'എന്നാണ് നേരം വെളുക്കുക'; മകനൊപ്പമുള്ള ദിവ്യ എസ് അയ്യരുടെ ചിത്രത്തെ വിമർശിച്ചവരോട് ബെന്യാമിന്‍റെ ചോദ്യം

By Web Team  |  First Published Nov 3, 2022, 6:58 PM IST

പൊതുവേദികളിലും പാർലമെന്റിലും നിയമ നിർമ്മാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാർക്ക് നൽകുന്ന ബഹുമാനം ഇവിടെയും നൽകാനുള്ള ബോധം എന്നാണ് നമ്മൾ ആർജിക്കുക?


പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പൊതുപരിപാടിക്കിടെ മകനെ മടിയിലിരുത്തിയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. പലരും കയ്യടിച്ച് സ്വീകരിച്ചപ്പോൾ ചില കോണുകളിൽ നിന്ന് വിമ‍ർശനവും ഉയർന്നിരുന്നു. അത്തരത്തിൽ വിമർശനം നടത്തിയവർക്ക് മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ അടക്കമുള്ളവർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ജില്ലാ കളക്ടർ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത്, എന്നിങ്ങനെ പലവിധ റോളുകൾ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് അവരെന്ന് ഓർക്കണമെന്നും എല്ലാത്തിലും കുറ്റം മാത്രം കാണുന്നവർക്ക് എന്നാണ് നേരം വെളുക്കുകയെന്നും ബെന്യാമിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ബെന്യാമിന്‍റെ കുറിപ്പ്

Latest Videos

undefined

ഒരിക്കൽ കൊല്ലത്ത് ഒരു ചടങ്ങിന് പോയപ്പോൾ അവിടെ മുഖ്യാതിഥിയായി ഉണ്ടായിരുന്നത് അനുഗൃഹീത നടൻ നെടുമുടി വേണുവായിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിനിടയിൽ പറഞ്ഞ ഒരു പ്രധാന കാര്യം, ദീർഘദൂരം യാത്ര ചെയ്ത് ഇത്തരം ചടങ്ങുകൾക്ക് എത്തുമ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെടുന്നത് കുടുംബത്തോടൊപ്പം ചിലവഴിക്കാമായിരുന്ന നിമിഷങ്ങളാണ്. എങ്കിലും നിങ്ങളുടെ സ്നേഹവും നിർബന്ധവും കണക്കിലെടുത്ത് ഞാനിവിടെ എത്തി എന്നായിരുന്നു. പൊതു ഇടത്തിൽ നിൽക്കുന്ന ഓരോരുത്തരും നേരിടുന്ന ഒരു പ്രശ്നം തന്നെ ആണിത്. അവരുടെ സ്വകാര്യ നിമിഷങ്ങൾ പലതും നഷ്ടപ്പെടുത്തിയാണ് അവർ പല പരിപാടികളിലും പങ്കെടുക്കുന്നത്.
ഇവിടെ ഇപ്പോൾ ഇത് പറയാൻ കാരണം പത്തനംതിട്ട ജില്ലാ കളക്ടർ പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ മകനെ പങ്കെടുപ്പിച്ചതിനെ വിമർശിച്ചു കൊണ്ട് ചിലർ എഴുതിയത് കണ്ടതുകൊണ്ടാണ്.
അവർ ജില്ലാ കലക്ടർ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത്, എന്നിങ്ങനെ പലവിധ റോളുകൾ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ്. അവർക്കും അവർക്കും സ്വകാര്യ നിമിഷങ്ങൾ ആവശ്യമുണ്ട്. തന്റെ കുഞ്ഞിനൊപ്പം ഇത്തിരി സമയം ചിലവഴിക്കാൻ അവർക്കും അവകാശമുണ്ട്. ആ സമയം നഷ്ടപ്പെടുത്തി ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുമ്പോൾ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതിൽ എന്താണിത്ര ആക്ഷേപിക്കാൻ ഉള്ളത്? അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങളെക്കുറിച്ച് നമുക്ക് എന്തുകൊണ്ട് ചിന്തിക്കാൻ ആവുന്നില്ല. പൊതുവേദികളിലും പാർലമെന്റിലും നിയമ നിർമ്മാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാർക്ക് നൽകുന്ന ബഹുമാനം ഇവിടെയും നൽകാനുള്ള ബോധം എന്നാണ് നമ്മൾ ആർജിക്കുക? എല്ലാത്തിലും കുറ്റം മാത്രം കാണുന്ന നമുക്ക് എന്നാണ് നേരം വെളുക്കുക?

തൃശൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു

click me!