വയനാട് പുനരധിവാസം; മാസ്റ്റർ പ്ലാനിന് മന്ത്രിസഭാ യോ​ഗം ഇന്ന് അം​ഗീകാരം നൽകും; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

By Web Desk  |  First Published Jan 1, 2025, 6:04 AM IST

വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും.


കൽപറ്റ: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ ആണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി 750 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വീടുകളുടെ ഡിസൈൻ കിഫ്ബി ആണ് തയ്യാറാക്കിയിരിക്കുന്നത്. നിർമ്മാണത്തിന്റെ ചുമതല ആരെ ഏൽപ്പിക്കണമെന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. 

ഊരാളുങ്കൽ സൊസൈറ്റി അടക്കം സർക്കാരിന്റെ പരിഗണനയിലുണ്ട്. വീടുകളുടെ നിർമ്മാണത്തിന് സഹായം വാഗ്ദാനം നൽകിയ സ്പോൺസർമാരുമായും രാഷ്ട്രീയപാർട്ടികളുമായും മുഖ്യമന്ത്രി ഉച്ചക്ക് നേരിട്ട് ചർച്ച നടത്തും. കർണ്ണാടക സർക്കാരിന്‍റെയും രാഹുൽ ഗാന്ധിയുടെയും ഡിവൈഎഫ്ഐയുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. പ്രതിപക്ഷനേതാവ് വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ടൗൺഷിപ്പ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് കോടതി അനുകൂല നിലപാട് സ്വീകരിച്ചത് കൊണ്ട് അത്  വേഗത്തിലാക്കാൻ എന്ത് ചെയ്യണമെന്ന കാര്യവും മന്ത്രിസഭായോഗം തീരുമാനിക്കും.

Latest Videos

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായുള്ള മുഖ്യമന്ത്രിയുടെ
കൂടിക്കാഴ്ച ഇന്ന് തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്‍റേയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികൾ യോഗത്തിന് എത്തും.

click me!