കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം, ക്രൈംബ്രാഞ്ച് അന്വേഷിക്കും, ആ‍‌ർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്‍മോർട്ടം

By Web Team  |  First Published Jul 22, 2022, 8:37 AM IST

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഹരിദാസിന് അന്വേഷണ ചുമതല, കസ്റ്റഡിയിൽ മർദ്ദനമുണ്ടായോ എന്നത് പരിശോധിക്കും


കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും.  ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഹരിദാസ് ആണ് അന്വേഷണം നടത്തുക. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച സജീവനെയും സുഹൃത്തുക്കളെയും വടകര എസ്ഐ മർദ്ദിച്ചതായി ആരോപണം ഉയർന്നിരുന്നു. കുഴഞ്ഞു വീണപ്പോൾ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല എന്നും സുഹൃത്തുക്കൾ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. മരിച്ച സജീവന്റെ പോസ്റ്റ്‍മോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തും. ആർ‍ഡിഒയുടെ സാന്നിധ്യത്തിലാകും പോസ്റ്റ്‍മോർട്ടം. കസ്റ്റഡി മർദ്ദനമെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇത്.

വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു, മരണകാരണം പൊലീസ് മർദ്ദനമെന്ന് സുഹൃത്തുക്കൾ
കുഴഞ്ഞുവീണ സജീവനെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടിയെങ്കിലും പൊലീസ് നൽകിയില്ലെന്ന് സുഹൃത്ത് അനീഷ് പറഞ്ഞു. കൃത്യസമയത്ത് ചികിത്സ നൽകാനും തയ്യാറായില്ല. ദേഹാസ്വാസ്ഥ്യം  ഉണ്ടെന്ന് സജീവൻ പൊലീസിനോട് പറഞ്ഞിരുന്നുവെങ്കിലും ഉദ്യോഗസ്ഥർ ഇക്കാര്യം ഗൗനിച്ചില്ലെന്നും അനീഷ് കുറ്റപ്പെടുത്തി. വാഹനാപകടവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിയ തങ്ങളോട് വടകര എസ്ഐ ക്രൂരമായാണ് പെരുമാറിയതെന്ന് സുഹൃത്ത് ജുബൈർ ഉമ്മർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സജീവനെയും തന്നെയും മ‍ർദ്ദിച്ചു. സ്റ്റേഷനിലെത്തിയപ്പോൾ കാരണമില്ലാതെയാണ് പൊലീസ് മർദ്ദിച്ചതെന്ന് സജീവന്റെ ബന്ധു അർജുൻ പറഞ്ഞു. അവശൻ ആണെന്ന് അറിയിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ല. പരിചയമുള്ള ഓട്ടോ റിക്ഷ ഡ്രൈവർ ആണ് സഹായിച്ചതെന്നും അർജുൻ ആരോപിച്ചു. 

Latest Videos

കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇന്നലെ രാത്രിയാണ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചത്. വടകര കല്ലേരി സ്വദേശി സജീവനാണ് (42) മരിച്ചത്. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നായിരുന്നു ഇവരെ  കസ്റ്റഡിയിൽ എടുത്തത്. എന്നാൽ മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്ഐ മർദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. മർദ്ദനമേറ്റ സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നും കൂടെയുണ്ടായിരുന്നവർ വ്യക്തമാക്കി. 

 

 

click me!