പൂരം കലക്കലിൽ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് അനീഷ് കുമാര്‍ ആവശ്യപ്പെട്ടു.
തൃശൂര്‍: പൂരം വിവാദത്തിൽ എല്‍ഡിഎഫിനെതിരെ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി. തൃശൂർ പൂരം അലങ്കോലമാക്കിയതിന്‍റെ ഉത്തരവാദി എല്‍ഡിഎഫ് ആണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസുമായി ചേര്‍ന്ന് ബിജെപി ഗൂഢാലോചന നടത്തിയെന്ന ആരോപണം ബാലിശമാണ്. പൊലീസുമായി ഗൂഢാലോചന നടത്തിയത് ഇടതുപക്ഷമാണ്. വിഎസ് സുനില്‍ കുമാറും റവന്യു മന്ത്രി കെ രാജനുമാണ് ഗൂഢാലോചന നടത്തിയത്. വിശ്വാസങ്ങളെ അവജ്ഞയോടെ കാണുന്ന ഇടത് മനസിലിരിപ്പിന്‍റെ പ്രതിഫലനമാണ് പൂരം കലക്കൽ.
വത്സൻ തില്ലങ്കേരി തൃശൂർ പൂരം കാണാൻ വന്നാലെന്താണ് സംഭവിക്കുകയെന്നും അതെങ്ങനെ ഗൂഢാലോചനയാവുമെന്നും അനീഷ് കുമാര്‍ ചോദിച്ചു. പൂരം പ്രശ്നം സുരേഷ് ഗോപി ഇടപെട്ടാണ് പരിഹരിച്ചത്. രാജനും സുനിലും പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കുകയായിരുന്നു. പൂരം അട്ടിമറിച്ചതിന്‍റെ ഗുണം എന്തുകൊണ്ട് സുരേഷ് ഗോപിക്ക് മാത്രം കിട്ടി? തൃശൂരിൽ താമര വിരിഞ്ഞപ്പോൾ മൂന്നു പേരുടെ ചെവിയിൽ ചെമ്പരത്തിപൂ വിരിഞ്ഞുവെന്നും അനീഷ് കുമാര്‍ പരിഹസിച്ചു.
undefined
ടി.എൻ. പ്രതാപന്‍റെയും കെ. മുരളീധരന്‍റെ ഇപ്പോൾ വി.എസ്.സുനിൽ കുമാറിന്‍റെയും ചെവിയില്‍ ചെമ്പരത്തിപൂ വിരിഞ്ഞിരിക്കുകയാണെന്നായിരുന്നു അനീഷ് കുമാറിന്‍റെ പരിഹാസം. പിണറായി വിജയനാണ് തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉത്തരവിറക്കിയത്. അതിന്‍റെ റിപ്പോര്‍ട്ട് സര്‍ക്കാരാണ് പുറത്തുവിടേണ്ടത്. പൂരം കലക്കലിൽ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും അനീഷ് കുമാര്‍ ആവശ്യപ്പെട്ടു.