നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും സാക്ഷി വിസ്താരം ഏതാണ്ട് അവസാന ഘട്ടത്തിലെത്തിനിൽക്കുമ്പോഴുമാണ് കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് ക്ലീൻ ചിറ്റ് നൽകി ശ്രീലേഖ രംഗത്തെത്തുന്നത്.
കൊച്ചി: 39 മിനിറ്റും 52 സെക്കന്‍റുമുളള വിഡീയോ സംഭാഷണം. മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ ‘സസ്നേഹം ശ്രീലേഖ’ എന്ന യു ട്യൂബ് വ്ലോഗിന്‍റെ എഴുപത്തിയഞ്ചാം പതിപ്പ്. ഒരു വെടിപൊട്ടിക്കാനാണ് ശ്രീലേഖ ഉദ്ദേശിച്ചതെങ്കിൽ സംഭാഷണത്തിന്‍റെ നെല്ലും പതിരും ഒരോന്നായി തിരയുകയാണ് കേരളീയ പൊതുസമൂഹം. മലയാളി മനസാക്ഷി കഴിഞ്ഞ അഞ്ചാണ്ടിലധികമായി ദിനംപ്രതിയെന്നോണം കാണുകയും കേൾക്കുകയും ചെയ്യുന്നതാണ് നടിയെ ആക്രമിച്ച കേസിലെ ഓരോ വഴിത്തിരിവുകളും.
ഈ കേസിന്‍റെ തുടരന്വേഷണം തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും സാക്ഷി വിസ്താരം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തിനിൽക്കുമ്പോഴുമാണ് കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് ക്ലീൻ ചിറ്റ് നൽകി ശ്രീലേഖ രംഗത്തെത്തുന്നത്. വിചാരണക്കോടതിയ്ക്ക് മുന്നിൽ ദിലീപും കൂട്ടുപ്രതികളും കുറ്റാരോപിതരായി നിൽക്കുന്പോഴാണ് കേസിൽ ഒരു ഘട്ടത്തിലും ഭാഗമാകാത്ത മുൻ ജയിൽ ഡിജിപിയുടെ അവകാശ വാദങ്ങൾ. ശ്രീലേഖയുടെ ഈ അഭിപ്രായങ്ങളും കോടതിയിലെത്തിയ വസ്തുതകളുമാണ് ഈ ഘട്ടത്തിൽ പരിശോധിക്കുന്നത്.
undefined
കത്തും ചെരിപ്പും പിന്നെ ഫോണും
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിലിനേയും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരേയും പ്രതി ചേർത്ത് ആദ്യ കുറ്റപത്രം നൽകിയശേഷമാണ് അന്വേഷണം ദിലീപിൽ കേന്ദ്രീകരിക്കുന്നത്. ജയിലിൽക്കഴിഞ്ഞിരുന്ന സുനിൽകുമാർ സഹതടവുകാരൻ വിപിൻലാലിന്‍റെ സഹായത്തോടെ ദിലീപിനയച്ച കത്താണ് രണ്ടാംഘട്ട അന്വേഷണത്തിൽ പ്രധാന വഴിത്തിരിവായത്. എന്നാൽ ഈ കത്ത് ജയിലിനുപുറത്ത് വെച്ച് വിപിൻ ലാൽ എഴുതിയതാണെന്നും അതിനു പിന്നിൽ മറ്റു ചിലരുണ്ടെന്നുമാണ് ശ്രീലേഖയുടെ വാദം. പൊലീസിലേക്ക് തന്നെയാണ് മുൻ ജയിൽ ഡിജിപി വിരൽ ചൂണ്ടുന്നത്. അതായത് പൾസർ സുനിലിന്‍റെ പേരിൽ ദിലീപിന്, വിപിൻ ലാലിനെ കൊണ്ട് കത്തയപ്പിച്ചതിന് പിന്നിൽ പൊലീസ് ബുദ്ധിയാണെന്നാണ് പറഞ്ഞുവെയ്ക്കുന്നത്. അങ്ങനെയാണ് ദിലീപ് കേസിലേക്ക് വന്നതെന്നും ശ്രീലേഖ വാദിക്കുന്നു. എന്നാൽ ജയിലിൽക്കഴിയുന്പോൾ പഴസർ സുനി സഹതടവുകാരനായ വിപിൻ ലാലിനെക്കൊണ്ട് കത്തെഴുതിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവർക്കൊപ്പം സഹതടവുകാരനായിരുന്ന ജിൻസനും കാക്കനാട് ജില്ലാ ജയിലിലെ സെല്ലിനുളളിൽവെച്ചാണ് കത്തെഴുതിയെന്ന് ഏറ്റുപറഞ്ഞിരുന്നു.
