സുരേഷ് ഗോപിയുടേത് തുറന്നുള്ള മാപ്പു പറയലായി മാധ്യമ പ്രവര്‍ത്തക കാണുന്നില്ല. തൊഴിലിടങ്ങളിൽ അന്തസോടെ, ആത്മവിശ്വാസത്തോടെ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം.
തിരുവന്തപുരം: മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വസ്തുനിഷ്ഠമായി പരാതി അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതി വനിതാ കമ്മിഷനു ലഭിച്ചു. പത്രപ്രവര്‍ത്തക യൂണിയനും വനിതാ കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്. പരാതി ഗൗരവമുള്ളതാണ്. മാപ്പുകൊണ്ട് അവസാനിക്കില്ല.
സുരേഷ് ഗോപിയുടേത് തുറന്നുള്ള മാപ്പു പറയലായി മാധ്യമ പ്രവര്‍ത്തക കാണുന്നില്ല. തൊഴിലിടങ്ങളിൽ അന്തസോടെ, ആത്മവിശ്വാസത്തോടെ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം. സമൂഹത്തിൽ നില നിൽക്കുന്ന സ്ത്രീ വിരുദ്ധ സമീപനങ്ങൾ മാധ്യമ രംഗത്തെ സ്ത്രീകളെയും ദേഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കുന്നതിനുള്ള കരുതൽ സമൂഹത്തിൽ ഉണ്ടാകണം. ഭാവിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.
പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചാൽ നടപടിയെടുക്കും. ഈ പ്രശ്നത്തിൽ പത്രപ്രവർത്തക യൂണിയന്റെ ക്രിയാത്മകമായ ഇടപെടൽ ഉണ്ടായത് അഭിനന്ദനാർഹമാണ്. മാധ്യമ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഒക്ടോബർ 31 ന് രാവിലെ 10 മുതൽ കോട്ടയം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. മാധ്യമ പ്രവർത്തകരുടെയും പത്രപ്രവർത്തക യൂണിയന്റെയും പിന്തുണ ഈ പരിപാടിക്കുണ്ടാകണമെന്നും
വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
അതേസയം സംഭവത്തിൽ ഇന്ന് രാവിലെയാണ് മാധ്യമപ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഈ പരാതി പിന്നീട് നടക്കാവ് പൊലീസിന് കൈമാറി. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്. സംഭവം അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ കമ്മീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.
തനിക്ക് തെറ്റായി തോന്നിയെങ്കിൽ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടതെന്നായിരുന്നു സംഭവത്തിൽ സുരേഷ് ഗോപിയുടെ ക്ഷമാപണത്തിന് ശേഷം മാധ്യമപ്രവർത്തക പ്രതികരിച്ചത്. സുരേഷ് ഗോപിയുടേത് മോശമായ സ്പർശനമായിട്ടാണ് അനുഭവപ്പെട്ടതെന്നും അതുകൊണ്ടാണ് ആ രീതിയിൽ പ്രതികരിച്ചതെന്നും പറഞ്ഞ അവർ മറ്റൊരു മാധ്യമപ്രവർത്തകയ്ക്കും ഇനി ഇത്തരത്തിൽ അനുഭവമുണ്ടാകരുതെന്നും പ്രതികരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം