പ്രതിരോധ സംവിധാനം പാളുന്നു, വവ്വാൽ നിരീക്ഷണ സർവേയും നടത്തുന്നില്ല; എന്ത് കൊണ്ട് വീണ്ടും നിപ വരുന്നു?

By Web TeamFirst Published Sep 16, 2024, 10:45 AM IST
Highlights

പിന്നീടങ്ങളാട്ട് പരിചിതമല്ലാത്തൊരു കാഴ്ചകളിലേക്കും രീതികളിലേക്കും കേരളത്തിലെ ആരോഗ്യമേഖല മാറുകയായിരുന്നു.18 പേര്‍ക്കായിരുന്നു രോഗബാധയുണ്ടായിരുന്നത്. സിസ്റ്റർ ലിനിയുള്‍പ്പടെ 17 മരണങ്ങൾ സംസ്ഥാനത്തുണ്ടായി. 
 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളടക്കം ചോദ്യം ചെയ്യപ്പെടുന്നു. 2018 മെയ് മാസമായിരുന്നു സംസ്ഥാനത്ത് ആദ്യമായി നിപ്പ കേസ് സ്ഥിരീകരിച്ചത്. മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ എത്തിയ യുവാവിനാണ് നിപ്പ സ്ഥിരീകരിച്ചത്. പിന്നീടങ്ങളാട്ട് പരിചിതമല്ലാത്തൊരു കാഴ്ചകളിലേക്കും രീതികളിലേക്കും കേരളത്തിലെ ആരോഗ്യമേഖല മാറുകയായിരുന്നു.18 പേര്‍ക്കായിരുന്നു രോഗബാധയുണ്ടായിരുന്നത്. സിസ്റ്റർ ലിനിയുള്‍പ്പടെ 17 മരണങ്ങൾ സംസ്ഥാനത്തുണ്ടായി. 

വൈറസ് വന്ന വഴികള്‍ പകരാനുള്ള സാധ്യതകളും മനസിലാക്കി വൈറസിനെ പിടിച്ചുകെട്ടിയ കേരളം 2018 ജൂണ്‍ 30 ന് കോഴിക്കോടിനെയും മലപ്പുറത്തെയും നിപ്പ മുക്ത ജില്ലകളാക്കി പ്രഖ്യാപിച്ചു. എന്നാൽ 2019 ല്‍ സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി എറണാകുളത്ത് നിപ്പ സ്ഥിരീകരിച്ചു. 2021 സെപ്റ്റംബറില്‍ നിപ്പ ബാധിച്ച് കോഴിക്കോട് ചാത്തമംഗലത്ത് 12 വയസുകാരന്‍ മരണത്തിന് കീഴടങ്ങി. 2023 സെപ്റ്റംബറിൽ വീണ്ടും കോഴിക്കോട് നിപ്പ രോഗം ആറു പേർക്ക് ബാധിച്ചു. ഈ വ‌ർഷം ജൂണിൽ മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച് കുട്ടി മരിച്ചു. മാസങ്ങള്‍ക്കിപ്പുറം വീണ്ടും മലപ്പുറത്ത് തന്നെ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നു. 

Latest Videos

രോഗത്തെ പിടിച്ചു കെട്ടി എന്നവകാശപ്പെടുമ്പോഴും എന്തുകൊണ്ട് നിപ്പ കേരളത്തില്‍ ആവര്‍ത്തിക്കുന്നു എന്നതാണ് ഉയർന്നു വരുന്ന ചോദ്യം. എങ്ങനെ മനുഷ്യരിലേക്ക് പകരുന്നു, വൈറസിന്റെ സ്വഭാവം തുടങ്ങി നിരവധി കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. രോഗനിരീക്ഷണത്തിൽ കേരളം ഏറെ പിന്നിലാണെന്നാണ് ആവർത്തിക്കുന്നതാണ് നിപ്പ ബാധ വ്യക്തമാക്കുന്നത്. ഇപ്പോഴും നിപ്പ വൈറസ് ബാധയെക്കുറിച്ച് ആഴത്തിൽ പഠിക്കാനും പ്രതിരോധമാർഗങ്ങൾ ചിട്ടപ്പെടുത്താനും നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന് എന്തുകൊണ്ടാണ് കഴിയാത്തത്. 

നിപ്പ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ വവ്വാലിൽ ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, അതുവച്ചു മാത്രം അത്തരം വവ്വാൽ വൈറസ് പകർത്തുമെന്നു പറയാനാകില്ല. കൃത്യമായ ഇടവേളകളിൽ വവ്വാൽ നിരീക്ഷണ സർവേ നടത്തണമെന്ന ആവശ്യം വേണ്ടവിധം ഇപ്പോഴും പ്രായോഗികമായിട്ടുമില്ല. കോഴിക്കോടും മലപ്പുറത്തും രോഗബാധ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യുന്നതിന്‍റെ കാരണവും വ്യക്തമല്ല. പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലൂടെ നിപ്പ സ്ഥിരീകരിക്കാൻ കാത്തിരിപ്പും വേണ്ടിവരുന്നുണ്ട്.

തിരുവനന്തപുരം തോന്നയ്ക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സജീവമാക്കുകയും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനം അടിയന്തരമായി പൂർത്തിയാക്കുകയും വേണം. ചികിത്സയ്ക്കുള്ള മോണോക്ലോണൽ ആന്റിബോഡി രോഗികൾക്കു ലഭ്യമാക്കുന്നതിലും അമാന്തം പാടില്ല തുടങ്ങിയ കാര്യങ്ങളെങ്കിലും പരിഗണിക്കപ്പെട്ടാൽ വീണ്ടുമൊരു നിപ ബാധയെ ഫലപ്രദമായി നേരിടാൻ കഴിയും. 

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 ! വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

https://www.youtube.com/watch?v=Ko18SgceYX8

click me!