2022ൽ പൾസർ സുനി ജയിലിൽ നിന്ന് അമ്മയ്ക്കെഴുതിയ കത്തുമായിട്ടാണ് ശ്രീലേഖ ഈ കത്തിനെ ബന്ധിപ്പിക്കുന്നത്. രണ്ടിലേയും കൈയ്യക്ഷരം രണ്ടാണെന്നും ശ്രീലേഖ പറയുന്നു. ആദ്യത്തെ കത്ത് പൾസർ സുനിയ്ക്ക് വേണ്ടി വിപിൻ ലാലും രണ്ടാമത്തേത്ത് സംഭവം നടന്ന് അഞ്ചുവർഷങ്ങൾക്കുശേഷം പൾസർ സുനി സ്വന്തം അമ്മയ്ക്കെഴുതിയതാണെന്നും പ്രോസിക്യൂഷൻ പറയുന്നു. പ്രധാന തെളിവായ കത്തിന്‍റെ ആധികാരികതയുടെ കാര്യത്തിൽ സംശയം ജനിപ്പിക്കുക ( An element of doubt) എന്നതാണ് ശ്രീലേഖ ഉദ്ദേശിച്ചതെന്നാണ് നിയമവിദഗ്ധരും കരുതുന്നത്.
പൾസർ സുനി ജയിലിനുളളിൽ ഉപയോഗിച്ച മൊബൈൽ ഫോണിനെപ്പറ്റിയാണ് ശ്രീലേഖയുടെ മറ്റൊരാരോപണം. ഒരു പൊലീസുകാരൻ തന്നെയാണ് ഈ ഫോൺ ജയിലിനുളളിൽ പൾസർ സുനിയ്ക്ക് എത്തിച്ചെന്നാണ് ശ്രീലേഖ പറയുന്നത്. ഈ ഫോണുപയോഗിച്ചാണ് ജയിലിനുളളിൽവെച്ച് ദിലീപ് അടക്കമുളളവരെ ബന്ധപ്പെടാൻ പൾസർ സുനിൽ ശ്രമിച്ചത്. അതായത് ദിലീപിലേക്കുളള തെളിവുണ്ടാക്കാൻ പൾസർ സുനിലിന് പൊലീസ് തന്നെ ഫോൺ എത്തിച്ചുഎന്നാണ് ശ്രീലേഖയുടെ വാക്കുകളിൽ നിന്ന് വായിക്കേണ്ടത്.
എന്നാൽ പൊലീസിന്‍റെ കുറ്റപത്രത്തിലും സാക്ഷമൊഴികളിലും മറ്റൊന്നാളുളളത്. കൂട്ടുപ്രതിയായ വിജീഷാണ് കോടതിയിൽ നിന്ന് മടങ്ങുന്പോൾ ഇത്തരമൊരു ചെരിപ്പുമായി ജയിലിലെത്തിയത്. അതിന്‍റെ അടിഭാഗം തുളച്ചാണ് ചെറിയ ഫോൺ ഒളിപ്പിച്ചത്. ഇത് സെല്ലിനുളളിൽ പൾസർ സുനിൽ ഉപയോഗിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉളളതായി ശ്രീലേഖ തന്നെ പറയുന്നുമുണ്ട്. പിന്നീട് ചെരുപ്പിനുളളിഷവെച്ചുതന്നെ പ്രതികൾ ഈ ഫോൺ പുറത്തേക്ക് കടത്തി. ചെരുപ്പാകട്ടെ ജയിലിനുളളിൽ അവശിഷ്ടങ്ങൾ കത്തിച്ച കൂട്ടത്തിൽ ചാരമാക്കി.
പൾസർ സുനിൽ എന്ന സ്ഥിരം കുറ്റവാളി
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിൽ സ്ഥിരം കുറ്റവാളിയെന്നാണ് ശ്രീലേഖ പറയുന്നത്. കൊച്ചിയിൽ പൊലീസുദ്യോഗസ്ഥയായി ചുമതലയിലിരിക്കെ രണ്ടുമൂന്നു നടിമാർ ഇയാളിൽ നിന്നുണ്ടായ ദുരനുഭവത്തെപ്പറ്റി തന്നോട് പറഞ്ഞിട്ടുണ്ട്. സമാനരീതിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയശേഷം ബ്ലാക് മെയിൽ ചെയ്തു. പരാതി പറയാൻ താത്പര്യമില്ലാത്ത നടിമാർ ഒടുവിൽ പണം കൊടുത്ത് രക്ഷപെട്ടു. നടിയെ ആക്രമിച്ച കേസിലും പൾസർ സുനിൽ ഇതേ രീതി തന്നെയാണ് അവലംബിച്ചതെന്നും സംഭവത്തിന് പിന്നിൽ ക്വട്ടേഷനില്ലെന്നുമാണ് വാദം.
