5മണിക്കൂർ പിന്നിട്ട് പ്രതിഷേധം, നരഭോജി കടുവയുടെ മുഖത്ത് മുറിവ്, കൊണ്ടുപോകാൻ സമ്മതിക്കാതെ നാട്ടുകാര്‍

By Web Team  |  First Published Dec 18, 2023, 8:22 PM IST

സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധിക്കുന്നുണ്ട്.സ്ഥലത്ത് ജില്ലാ കളക്ടര്‍ എത്തി ചര്‍ച്ച നടത്തണമെന്നാണ് ആവശ്യം. 


കല്‍പ്പറ്റ:വയനാട് വാകേരിയില്‍ കൂട്ടിലായ നരഭോജി കടുവയെ കൊണ്ടുപോകാന്‍ സമ്മതിക്കാതെ നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. കടുവയെ വെടിവച്ചുകൊല്ലണമെന്നും കാട്ടിലേക്ക് തുറന്നുവിടാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയും വാകേരിയിലെ കൂടല്ലൂരില്‍ നാട്ടുകാര്‍ നടത്തുന്ന പ്രതിഷേധം അഞ്ചു മണിക്കൂര്‍ പിന്നിട്ടു. ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധം തുടങ്ങിയത്. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരയ്ക്കാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ക്കൊപ്പം പ്രതിഷേധിക്കുന്നുണ്ട്. കൂട്ടിലായ കടുവയെ കൊണ്ടുപോകുന്ന വനംവകുപ്പിന്‍റെ വാഹന വ്യൂഹം ത‍ടഞ്ഞുകൊണ്ട് കുത്തിയിരുന്നുള്ള പ്രതിഷേധമാണ് തുടരുന്നത്. മാനന്തവാടി സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിക്കുകയാണ്. സ്ഥലത്ത് ജില്ലാ കളക്ടര്‍ എത്തി ചര്‍ച്ച നടത്തണമെന്നാണ് ആവശ്യം. 
മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശിയായ ക്ഷീര കര്‍ഷകന്‍ പ്രജീഷിനെ കടുവ കടിച്ചുകൊന്ന സംഭവം നടന്ന് പത്താം ദിവസമാണ് കടുവ കൂട്ടിലായത്. കോളനിക്കവലയ്ക്ക് സമീപം കാപ്പി തോട്ടത്തിൽ വച്ച കൂട്ടിലാണ് രണ്ടുമണിയോടെ കടുവ കയറിയത്. സംഭവത്തിന് പിന്നാലെയാണ് വെടിവച്ചു കൊല്ലണം എന്നാവശ്യപ്പെട്ടു നാട്ടുകാർ കടുവയുമായുള്ള കോൺവോയ് തടഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലായി കടുവയ്ക്കായി മേഖലയില്‍ വലിയ തെരച്ചിലാണ് വനംവകുപ്പ് നടത്തിയിരുന്നത്. ഇതിനുപിന്നാലെയാണ് വിശന്നു വലഞ്ഞ കടുവ ഒടുവില്‍ കൂട്ടില്‍ കയറിയത്. സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്. കടുവയെ മയക്കിയശേഷം സുല്‍ത്താന്‍ ബത്തേരി കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് വനംവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍, കടുവയെ വെടിവച്ചുകൊല്ലണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നാട്ടുകാര്‍. അതേസമയം കൂട്ടിലായ കടുവയുടെ മുഖത്ത് ഉള്‍പ്പെടെ ആഴത്തിലുള്ള മുറിവുണ്ട്. പരിക്കേറ്റതിനെതുടര്‍ന്ന് അവശനിലയിലായ കടുവയ്ക്ക് ചികിത്സ ഉള്‍പ്പെടെ നല്‍കേണ്ട സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.


Readmore...വയനാട്ടിലെ നരഭോജി കടുവ കൂട്ടിൽ, കുടുങ്ങിയത് കാപ്പിതോട്ടത്തിൽ വച്ച ഒന്നാം കെണിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

Latest Videos

 

click me!