'ഭാര്യയും അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം കടക്കെണിയിലാണ്'; മനസലിഞ്ഞ കോഴിക്കോടുകാരൻ പെട്ടത് വൻ തട്ടിപ്പിൽ

By Web Team  |  First Published Oct 8, 2024, 11:36 AM IST

കദന കഥകൾ പറഞ്ഞു തുടങ്ങി പിന്നീട് കലാപത്തിലേക്കും ആത്മഹത്യയിലേക്കുമൊക്കെ എത്തി കാര്യങ്ങൾ. വലിയ ആസൂത്രണത്തോടെ നടന്ന പദ്ധതിയാണ് കേരള പൊലീസ് പൊളിച്ചടുക്കിയത്.


കോഴിക്കോട്: 'കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടു. ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിലാണ്. സഹായിക്കണം...' ഇങ്ങനെ ഒരു സന്ദേശമാണ് കോഴിക്കോട് സ്വദേശിക്ക് വാട്സ്ആപ് വഴി ലഭിച്ചത്. പിന്നീട് കദന കഥകൾ വിവരിക്കുന്ന ഫോട്ടോകളും ശബ്ദ സന്ദേശങ്ങളും വന്നു. നിരവധി വിവരങ്ങൾ അയച്ചുകൊടുത്തു. എല്ലാം കണ്ട് മനസലി‌ഞ്ഞപ്പോൾ കുറച്ച് പണം കടമായി കൊടുക്കാമെന്ന് കരുതി. എന്നാൽ വലിയ തട്ടിപ്പിലാണ് ചെന്നു ചാടുന്നതെന്ന സൂചനയേ അപ്പോൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. രാജസ്ഥാൻ സ്വദേശികളായിരുന്നു പിന്നിൽ. 

കഷ്ടപ്പാട് പറഞ്ഞ് വാങ്ങി പണം പിന്നീട് ഇയാൾ തിരികെ ആവശ്യപ്പെട്ടു. അപ്പോൾ മറുപടി വന്നത് കുടുംബസ്വത്ത് വിൽപ്പന നടത്താൻ പോകുന്നുവെന്നും അത് കിട്ടുമ്പോ തിരികെ നൽകാമെന്നും. എന്നാൽ പിന്നാലെ നടുക്കുന്ന മറ്റൊരു വാർത്ത എത്തി. സ്വത്ത് വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടാകുന്ന സാഹചര്യമുണ്ടായെന്നും അതിന്റെ പേരിൽ ആത്മഹത്യയും കൊലപാതകവും ഉൾപ്പെടെ നടന്നു എന്നും അറിയിച്ചു. 

Latest Videos

ഇതിനെക്കാളൊക്കെ അപ്പുറം, തന്റെ സഹോദരി ആത്മഹത്യ ചെയ്തുവെന്നും പണം കൊടുത്ത കോഴിക്കോട് സ്വദേശിയുടെ പേര് ആത്മഹത്യാ കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ടെന്നും വിളിച്ച് അറിയിച്ചു. ഒരു ആത്മഹത്യക്കുറിപ്പ് വ്യാജമായി ഉണ്ടാക്കി അയച്ചു കൊടുക്കുകയും ചെയ്തു. കൊലക്കുറ്റത്തിന്  കേസിൽ പ്രതിയാകുമെന്നും നാട്ടിൽ നിന്ന് ആളുകൾ വന്നു കോഴിക്കോട് സ്വദേശിയെയും കുടുംബത്തെയും കൊല്ലുമെന്നുംഭീഷണിയായി.

ഇതിനൊക്കെ ശേഷമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ബന്ധപ്പെടുന്നത്. കേസ് ഒത്തുതീർപ്പാക്കാനെന്ന പേരിൽ  പല ദിവസങ്ങളിലായി 4,08,80,457 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന് പിന്നീട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതി കിട്ടിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ വഴിയും വാട്സാപ്പ് വഴിയും ബന്ധപ്പെട്ടത് സുനിൽ ദംഗി എന്നയാളാണെന്ന് കണ്ടെത്തി. രാജസ്ഥാനിലെ ചിറ്റോർഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്ജയിൻ എന്നിവിടങ്ങളിലെ വിവിധ ചൂതാട്ട കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാരുന്നത്രെ പ്രവർത്തനം. 

വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയും, കൂട്ടുപ്രതിയായ ബഡി സാദരിയിലെ ശീതൾ കുമാർ മേഹ്ത്തയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചുമാണ് പണം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചൂതാട്ടകേന്ദ്രങ്ങളിലും ഗെയ്മിംഗ് സൈറ്റുകളിലും ചെലവഴിക്കുന്നതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.  കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പ്രതികളിൽ കോഴിക്കോട് പൊലീസ് നിയോഗിച്ച അന്വേഷണ സംഘം പിടിച്ചെടുത്തു. 

തുടർന്നായിരുന്നു പൊലീസിന്റെ നിർണായക നീക്കം. മുഖ്യ പ്രതിയായ സുനിൽ ദംഗിയെയും (48)  കൂട്ടുപ്രതിയായ ശീതൾ കുമാർ മേഹ്ത്തയെയും (28) ബഡി സാദരിയിൽ വെച്ച് സാഹസികമായി കേരള പോലീസ് പിടികൂടി. കോഴിക്കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അങ്കിത് സിംഗിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് കെ ആർ, എ.എസ്.ഐ.മാരായ ജിതേഷ് കൊള്ളങ്ങോട്ട്, രാജേഷ്‌ ചാലിക്കര, സീനിയർ സിവിൽ പോലീസ് ഓഫീർമാരായ നൌഫൽ കെ എം, ഫെബിൻ കെ ആർ എന്നിവരടങ്ങുന്ന സംഘമാണ് കേസിൽ  അന്വേഷണം നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!