എന്നാൽ ശ്രീലേഖയുടെ ഈ വാദം അർഥ സത്യങ്ങളെ വളച്ചൊടിക്കുന്നതെന്നാണ് പ്രോസിക്യൂഷൻ നിരീക്ഷണം. മറ്റൊരു നടിയെ സമാനരീതിയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സുനിൽ കുമാർ മറ്റു ചിലരോടും സമാന രീതിയിൽ പെരുമാറിയതായി വിവരങ്ങളുണ്ടായിരുന്നു. എന്നാൽ പ്രത്യക്ഷമായ പരാതികളുമായി ആരും രംഗത്തെത്തിയില്ല. സുനിൽ കുമാറിന്‍റെ ഈ ചെയ്തികൾ സിനിമാ മേഖലയിൽ പലർക്കും അറിയാമായിരുന്നു. മുകേഷ് അടക്കം പല നടൻമാരുടെയും ഡ്രൈവറായി പൾസർ സുനിൽ പ്രവർത്തിച്ചിട്ടുണ്ട്. സുനിലിന്‍റെ ക്രമിനിൽ പശ്ചാത്തലത്തെക്കുറിച്ച് മുന്നറിവുണ്ടായിരുന്ന ദിലീപ് നടിയെ ആക്രമിക്കാനുളള ക്വട്ടേഷൻ സുനിലിന് കൈമാറി എന്നാണ് പ്രോസിക്യൂഷൻ ന്യായം. അതുകൊണ്ടാണ് മറ്റു പ്രതികളുടെ സഹായത്തോടെ സിനിമാ യൂണിറ്റ് വണ്ടി സംഘടിപ്പിച്ച് നടിയെ പിന്തുടർന്ന് തങ്ങളുടെ വലയിലാക്കിയത്.
ടവർ ലൊക്കേഷൻ തെളിവല്ലെന്ന ശ്രീലേഖയുടെ ന്യായം
ദിലീപും മുഖ്യപ്രതിയായ പൾസർ സുനിയും ഒരേ മൊബൈൽ ടവർ ലൊക്കേഷനിൽ വന്നത് തെളിവായി കാണാനാകില്ലെന്നാണ് മുൻ ജയിൽ ഡിജിപിയുടെ അവകാശവാദം. കൊച്ചി അബാദ് പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിനിടെ ദിലീപും പൾസർ സുനിയും മാത്രമല്ല സിനിമാ മേഖലയിലെ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. ഇതാണ് ഒരേ ടവർ ലൊക്കേഷന് കീഴിൽ പ്രതികളുണ്ടായിരുന്നു എന്ന പ്രോസിക്യൂഷൻ വാദത്തിന് കാരണമെന്നും ഈ വാദത്തിന് അടിസ്ഥാനമില്ലെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞുവെച്ചത്.
എന്നാൽ ദിലീപും സുനിൽകുമാറും ഒരേ ടവർ ലൊക്കേഷന് കീഴിൽ വന്നു എന്നതു മാത്രമല്ല, അന്നേ ദിവസം എന്തു സംഭവിച്ചു എന്നതു കൂടിയാണ് ഈ കേസിൽ നിർണായകമെന്ന് പ്രോസിക്യൂഷൻ പറയുന്നു. 2012 ൽ കൊച്ചി അബാദ് പ്ലാസ ഹോട്ടലിൽ നടന്ന മഴവില്ലഴകിൽ അമ്മ എന്ന സ്റ്റേജ് പ്രോഗ്രാമിന്‍റെ റിഹേഴ്സലിനിടെയാണ് ഈ ടവർ ലൊക്കേഷൻ ഇരുവരും ഒരുമിച്ച് വന്നത്. അന്ന് മലയാള സിനിമയിലെ പല പ്രമുഖരും ഇതേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു എന്നതും ശരിയാണ്. എന്നാൽ അന്നേ ദിവസമാണ് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ പരസ്യമായി വഴുക്കുണ്ടാകുന്നത്. തന്‍റെ കുടുംബജീവിതത്തിൽ, ആക്രമിക്കപ്പെട്ട നടി ഇടപെട്ടു എന്നായിരുന്നു വഴക്കിന് കാരണം. നടൻ സിദ്ധിഖും നടി ബിന്ദു പണിക്കരും അടക്കമുളളവർ പ്രോസിക്യൂഷൻ സാക്ഷികളായതും ഇതിന് ദൃക്സാക്ഷികൾ എന്ന നിലയിലാണ്. ആക്രമിക്കപ്പെട്ട നടിയ്ക്കെതിരെ അതീവ ഗുരുതരമായ ഭീഷണിയാണ് അന്നേദിവസം ദിലീപിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പ്രോസിക്യൂഷൻ രേഖകളിലുളളത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് പൾസർ സുനിയ്ക്ക് ഇതേ ഹോട്ടലിൽ വെച്ച് തന്നെ ദിലീപ് ക്വട്ടേഷൻ നൽകിയതെന്നാണ് പ്രോസിക്യൂഷൻ രേഖകളിലുളളത്. ഇവിടെവെച്ചു നടന്ന ഗൂഡാലോചനയുടെ പേരിലാണ് കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിൽ ദിലീപിനെ കൊണ്ടുപോയി 2017 ഓഗസ്റ്റിൽ പൊലീസ് തെളിവെടുപ്പ് നടത്തിയതും.
