'ഹൈക്കോടതിയിൽ അപ്പീൽ നൽകും. ശിക്ഷയുമായി ബന്ധപ്പെട്ട് വിധിപ്പകർപ്പ് ലഭിക്കാതെ ഒന്നും പറയാനാകില്ല'
കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിൽ ഉടൻ അപ്പീൽ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ സികെ ശ്രീധരൻ. വിധിപ്പകർപ്പ് അൽപ്പ സമയത്തിനുളളിൽ ലഭിക്കും. അതിന് ശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ശിക്ഷയുമായി ബന്ധപ്പെട്ട് വിധിപ്പകർപ്പ് ലഭിക്കാതെ ഒന്നും പറയാനാകില്ലെന്നും സികെ ശ്രീധരൻ വ്യക്തമാക്കി.
പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ . കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിച്ചു.
നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്നു സിപിഎം നേതാക്കളായ പ്രതികൾക്ക് വേണ്ടി വാദിച്ച അഡ്വ. സികെ ശ്രീധരന്‍. പെരിയ ഇരട്ട കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രീധരൻ ശ്രമിച്ചുവെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. കേസിൽ ആദ്യം തങ്ങളോടൊപ്പം നിന്ന അഡ്വ. സി കെ ശ്രീധരൻ, നീതി വാങ്ങിത്തരാമെന്ന് പറഞ്ഞ് കേസിന്റെ എല്ലാ രേഖകളും മനസ്സിലാക്കിയെന്നും പിന്നീട് പ്രതികൾക്ക് വേണ്ടി വാദിക്കാനെത്തിയത് വലിയ ചതിയായാണെന്നും ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്
എന്നാൽ പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട് നേരത്തെ രേഖകള്‍ കണ്ടിട്ടുണ്ടെന്ന കോൺഗ്രസ് ആരോപണം അഡ്വ സികെ ശ്രീധരന്‍ നിഷേധിക്കുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമായാണ്. എന്തെങ്കിലും രേഖകള്‍ കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ കണ്ടിരുന്നെങ്കില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലായിരുന്നെന്നും അദ്ദേഹം വിശദീകരിക്കുന്നു.