തലയ്ക്ക് ഗുരുതര പരുക്കേറ്റ കടക്കൽ സ്വശേദി സിദ്ദിഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു നാട്ടുകാർ പാരിപ്പള്ളി മടത്തറ റോഡ് ഉപരോധിച്ചു.
കൊല്ലം: കൊല്ലം കടയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് അതിക്രമം. നിർത്താതെ പോയ ബൈക്ക് യാത്രക്കാരനെ പൊലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടു. നിയന്ത്രണം വിട്ട ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞു. തലയ്ക്ക് ഗുരുതര പരുക്കേറ്റ കടക്കൽ സ്വശേദി സിദ്ദിഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലാത്തിയെറിഞ്ഞ കടയ്ക്കൽ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രമോഹനെ സസ്പെന്‍ഡ് ചെയ്തു. പരിശോധനയിൽ പങ്കെടുത്ത മറ്റ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റും. സംഭവത്തിൽ ശക്തമായ നടപടിയെടുത്തെന്ന് റൂറൽ എസ്പി ഹരിശങ്കർ അറിയിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചു. കാഞ്ഞിരത്തുംമൂട് ഭാഗത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
ഹെല്‍മെറ്റ് ധരിക്കാത്തവരെ ഓടിച്ചിട്ട് പിടികൂടരുതെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് സംഭവമെന്നത് ശ്രദ്ധേയമാണ്. ട്രാഫിക് ലംഘനം കണ്ടെത്താൻ ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഉപയോഗിക്കണം. റോഡിന് മധ്യത്തിൽ നിന്നുള്ള ഹെൽമെറ്റ് പരിശോധന പാടില്ല. ഹെൽമെറ്റ് ഉപയോഗിക്കാത്തവരെ കായികമായല്ല നേരിടേണ്ടതെന്നുെം ഇതുസംബന്ധിച്ച് ഡിജിപി പുറത്തിറക്കിയ സർക്കുലർ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.