ഷമമായി നിർമാണം പൂർത്തിയാക്കാൻ കഴിയും എന്നതാണ് ഈ സാങ്കേതിക വിദ്യയെ വ്യത്യസ്തമാക്കുന്നത്.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷ(RBDCK)നാണ് പദ്ധതിയുടെ എസ്പി വി. ഡിസൈൻ ,ബിൽഡ്, ട്രാൻസ്ഫർ (DBT) രീതിയിലാണ് മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയാക്കുക . കരാറുകാരൻ സമർപ്പിക്കുന്ന രൂപകൽപ്പന (design) ഐഐടി അടക്കമുള്ള വിദഗ്ധ സ്ഥാപനങ്ങളുടെ പരിശോധനയ്ക്ക് ശേഷമാകും നിർമാണഘട്ടത്തിലേക്ക് പോവുക. ആവശ്യമെങ്കിൽ കിഫ്ബിയുടെ ടെക്നിക്കൽ റിസോഴ്സ് സെൻറർ സാങ്കേതിക സഹായം നൽകും.സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ നിർണായകമായ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം പരമ്പരാഗത രീതികൾ കൊണ്ട് വൈകുകയായിരുന്നു. നിർമാണ സമയത്തെ ഗതാഗത തടസം, സമീപത്തെ ജനജീവിതത്തിലുള്ള ആഘാതം തുടങ്ങിയവയെല്ലാം പുതിയ നിർമാണ രീതിയിൽ ഗണ്യമായി കുറയ്ക്കാൻ കഴിയും. റിക്കോർഡ് വേഗത്തിൽ നിർമാണം പൂർത്തീകരിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്
undefined
താഴെപ്പറയുന്നവയാണ് പദ്ധതിയിൽ ഉൾപ്പെടുന്ന 10 റെയിൽ മേൽപ്പാലങ്ങൾ
1. ചിറയിൻകീഴ് (തിരുവനന്തപുരം)
2. ഇരവിപുരം (കൊല്ലം)
3. മാളിയേക്കൽ (കൊല്ലം)
4. ചിറങ്ങര (തൃശൂർ)
5. ഗുരുവായൂർ (തൃശൂർ)
6. അകത്തേക്കര (പാലക്കാട്)
7. വാടാനം കുറിശി (പാലക്കാട്)
8. താനൂർ - തെയ്യാല (മലപ്പുറം)
9. ചേളാരി - ചെട്ടിപ്പാടി (മലപ്പുറം)
10. കൊടുവള്ളി (കണ്ണൂർ)