കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ അംഗമാകുന്നതോടെ സമ്പാദ്യവും ഭാവി ജീവിതത്തിന്റെ സുരക്ഷയും ഒപ്പം നാടിന്റെ വികസനത്തിൽ പങ്കാളിത്തവും ആണ് ഉറപ്പു വരുന്നത്.
ദോഹ: സമ്പാദ്യത്തിനൊപ്പം സാമൂഹ്യ സുരക്ഷയും ഉറപ്പാക്കി കേരളത്തിന്റെ സ്വന്തം പ്രവാസി ചിട്ടി. കൊവിഡ് 19 ജീവനെടുത്ത വരിക്കാരൻ ഉൾപ്പെടെ മരിച്ച നാല് പ്രവാസി വരിക്കാരുടെ കുടുംബങ്ങൾക്ക് പൂർണ തുക പ്രവാസി ചിട്ടിയിൽ നിന്ന് നൽകുമെന്ന് കെഎസ്എഫ്ഇ.
ലോകം മുഴുവൻ ഭീതി നിറയ്ക്കുന്ന ഈ കോവിഡ് കാലത്ത് തങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിന്റെ ഗതി എന്താവുമെന്ന ആശങ്കയിലൂടെയാണ് ഓരോ പ്രവാസി മലയാളിയും ഇപ്പോൾ കടന്നുപോകുന്നത്. അനിശ്ചിതത്വത്തിന്റെ ഈ ദുരിത നാളുകളിൽ സാമൂഹ്യ സുരക്ഷയും കൂടിയാണ് വരിക്കാർക്ക് പ്രവാസി ചിട്ടി ഉറപ്പാക്കുന്നത്. കൊവിഡ്- 19 ബാധിച്ച് മരിച്ച ഒരാൾ ഉൾപ്പെടെ മരണപ്പെട്ട നാല് വരിക്കാരുടെ കുടുംബങ്ങൾക്ക് ആശ്വാസമാവുകയാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി.
കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ട പ്രവാസി വരിക്കാരനായ ഡിനി ചാക്കോ, മറ്റു കാരണങ്ങളെ തുടർന്ന് പ്രവാസ ജീവിതത്തിനിടയിൽ മരിച്ച ഇബ്രാഹിം അമ്മുഞ്ഞി, ജോൺസൺ ഡിക്രൂസ്, വിഷ്ണു വിജയകുമാർ എന്നിവരുടെ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട പൂർണ തുകയാണ് മടക്കി നൽകുന്നത്. ചിട്ടി വിളിച്ചാൽ ലഭിക്കാവുന്ന പൂർണ തുക അവകാശികൾക്ക് നൽകാൻ തീരുമാനമായിട്ടുണ്ട്. ഇതിനു പുറമേ ചിട്ടികളുടെ ഭാവി തവണകൾ ഒഴിവാക്കുവാനും കെഎസ്എഫ്ഇ തീരുമാനമെടുത്തു. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിൽ അംഗമാകുന്നതോടെ സമ്പാദ്യവും ഭാവി ജീവിതത്തിന്റെ സുരക്ഷയും ഒപ്പം നാടിന്റെ വികസനത്തിൽ പങ്കാളിത്തവും ആണ് ഉറപ്പു വരുന്നത്. നിങ്ങൾ ഒരു പ്രവാസിയാണെങ്കിൽ പ്രവാസി ചിട്ടിയിൽ ഇനിയും അംഗമാകാം. ഏതുതരം വരുമാനക്കാർക്കും യോജിച്ച രീതിയിൽ പ്രതിമാസ വരിസംഖ്യ വെറും 2,500 രൂപയിൽ തുടങ്ങുന്ന ചിട്ടികൾ നിലവിലുണ്ട്.