ഉരുള്‍പൊട്ടലിൽ 26 പശുക്കള്‍ ചത്തു, 107 കന്നുകാലികളെ കാണാതായി; മൃഗസംരക്ഷണ മേഖലയില്‍ മാത്രം 2.5 കോടിയുടെ നഷ്ടം

By Web Team  |  First Published Aug 3, 2024, 5:21 PM IST

ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു


കല്‍പ്പറ്റ:ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ജീവന്‍ നഷ്ടമായ വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച പുല്‍കൃഷി, കറവയന്ത്രങ്ങള്‍ തുടങ്ങിയവയുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടം കണക്കാക്കിയത്. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിനടിയില്‍ പെട്ടും 107 കന്നുകാലികളെ കാണാതായിട്ടുണ്ട്. ഇതിനുപുറമെ നിരവധി വളര്‍ത്തുമൃഗങ്ങളെയും കാണാതായിട്ടുണ്ട്.

ഉരുള്‍പൊട്ടലിന്‍റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടത്തെ വനറാണി ഡയറി ഫാം ഇന്നലെ മൃഗസംരക്ഷണ വകുപ്പിന്‍റെ അടിയന്തര രക്ഷാ പ്രവര്‍ത്തന സംഘം സന്ദര്‍ശിക്കുകയും 20 മൃഗങ്ങള്‍ക്ക് ആവശ്യമായ തീറ്റയും ചികിത്സയും നല്‍കുകയും ചെയ്തിരുന്നു.ഉരുള്‍ പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് അലഞ്ഞു തിരിയുന്ന മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി  ബ്രഹ്മഗിരി ഡവലപ്പ്മെന്‍റ് സൊസൈറ്റിയുടെ സഹകരണത്തോടെ സംവിധാനങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൃഗസംരക്ഷണ വകുപ്പ്.

ഒറ്റപ്പെട്ടുപോയ വളർത്തുമൃഗങ്ങൾക്കായി 24 മണിക്കൂർ കൺട്രോൾ റൂം

Latest Videos

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ ഇനി അനാഥരല്ല. പരിക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം ഏറ്റെടുക്കാൻ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കർഷകരെ മൃഗസംരക്ഷണ വകുപ്പ് അവയെ ഏൽപ്പിക്കും. ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂമാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക.

മൃഗങ്ങളെ ഏറ്റെടുക്കുന്ന ക്ഷീരകർഷകരുടെ പേര് വിവരങ്ങൾ  കൃത്യമായി രേഖപ്പെടുത്തും. നിലവിൽ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, ജലം എന്നിവ എൻജിഒ, വോളണ്ടിയർമാർ മുഖേന ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചൂരൽമല ദുരന്തസ്ഥലത്തുനിന്നും ലഭിച്ച രണ്ട് നായക്കുട്ടികളെ മിലിട്ടറിക്കും പോലിസ് സ്പെഷ്യൽ ഡിഫെൻസ് ഗ്രൂപ്പിനും കൈമാറിയിരുന്നു. ചൂരൽമല, മുണ്ടക്കൈ ഉൾപ്പെടെയുള്ള ദുരന്ത ബാധിത സ്ഥലങ്ങളിൽ നിന്നും ജീവനോടെയും അല്ലാതെയും കണ്ടെത്തുന്ന വളർത്തു മൃഗങ്ങളെയും പക്ഷികളെയും കൺട്രോൾ റൂമിൽ എത്തിച്ച് തുടർനടപടി സ്വീകരിക്കും. വെറ്ററിനറി ഡോക്ടർമാരും ഫീൽഡ് ഓഫീസർമാരും ഉൾപ്പെടുന്ന സംഘം രണ്ട് ബാച്ചുകളിലായാണ് പ്രവർത്തിക്കുന്നത്. 

ഒഡോക്ടറും ഫീൽഡ് ഓഫീസറും ചേർന്ന് ഫയർ ഫോഴ്സിന്‍റെ സഹായത്തോടെയാണ് ചെറിയ മൃഗങ്ങളെ കൂടുകളിലാക്കിയും വലിയ മൃഗങ്ങളെ ആംബുലൻസിൽ കയറ്റിയും മേപ്പാടിയിലെ പഞ്ചായത്ത് ഹോസ്പിറ്റലിൽ എത്തിക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ പ്രോട്ടോകോൾ പ്രകാരം ചത്ത മൃഗങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ ഡോ. രാജേഷ് അറിയിച്ചു. സംഭവസ്ഥലത്തു നിന്നും ലഭിക്കുന്ന മൃഗങ്ങളുടെ ശരീര ഭാഗങ്ങൾ മേപ്പാടിയിൽ നശിപ്പിക്കുന്നതിനും സജ്ജീകരണമായിട്ടുണ്ട്.

ഉരുൾപ്പൊട്ടൽ ബാധിച്ചവരുടെ ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി പണം നൽകണം; കേന്ദ്ര നി‍ര്‍ദ്ദേശം


 

click me!