ക്യാപ്റ്റനാര്? മുഖ്യമന്ത്രി സ്ഥാനത്ത് പിണറായിക്ക് ലൈക്കടിച്ച് കേരളം, പിന്നാലെ ഉമ്മൻചാണ്ടിയും ശൈലജയും

By Web Team  |  First Published Jul 4, 2020, 8:34 PM IST

തുടര്‍ ഭരണം തന്നെ എന്ന് ഉറപ്പിച്ച്  എൽഡിഎഫും ഭരണ തുടര്‍ച്ചയെന്ന പതിവിൽ പ്രതീക്ഷ അര്‍പ്പിക്കുന്ന യുഡിഎഫും തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ  പിണറായി വിജയനും ഉമ്മൻചാണ്ടിയുമാണ് സര്‍വെയിൽ മുന്നിലെത്തിയത്.


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നു. ബാക്കിയുള്ളത് വെറും പത്ത് മാസത്തെ ഇടവേള. നേതാക്കളും മുന്നണികളും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവര്‍ത്തനം കേന്ദ്രീകരിച്ച് തുടങ്ങുമ്പോൾ ഉയരുന്ന ആദ്യ ചോദ്യമാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത്.

എൽഡിഎഫും യുഡിഎഫും ഒപ്പം ബിജെപിയും കരുത്ത് തെളിയിക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരാകണം മുഖ്യമന്ത്രിയെന്ന ചോദ്യത്തോട് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെയിൽ ഒരു ഡസൻ പേരുകളും അവര്‍ക്കു കിട്ടിയ വോട്ടിംഗ് ശതമാനവുമാണ് വിലയിരുത്തുന്നത്. 

Latest Videos

undefined

തുടര്‍ ഭരണം തന്നെ എന്ന് ഉറപ്പിച്ച്  എൽഡിഎഫും ഭരണ തുടര്‍ച്ചയെന്ന പതിവിൽ പ്രതീക്ഷ അര്‍പ്പിക്കുന്ന യുഡിഎഫും തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ  പിണറായി വിജയനും ഉമ്മൻചാണ്ടിയുമാണ് സര്‍വെയിൽ മുന്നിലെത്തിയത്. 27 ശതമാനം വോട്ടോടെ പിണറായി വിജയൻ പട്ടികയിൽ മുന്നിലെത്തിയപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പിന്തുണച്ചത് 23 ശതമാനം പേരാണ്. 

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ കേരളത്തിന് അഭിമാനമായി ഇടത് മുന്നണി ഉയര്‍ത്തിക്കാട്ടുന്ന മന്ത്രി കെകെ ശൈലജ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്. 12 ശതമാനം പേരാണ് കെകെ ശൈലജ
മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത്. 

സര്‍വെയിൽ പങ്കെടുത്ത 7 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ആണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കിട്ടിയത് 5 ശതമാനം പേരുടെ പിന്തുണയാണ്.

കേന്ദ്ര മന്ത്രി വി മുരളീധരനും ദേശീയ കോൺഗ്രസ് നേതാവായ കെസി വേണുഗോപാലും നേടിയതും അഞ്ച് ശതമാനം പേരുടെ  പിന്തുണ ഉറപ്പിച്ചപ്പോൾ ഇപി ജയരാജനും മുല്ലപ്പള്ളി രാമചന്ദ്രനും പികെ കുഞ്ഞാലിക്കുട്ടിയും നേടിയത് 3 ശതമാനം പേരുടെ വോട്ടാണ്.

ബിജെപി നേതാവ് എംടി രമേശിന് രണ്ട് ശതമാനം വോട്ടും കോടിയേരി ബാലകൃഷ്ണന് ഒരു ശതമാനം വോട്ടുമാണ് മുഖ്യമന്ത്രി കസേരയിലേക്കെത്താൻ കിട്ടിയത് . 

click me!