Read More : നടിയെ ആക്രമിച്ച കേസ്; ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ, വിവാദം
തെളിവായ ഫോട്ടോ ഒർജിനലോ വ്യാജനോ?
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സുനിൽ കുമാറിനെ മുൻ പരിചയമില്ലെന്നായിരുന്നു ദിലീപ് ചോദ്യം ചെയ്യലിൽ അടക്കം ആവർത്തിച്ചിരുന്നത്. എന്നാൽ ഈ വാദം പൊളിക്കുന്നതായിരുന്നു ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ തൃശൂർ ടെന്നീസ് കോർട്ടിലെ ഷൂടിങ് ലൊക്കേഷനിൽ നിന്ന് പുറത്തുവന്ന ചിത്രങ്ങൾ. ദിലീപിനൊപ്പം ആരാധകനെടുത്ത ചിത്രത്തിൽ പൾസർ സുനി യാദൃശ്ചികമായി വന്നുപെട്ടതാണ് പ്രോസിക്യൂഷന് കച്ചിത്തുരുന്പായത്. എന്നാൽ ഈ ചിത്രം വ്യാജമാണെന്നും മോർഫു ചെയ്തതാണെന്നും ഒരുന്നത പൊലീസുദ്യോഗസ്ഥൻ തന്നോട് സമ്മതിച്ചെന്നാണ് ശ്രീലേഖയുടെ യു ട്യൂബ് വീഡിയോയിലുളളത്.
എന്നാൽ ഈ ചിത്രത്തിന്‍റെ ആധികാരിക ഇതേവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. കോടതിയിൽപ്പോലും അഭിഭാഷകർക്ക് സംശയമുണ്ടായില്ല. ചിത്രം പകർത്തിയ ആരാധകൻ തന്നെ കോടതിയിൽ നേരിട്ട് ഹാജരായി മൊഴിയും നൽകി. ചിത്രം പകർത്തിയ മൊബൈൽ ഫോണിന്‍റെ ഫൊറൻസിക് പരിശോധനയും നടത്തി. ചിത്രം ഒർജിനലെന്നും മോർഫുചെയ്തതെല്ലെന്നും ശാസ്ത്രീയമായി തന്നെ കേസിൽ വെളിവായതാണ്. ഇതെല്ലാം നിലനിൽക്കെയാണ് ചിത്രം മോർഫുചെയ്തതെന്ന തന്‍റെ സംശയം ഉന്നത പൊലീസുദ്യോഗസ്ഥനോട് ചോദിച്ച് ഉറപ്പുവരുത്തിയതെന്ന് ശ്രീലേഖ അവകാശപ്പെടുന്നത്. വിവാദങ്ങൾക്ക് പിന്നാലെ ചിത്രം പകർത്തിയ ദിലീപ് ആരാധകൻ തന്നെ പരസ്യമായെത്തി താൻ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രമാണിതെന്ന് ആവർത്തിച്ചതോടെ ശ്രീലേഖയുടെ ആരോപണത്തിന്‍റെ മുനകൂടിയാണ് ഒടിയുന്നത്.
ദിലീപിന്‍റെ പങ്കാളിത്തത്തെപ്പറ്റി പൾസർ സുനി എന്തുകൊണ്ട് മറച്ചുവെച്ചു?
