
തിരുവനന്തപുരം: കേര പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്. ഏപ്രിൽ 27 നാണ് ഇ മെയിൽ സന്ദേശം അയച്ചത്. പണം കിട്ടാത്തതിന്‍റെ കാരണം കൃഷി വകുപ്പും വിശദീകരിക്കണം. പണം പദ്ധതി അക്കൗണ്ടിലേക്ക് കൈമാറിയില്ലെങ്കിൽ കേന്ദ്ര സര്‍ക്കാരിനോട് പരാതിപ്പെടുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാര്‍ഷിക മേഖലയിലെ നവീകരണത്തിനായുള്ള വായ്പാതുകയുടെ ആദ്യ ഗഡു ലോക ബാങ്ക് ട്രഷറിയിലേക്ക് നൽകി ആഴ്ചകൾ പിന്നിട്ടിട്ടും പണം പദ്ധതി അക്കൗണ്ടിലെത്താത്തതാണ് വിവാദമായത്. ലോകബാങ്ക് വായ്പയിലെ ആദ്യ ഗഡു 139.66 കോടി കൈമാറിയത് മാര്‍ച്ച് 17നാണ്. പണം കൈമാറി ഒരാഴ്ചക്ക് അകം സംസ്ഥാന വിഹിതവും ചേര്‍ത്ത് പദ്ധതി അക്കൗണ്ടിലേക്ക് നൽകണമെന്ന ലോകബാങ്ക് വ്യവസ്ഥയിലാണ് വീഴ്ച. പണം കിട്ടിയോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് കൃഷി വകുപ്പ് മറുപടി. കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലോകബാങ്ക് ടീം ലീഡര്‍ അസെബ് മെക്നെൻ സംസ്ഥാന കൃഷി വകുപ്പിന് കത്ത് അയച്ചത്. .
ഫണ്ട് വകമാറ്റിയിട്ടില്ലെന്നും സാങ്കേതിക നടപടികൾ പൂര്‍ത്തിയാക്കി ഉടൻ പണം പദ്ധതി അക്കൗണ്ടിലെത്തിക്കും എന്നുമാണ് ധനവകുപ്പ് വിശദീകരണം. അഞ്ചിന് കേരളത്തിലെത്തുന്ന ലോക ബാങ്ക് സംഘം സംഘം കരാർ വ്യവസ്ഥകളുടെ ലംഘനം അടക്കം പരിശോധിക്കാനിരിക്കെയാണ് അടിയന്തരമായി പണം കൈമാറാനുള്ള തിരക്കിട്ട നീക്കം. സാമ്പത്തിക വര്‍ഷാവസനത്തെ ചെലവുകള്‍ക്കായാണ് പണം ധനവകുപ്പ് പിടിച്ചു വച്ചത്. കാലാവസ്ഥ വ്യതിയാനം ചെറുക്കാനും മൂല്യവർധിത കാർഷിക ഉത്പന്നങ്ങളും ചെറുകിട സ്വകാര്യ സംരംഭങ്ങളും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണ് കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേനൈസേഷൻ പ്രൊജക്റ്റ് അഥവാ കേര. 2366 കോടി രൂപയുടെ പദ്ധതിയിൽ 1656 കോടി ലോക ബാങ്ക് വായ്പയും 710 കോടി സംസ്ഥാന വിഹിതവുമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam