എ ഗ്രൂപ്പ് ഒടുവില്‍ എത്തിനില്‍ക്കുന്നത് കെഎസ്‍യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിന്‍റെ പേരിലാണ്. ഷാഫി പറമ്പില്‍ മുന്നോട്ടുവച്ച രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണയ്കാന്‍ ഗ്രൂപ്പ് നേതൃത്വം തയ്യാറാകുന്നില്ല.
തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിനെതിരെ ഒന്നിച്ചുപോരാന്‍ തീരുമാനിച്ചിട്ടും യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് പൊതുസ്ഥാനാര്‍ഥിയില്ല. ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടും എ ഗ്രൂപ്പില്‍ ചര്‍ച്ച തുടരുകയാണ്. സംഘടന പിടിക്കാന്‍ കെ സി വേണുഗോപാല്‍ പക്ഷവും ഇറങ്ങിയതോടെ പുനഃസംഘടന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് ബലാബലത്തിന് വേദിയാകും. വി ഡി സതീശന്‍-കെ സുധാകരന്‍ പക്ഷങ്ങള്‍ക്കെതിരെ പടയൊരുക്കം തുടങ്ങിയ എ, ഐ ഗ്രൂപ്പുകള്‍ക്ക് ഒന്നിച്ചുപോരാടാനുള്ള മികച്ച അവസരമാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്. എന്നാല്‍ കൂടിക്കുഴഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളില്‍ പൊതുസമ്മതനായൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഗ്രൂപ്പുകള്‍ക്കാവുന്നില്ല.
എ ഗ്രൂപ്പ് ഒടുവില്‍ എത്തിനില്‍ക്കുന്നത് കെഎസ്‍യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിന്‍റെ പേരിലാണ്. ഷാഫി പറമ്പില്‍ മുന്നോട്ടുവച്ച രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണയ്കാന്‍ ഗ്രൂപ്പ് നേതൃത്വം തയ്യാറാകുന്നില്ല. ജെഎസ് അഖിലിനെയും രണ്ടാംപേരായി ഗ്രൂപ്പിന്‍റെ പട്ടികയിലുണ്ട്. വിഡി സതീശനോട് അടുപ്പം പുലര്‍ത്തുന്ന യുവജനനേതാവാണ് രാഹുല്‍ എന്നതിലാണ് എ ഗ്രൂപ്പിന് അതൃപ്തി. ഗ്രൂപ്പ് തഴഞ്ഞാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വന്തം പക്ഷത്ത് മത്സരിപ്പിക്കാനാണ് വിഡി സതീശന്‍റെ നീക്കം.
ഐ ഗ്രൂപ്പിന് ഒറ്റപ്പേരാണ് ഉള്ളത്. അബിന്‍ വര്‍ക്കി. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ കൂടി പിന്തുണ ഐ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നുണ്ട്. മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ മുന്നൊരുക്കങ്ങളില്‍ മുന്നില്‍ കെസി വേണുഗോപാല്‍ പക്ഷമാണ്. ബിനു ചുള്ളിയിലാണ് സ്ഥാനാര്‍ഥി. പല ജില്ലകളിലും ഗ്രൂപ്പ് യോഗങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ബിനുവിന്‍റെ പേര് ഗ്രൂപ്പിന്‍റെ താത്പര്യമായി മുന്നോട്ടുവയ്ക്കാന്‍ കെസി വേണുഗോപാല്‍ ഇനിയും തയ്യാറായിട്ടില്ല. മത്സരം ഉറപ്പായ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ശക്തിപ്രകടനമാവും യൂത്തുകോണ്‍ഗ്രസ് പുനസംഘടനയില്‍ തെളിഞ്ഞുകാണുക. പുതിയ സാഹചര്യത്തില്‍, മാറിമറിഞ്ഞ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ആര്‍ക്ക് വിജയമെന്നത് പ്രവചിക്കുകയും പ്രയാസം.