2 കാര്യത്തിൽ ശിബിരത്തിൽ വലിയ ചർച്ച, ഒടുവിൽ വഴി! പിന്നാലെ എഴുത്തച്ഛനും ഗുരുദേവനും വേണ്ടി ബിജെപി; ലക്ഷ്യമെന്ത്?

By KG Kamalesh  |  First Published Aug 6, 2022, 5:19 PM IST

തീവ്ര ഹിന്ദുത്വത്തിലൂന്നിയാൽ മറ്റൊരുവശത്ത് പാർട്ടി ലക്ഷ്യമിടുന്ന ക്രൈസ്തവ വിഭാഗങ്ങളെ ആകർഷിക്കാൻ ബുദ്ധിമുട്ടുമെന്നതിനാൽ ഒടുവിൽ മൃദു ഹിന്ദുത്വ ലൈൻ മതിയെന്നായി. അതിനെന്താണ് വഴിയെന്ന ചർച്ചക്കൊടുവിലാണ്... 


'തിരൂർ തുഞ്ചൻ പറമ്പിൽ എഴുത്തച്ഛന്‍റെ സ്മാരകം വേണം, ശ്രീനാരായണ ഗുരുദേവൻ യഥാർത്ഥത്തിൽ ഹിന്ദുമതത്തിന് വേണ്ടി നിലകൊണ്ടയാളാണ്'... കൊല്ലത്ത് ചേർന്ന ബി ജെ പി സംസ്ഥാന നേതൃയോഗ തീരുമാനവും കഴിഞ്ഞ ദിവസം ഇറങ്ങിയ പാർട്ടി മുഖമാസികയായ ചിതിയിലെ ലേഖനവും മുന്നോട്ട് വെക്കുന്നത് പുതിയ തന്ത്രങ്ങൾ, പഴയ ആവശ്യങ്ങൾ ശക്തമായി വീണ്ടും ഉന്നയിക്കൽ.... ശരിക്കും ബി ജെ പി നീക്കം പാർട്ടിയുടെ ബേസ് വോട്ടായ ഹൈന്ദവ വിഭാഗത്തിൽ നിന്ന് കൂടുതൽ വോട്ട് പ്രതീക്ഷിച്ച് തന്നെ.

ഹിന്ദു വിഭാഗങ്ങളെ കൂടുതൽ ആകർഷിക്കാനുള്ള തീരുമാനത്തിലേക്ക് പാർട്ടി എത്തുന്നത് പാലക്കാട് അടുത്തിടെ ചേർന്ന ചിന്തൻ ശിബിരത്തിൽ, തീവ്ര ഹിന്ദു ആശയം വേണോ, അതോ മൃദു ഹിന്ദുത്വം മതിയോ എന്നതിൽ ഉണ്ടായത് വലിയ ചർച്ചയായിരുന്നു. തീവ്ര ഹിന്ദുത്വത്തിലൂന്നിയാൽ മറ്റൊരുവശത്ത് പാർട്ടി ലക്ഷ്യമിടുന്ന ക്രൈസ്തവ വിഭാഗങ്ങളെ ആകർഷിക്കാൻ ബുദ്ധിമുട്ടുമെന്നതിനാൽ ഒടുവിൽ മൃദു ഹിന്ദുത്വ ലൈൻ മതിയെന്നായി. അതിനെന്താണ് വഴിയെന്ന ചർച്ചക്കൊടുവിലാണ് എഴുത്തച്ഛൻ പ്രതിമക്കായുള്ള പ്രതിഷേധം തുടരാനും ശ്രീനാരായണ ഗുരുവിനെ ശക്തമായി ഉയർത്തിക്കാട്ടാനുമുള്ള തീരുമാനം.

Latest Videos

എസ്എഫ്ഐ നിരോധിക്കണമെന്ന് പാർലമെന്‍റിൽ ഹൈബി ഈഡൻ; മറുപടിയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു!

