സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ ഗുണമേൻമ ഉറപ്പ് വരുത്തേണ്ടതാണ്
കൽപ്പറ്റ: മേപ്പാടിയിൽ ദുരന്ത ബാധിതർക്ക് ഉപയോഗ യോഗ്യമല്ലാത്ത ചില ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. ടി സിദ്ധീഖ് എം എൽ എ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ ബാബു, മെമ്പർമാർ എന്നിവരുമായി നടന്ന ചർച്ചയിലാണ് കളക്ടര്‍ ഇക്കാര്യമറിയിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
സന്നദ്ധ സംഘടനകൾ ഉൾപ്പെടെ നൽകുന്ന ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങൾ ഗുണമേൻമ ഉറപ്പ് വരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ലഭ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
undefined
ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്നാണ് പരാതി ഉയര്‍ന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി. അഞ്ച് ഭക്ഷ്യ കിറ്റുകളാണ് പുഴുവിനെ കണ്ടത്. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലാണ് ആരോപണം ഉയര്‍ന്നത്.
അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. കിറ്റുകൾ വിതരണം ചെയ്തത് ഉദ്യോഗസ്ഥർ ആണെന്ന് മേപ്പാടി പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ട് പ്രതികരിച്ചു. പഞ്ചായത്ത് സ്വന്തമായി കിറ്റുകൾ വിതരണം ചെയ്യുന്നില്ല. റവന്യൂ വകുപ്പില്‍ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നുമാണ് കിറ്റുകൾ കിട്ടിയതെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.