രാത്രിയില്‍ 50 അടി ഉയരമുള്ള പ്ലാവില്‍ വലിഞ്ഞുകയറിയ ശേഷം ആത്മഹത്യാ ഭീഷണി; യുവാവിനെ താഴെയിറക്കി അഗ്നിരക്ഷാ സേന

By Web Team  |  First Published Oct 5, 2024, 10:04 AM IST

ഓടിക്കൂടിയ നാട്ടുകാർ മുക്കം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.


കോഴിക്കോട്: മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാ സേന താഴെയിറക്കി. മുക്കം കൂടത്തായി മാങ്കുന്ന് സ്വദേശി ജോഷി(42)യാണ് ഇന്നലെ രാത്രി 9.30ഓടെ വീട്ടുകാരെയും നാട്ടുകാരെയും വട്ടം കറക്കിയത്. വീടിന് സമീപത്തെ പറമ്പിലെ 50 അടിയോളം ഉയരമുള്ള പ്ലാവില്‍ കയറിയ ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും താഴേക്ക് ചാടുമോ എന്ന ആശങ്കയില്‍ ഇയാളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് മുക്കം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജോയ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ സേനാംഗങ്ങള്‍ എത്തുകയും റെസ്‌ക്യൂ ഓഫീസര്‍ പി.ടി ശീജേഷ് മരത്തില്‍ കയറി അതിസാഹസികമായി ജോഷിയെയും സഹായിക്കാന്‍ കയറിയ മറ്റു മൂന്ന് പേരെയും റെസ്‌ക്യൂ നെറ്റിന്റെ സഹായത്താല്‍ സുരക്ഷിതമായി താഴെ ഇറക്കുകയും ചെയ്തു. പിന്നീട് സേനയുടെ തന്നെ ആംബുലന്‍സില്‍ അവശനായ ജോഷിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. 

Latest Videos

undefined

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍. രാജേഷ്, ഫയര്‍ ഓഫീസര്‍മാരായ എം.സി സജിത്ത് ലാല്‍, എ.എസ് പ്രദീപ്, സി.പി നിശാന്ത്, എന്‍.ടി അനീഷ്, സി. വിനോദ്, കെ.എസ് ശരത്ത്, ഹോംഗാര്‍ഡുകളായ പി. രാജേന്ദ്രന്‍, സി.എഫ് ജോഷി, സിവില്‍ ഡിഫന്‍സ്, അപ്ത മിത്ര അംഗങ്ങളായ സിനീഷ് കുമാര്‍, അഖില്‍ ജോസ്, മിര്‍ഷാദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 

READ MORE: ഗൂഗിൾ പേ ചെയ്യാമെന്ന് പറയും, വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; രണ്ട് പേർ പിടിയിൽ

click me!