'അനിൽ ദക്ഷിണാഫ്രിക്കയിൽ ആയിരുന്നപ്പോൾ കല വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, തിരിച്ചുവന്നില്ല': അനിലിന്‍റെ അച്ഛൻ

By Web TeamFirst Published Jul 3, 2024, 8:32 AM IST
Highlights

അനിൽ കൊലപാതകം ചെയ്തെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് അച്ഛൻ തങ്കച്ചൻ

ആലപ്പുഴ: മാന്നാർ കല കൊലക്കേസുമായി ബന്ധപ്പെട്ട് എന്താണ് നടന്നതെന്ന് അറിയില്ലെന്ന് ഭർത്താവ് അനിലിന്‍റ അച്ഛൻ തങ്കച്ചൻ. കലയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നുവെന്നാണ് തങ്കച്ചൻ പറയുന്നത്. ഇക്കാര്യം അറിഞ്ഞപ്പോൾ, വിദേശത്തായിരുന്ന അനിലിനെ വിവരം അറിയിച്ചു. അനിൽ ദക്ഷിണാഫ്രിക്കയിൽ ആയിരുന്നപ്പോൾ കല വീട്ടിൽ നിന്നു ഇറങ്ങിപ്പോയി. വീട്ടിൽ നിന്ന് പോയ ശേഷം കല തിരിച്ചു വന്നിട്ടില്ലെന്നാണ് തങ്കച്ചൻ പറയുന്നത്. ഇതിനു ശേഷം ഒന്നര വർഷം കഴിഞ്ഞാണ് അനിൽ നാട്ടിൽ എത്തിയത്. അനിൽ കൊലപാതകം ചെയ്തെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നും തങ്കച്ചൻ പറഞ്ഞു. 

മാന്നാറിൽ 15 വര്‍ഷം മുൻപ് കാണാതായ കലയെന്ന യുവതിയെ കൊലപ്പെടുത്തിയതെന്ന വിവരം വെളിപ്പെടുത്തിയത് പ്രതികളിൽ ഒരാളാണ്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചപ്പോഴാണ് പ്രതി സംഭവം വെളിപ്പെടുത്തിയത്. കേട്ടുനിന്നവരിൽ ഒരാൾ വിവരം പൊലീസിന് ഊമക്കത്തിലൂടെ അറിയിച്ചു. പിന്നാലെയാണ് അമ്പലപ്പുഴ പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചത്. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ്‌ എന്നിവരാണ് കേസിൽ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.

ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിലിന്‍റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും ഇരു ജാതിക്കാരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. പിന്നീട് കലയെ കാണാതായപ്പോൾ, തന്നെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനിൽ പറഞ്ഞത്. അന്ന് പൊലീസ് സംഭവത്തിൽ കാര്യമായ അന്വേഷണം നടത്തിയില്ല. പിന്നീട് അനിലിന്‍റെ മാന്നാറിലെ വീട് പുതുക്കി പണിതു. ഇതിനിടെ അനിൽ ഇസ്രയേലിൽ എത്തി. വീണ്ടും വിവാഹം കഴിച്ചു. ഈയടുത്താണ് സംഭവത്തിൽ നിര്‍ണായക വഴിത്തിരിവുണ്ടായത്. രണ്ട് മാസം മുൻപ് ഊമക്കത്ത് ലഭിച്ച പൊലീസ്, നിരീക്ഷണത്തിന് ശേഷം ഇതിൽ പങ്കാളികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പിന്നാലെയാണ് മാന്നാറിലെ വീട്ടിലെത്തി പരിശോധന നടത്തുന്നത്. കലയുടെ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമം തുടങ്ങി.

വീട്ടിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന വസ്തുക്കൾ പൊലീസിന് ലഭിച്ചു.  സ്ത്രീകൾ മുടിയിൽ ഇടുന്ന ക്ലിപ്പ്, സ്ത്രീകൾ ഉപയോഗിക്കുന്ന അടിവസ്ത്രത്തിന്‍റെ ഇലാസ്റ്റിക് എന്നിവ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍ സ്ഥിരീകരിച്ചു. പരിശോധനയില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന രീതിയിലുള്ള തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് എസ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെങ്ങളെ കൊല്ലാൻ കൂട്ടുനിൽക്കുമോ? വീട് വെച്ചതിനും വണ്ടി വാങ്ങിയതിനും പണം കിട്ടിയതിന് തെളിവുണ്ട്: കലയുടെ സഹോദരൻ 
 

click me!