അറസ്റ്റിലായി ദിവസങ്ങളോളം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ പൾസർ സുനിയും വിജീഷും എന്തുകൊണ്ട് ആ ദിവസങ്ങളിൽ കേസിലുളള ദിലീപിന്‍റെ പങ്കാളത്തിത്തെപ്പറ്റി പറഞ്ഞില്ലെന്നാണ് ശ്രീലേഖയുടെ മറ്റൊരുസംശയം. സാധാരണ കസ്റ്റഡി ചോദ്യം ചെയ്യലിൽ പ്രതികൾ ഇത് പറയുന്നതാണെന്നും ഈ കേസിൽ മാത്രം അവർ എന്തുകൊണ്ട് മറച്ചുവെച്ചെന്നുമാണ് ശ്രീലേഖ ചോദിക്കുന്നത്. അതായത് ആദ്യ കുറ്റപത്രം സമർപ്പിക്കുംവരെ ദിലീപ് കേസിൽ ഉൾപ്പെട്ടിരുന്നില്ല. പിന്നീട് മറ്റാരുടെയോ കുബുദ്ധിയാണ് ദിലീപിനെ കേസിലേക്ക് കൊണ്ടുവന്നതെന്നാണ് ശ്രീലേഖയുടെ അഭിപ്രായം.
എന്നാൽ കേസിന് പിന്നിൽ വൻ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന് പൊലീസിന്അന്നേ സൂചനകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുപിന്നാലെ സിനിമാ സംഘടനകൾ കൊച്ചി ദർബാർ ഹാൾ മൈതാനത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് ദിലീപിനെ മുന്നിലിരുത്തി മുൻ ഭാര്യ മഞ്ജു വാര്യർ ഗൂഡാലോചനാ സിദ്ധാന്തം അവതരിപ്പിച്ചത് എന്നതും ശരിയാണ്. എന്നാൽ ദിലീപുൾപ്പെട്ട ഗൂഡാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ആദ്യ കുറ്റപത്രം സമർപ്പിച്ചശേഷം അനുഭവ സന്പത്തുളള പുതിയ അന്വേഷണസംഘത്തെ നിയോഗിച്ച് തുടരന്വേഷണം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ദിലീപിന്‍റെ പങ്കാളിത്തം സംഭവം നടന്ന് മാസങ്ങൾക്കുശേഷം കെട്ടിച്ചമത്ത തിരക്കഥയാണെങ്കിൽ കൃത്യം നടത്തി ഒളിവിൽപ്പോകും മുന്പ് പൾസർ സുനിൽ ദിലീപിനെ അന്വേഷിച്ച് കാവ്യമാധവന്‍റെ ഉടമസ്ഥയിലുളള ലക്ഷ്യയിൽ പോയതെന്തിനെന്നും പ്രോസിക്യൂഷൻ ചോദിക്കുന്നു.
Read More : 'പതിനെട്ടാം വയസില്‍ എന്നെ കള്ളക്കേസില്‍ കുടുക്കിയ മഹതി'; ശ്രീലേഖയ്ക്കെതിരെ ബിന്ദു അമ്മിണി
ദിലീപിനെ ശത്രുക്കൾ കുടുക്കിയതാണോ?
ശക്തരായ ശത്രുക്കൾ ദിലീപിനെ കുടുക്കിയെന്നാണ് വീഡിയോയിൽ ശ്രീലേഖയുടെ അവകാശവാദം. അവരുടെ തിരക്കഥയ്ക്കനുസരിച്ചാണ് ദിലീപ് പെട്ടുപോയതെന്നും ശ്രീലേഖ പറയുന്നു.എന്നാൽ ആരാണ് ഈ ശക്തരായ ശത്രുക്കൾ, അവരുടെ ഉദ്ദേശമെന്താണ്, പൊതുസമൂഹത്തിന് അജ്‍ഞാതരായ അവരെക്കുറിച്ച് എങ്ങനെയറിഞ്ഞു തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ശ്രീലേഖയുടെ വിഡീയോയിൽ ഉത്തരവുമില്ല.
ഈ പശ്ചത്തലത്തിലാണ് ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നത്. ആരോപണങ്ങൾക്ക് തെളിവൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കോടതലക്ഷ്യ നടപടികളിലേക്ക് പ്രോസിക്യൂഷൻ തന്നെ നീങ്ങും. വിചാരണക്കോടതിയിൽ വിസ്താരത്തിലിരിക്കുന്ന കേസിലാണ് മുൻ ജയിൽ ഡിജിപിയായ ശ്രീലേഖ വിധി പ്രസ്താവിച്ചത് എന്ന വാദത്തിലൂന്നിയാകും പ്രോസിക്യൂഷൻ നീക്കം.
Read More : ദിലീപ് കേസില്‍ ശ്രീലേഖയുടെ പരാമർശം അപലപനീയം; അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആനി രാജ