ദുരിത ബാധിതരെ ക്യാമ്പിൽ നിന്ന് മാറ്റും, ഡിഎൻഎ പരിശോധന സ്വകാര്യ ലാബിൽ നടത്താമോ എന്ന് പരിശോധിക്കും: മുഖ്യമന്ത്രി

By Web Team  |  First Published Aug 6, 2024, 5:13 PM IST

സംസ്കാരത്തിന് കൂടുതൽ സ്‌ഥലം ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചാലിയാറിൽ കൂടുതൽ പരിശോധനക്ക് നേവിയോട് ആവശ്യപ്പെടും. ‍ഡിഎൻഎ പരിശോധന സ്വകാര്യ ലാബിലും നടത്താമോ എന്ന് പരിശോധിക്കും. 


തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ ദൗത്യം നടക്കാതിരുന്ന സൺ റൈസ് വാലിയിലും ഇന്ന് തെരച്ചിൽ നടന്നുവെന്ന് പിണറായി പറഞ്ഞു. 81 ശരീര ഭാഗങ്ങളാണ് ഇതുവരെ കണ്ടെടുത്തതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

സംസ്കാരത്തിന് കൂടുതൽ സ്‌ഥലം ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചാലിയാറിൽ കൂടുതൽ പരിശോധനക്ക് നേവിയോട് ആവശ്യപ്പെടും. ‍ഡിഎൻഎ പരിശോധന സ്വകാര്യ ലാബിലും നടത്താമോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിത ബാധിതരെ സ്കൂളിലെ ക്യാമ്പിൽ നിന്ന് മറ്റ് സ്ഥലം കണ്ടെത്തി മാറ്റും. ദുരന്ത മേഖലയിലെ അപകടകരമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനുള്ള നടപടി ആരംഭിക്കും. തെരച്ചിലിൽ തുടർനടപടി ചീഫ് സെക്രട്ടറി സൈന്യവുമായി ആലോചിച്ചു ചെയ്യും. തകർന്ന കെട്ടിടങ്ങളുടെ നഷ്ട പരിഹാരം നൽകാൻ തദ്ദേശ വകുപ്പ് കണക്ക് എടുക്കും. 2391 പേർക്ക് ഇത് വരെ കൗൺസിലിംഗ് നൽകിയെന്നും കുട്ടികളുടെ മാനസിക സംഘർഷം കുറക്കാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാർ മല സ്കൂൾ പുനരധിവാസത്തിനുള്ള ടൗൺ ഷിപ്പിൽ തന്നെ പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

Latest Videos

ഇന്നലെ തെരച്ചിലില്‍ കണ്ടെത്തിയത് ആറ് മൃതദേഹങ്ങള്‍

'ഇന്നലെ തെരച്ചിലില്‍ ആറ് മൃതദേഹങ്ങള്‍ ലഭിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224ലെത്തി. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ നിന്നും ഒരു മൃതദേഹവുമാണ് ലഭിച്ചത്. തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്‍റേഷനിലെ ശ്മശാനത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ സംസ്കരിച്ചു. വയനാട്ടില്‍ നിന്നും നൂറ്റിയമ്പതും നിലമ്പൂരില്‍ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വയനാട്ടില്‍ നിന്നും 24, നിലമ്പൂരില്‍ നിന്നും 157 ഉള്‍പ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് കൂടുതല്‍ സ്ഥലം ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 154 പേരെ കാണാതായി എന്നാണ് കണക്ക്. 88 പേര്‍ ഇപ്പോഴും ആശുപത്രികളിലാണ്. ചൂരല്‍ മല ഭാഗത്ത് 9 ക്യാമ്പുകളിലായി 1381 പേര്‍ കഴിയുന്നു.'- മുഖ്യമന്ത്രി പറഞ്ഞു.

ഡിഎന്‍എ പരിശോധന സ്വകാര്യ ലാബുകളിൽ സാധ്യമാകുമോ എന്ന് പരിശോധിക്കും

ചാലിയാര്‍ നദിയുടെ ഇരുകരകളിലും, വനമേഖലയിലും തിരച്ചിലും, രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനും ഇന്ത്യന്‍ നേവി, ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം നിര്‍ദേശം നല്കിയിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധന നടത്തി ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുകയാണ്. പുതിയ ക്രിമിനല്‍ നിയമ സംഹിതയുടെ വെളിച്ചത്തില്‍ ഡി.എന്‍.എ പരിശോധന സ്വകാര്യ ലാബുകളിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കും.

ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കും

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും, തെരച്ചിലിലും, രക്ഷാപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. 

സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കും

ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ സ്കൂള്‍ ക്യാമ്പുകളില്‍ നിന്ന് മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ മാറ്റുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍  നടപടി സ്വീകരിക്കും. വെള്ളപ്പൊക്കത്തിന്‍റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. വെള്ളവും ചെളിയും ഇറങ്ങിയാല്‍ താമസയോഗ്യമാക്കാനാകുന്ന വീടുകളുണ്ട്. അങ്ങനെ സുരക്ഷിതമായ വീടുകളുള്ള ആളുകളെ വെള്ളമിറങ്ങിയാല്‍ ശുചീകരണത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കും. ദുരന്തബാധിത മേഖലകളിലെ വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍ പൊലീസിന്‍റെ സാന്നിധ്യത്തില്‍ ഇതിന് അവസരം ഒരുക്കും. 

മലവെള്ളത്തിനൊപ്പം ഒഴുകിയെത്തിയ പെരുമ്പാമ്പിന് വീട്ടുടമ കാവലിരുന്നത് 2 ദിവസം; കാരണം വിശദീകരിച്ച് വനംവകുപ്പ്

https://www.youtube.com/watch?v=Ko18SgceYX8

click me!