മലപ്പുറത്ത് ചില തീവ്രസംഘടനകളുടെ എതിർപ്പാണ് എഴുത്തച്ഛൻ പ്രതിമക്കുള്ള തടസ്സമെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. പ്രതിമയ്ക്കായി പ്രത്യക്ഷസമരമാണ് പാർട്ടി ലക്ഷ്യമിടുന്ന്. ഗുരുദേവ ജയന്തി ദിനത്തിലും സമാധി ദിനത്തിലും പാർട്ടി ഇനി വിപുലമായ പരിപാടികൾ സംഘടിപ്പുക്കും. മന്നം ജയന്തിയും ചട്ടമ്പി സ്വാമി അനുസ്മരണവുമെല്ലാം ഒരുക്കും. ചിതിയിലെ ലേഖനത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ലേഖനത്തിലെ ഒരു ഭാഗം ഇങ്ങനെ - 'ഗുരു പ്രതിഷ്ഠകൾ നടത്തിയത് ഹിന്ദുക്കൾ ആഗ്രഹിച്ചത് കൊണ്ടാണ്. ജാതി പീഡനം ഭയന്ന് ഹിന്ദുക്കൾ മതം മാറുന്നതിന് ഗുരുദേവൻ എതിരായിരുന്നു'.

മലബാറിൽ ആദ്യം ഇംഗ്ലിഷ് പഠിച്ച്, പോരാടി; വഴിയിൽ തടഞ്ഞവർ, കാർക്കിച്ച് തുപ്പിയവർ, എല്ലാരെയും അമ്പരപ്പിച്ച ജീവിതം

ഹിന്ദുവിഭാഗങ്ങളുടെ പിന്തുണ നേടാൻ നേരത്തെ നടത്തിയ നീക്കങ്ങളെല്ലാം പക്ഷെ താമരക്ക് പ്രതീക്ഷിച്ച വിളവുണ്ടാക്കിയിട്ടില്ല. ഗുരുദേവനെ ഉയർത്തിപ്പിടിച്ച് എസ് എൻ ഡി പി പിന്തുണ ഉറപ്പാകും എന്ന് കരുതിയായിരുന്നു ബി ഡി ജെ എസിനെ നേരത്തെ കേന്ദ്ര നേതൃത്വം ഇടപെട്ട് എൻ ഡി എയിൽ എത്തിച്ചത്. പക്ഷെ ഇപ്പോഴും സംസ്ഥാന ബി ജെ പി നേതാക്ക‌ൾക്ക് ബി ഡി ജെ എസ് ബന്ധം ഗുണമായോ എന്നതിൽ രണ്ട് അഭിപ്രായമുണ്ട്. തുഷാർ വെള്ളാപ്പള്ളി എൻ ഡി എ നേതൃനിരയിൽ തുടരുമ്പോഴും വെള്ളാപ്പള്ളി നടേശൻ നടത്തുന്ന നിരന്തര വിമർശനം ബി ജെ പിക്ക് എന്നും തലവേദനയാണ്. പലതവണ ശ്രമിച്ചിട്ടും എൻ എസ് എസ് അടുക്കുന്നതേയില്ല. എന്ത് വന്നാലും ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചുരുങ്ങിയപക്ഷം ഒരു സീറ്റിലെങ്കിലും വിജയം വേണമെന്നാണ് ബി ജെ പിയുടെ ലക്ഷ്യം. ആറിടത്താണ് പാർട്ടി പ്രധാനമായും പ്രതീക്ഷ വയ്ക്കുന്നത്. നേരത്തെ തന്നെ കേന്ദ്രമന്ത്രിമാർക്ക് വരെ തെരഞ്ഞെടുത്ത മണ്ഡലങ്ങളുടെ ചുമതല നൽകിയ ബി ജെ പി കേരളത്തിൽ പയറ്റുന്നത് പലതരം തന്ത്രങ്ങൾ.

click me!