'കെഎസ്എഫ്ഇ ഉദ്യോഗസ്ഥർക്ക് വീഴ്ചപറ്റി'; വയനാട്ടിലെ ദുരന്ത ബാധിതർക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ചെയർമാൻ

By Web Team  |  First Published Dec 19, 2024, 10:14 AM IST

വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതർക്ക് നോട്ടീസ് നൽകിയ നടപടി നിര്‍ത്തിവെക്കാൻ നിര്‍ദേശം നൽകിയതായി കെഎസ്എഫ്ഇ ചെയര്‍മാൻ. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്നും ചെയര്‍മാൻ.


തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ കെഎസ്എഫ്ഇ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് കെഎസ്എഫ്ഇ ചെയര്‍മാൻ കെ വരദരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട് ദുരന്തബാധിതര്‍ക്ക് നോട്ടീസ് നൽകിയ നടപടി നിര്‍ത്തിവെക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തിവെക്കാനുള്ള നിര്‍ദേശം നൽകിയത്.

വയനാട് ദുരന്തബാധിതരെ റിക്കവറി നടപടകളിൽ നിന്ന് ഒഴിവാക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാര്‍ത്തയിലൂടെയാണ് താൻ നോട്ടീസ് നൽകിയ കാര്യം അറിഞ്ഞതെന്നും ചെയര്‍മാൻ വരദരാജൻ പറഞ്ഞു. നോട്ടീസ് കൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണിത്. വയനാട് ദുരന്ത ബാധിതര്‍ക്കെതിരെ ഇനി ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്ന് തീരുമാനം എടുത്തിരുന്നതാണ്. അങ്ങനയിരിക്കെ ഇത്തരത്തിൽ നോട്ടീസ് നൽകിയത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നൽകാൻ കോഴിക്കോട് കെഎസ്എഫ്ഇ റിജ്യണൽ മേധാവിയോട് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും വരദരാജൻ പറഞ്ഞു.


മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് ചൂരൽമല സ്വദേശികളായ സൗജത്ത് , മിന്നത്ത് എന്നിവർക്കാണ് കെഎസ്എഫ്ഇയിൽ നിന്നും നോട്ടീസ് ലഭിച്ചത്. വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായി താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്. ജീവിക്കാൻ പോലും വഴിയില്ലാതെ ദുരിതത്തിൽ കഴിയുന്നതിനിടെയാണ് പണം അടക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ്. ഇത്തരമൊരു നടപടി ഇപ്പോള്‍ ഒഴിവാക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ദുരിത ബാധിതരിൽ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു.

Latest Videos

undefined

ഇതിനിടെയാണ് കെഎസ്എഫ്ഇയുടെ അപ്രതീക്ഷിത നടപടി. കെഎസ്എഫ്ഇ നടപടി തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗും വ്യക്തമാക്കിയിരുന്നു. വായ്പ പിരിക്കുന്നത് നിർത്തിവെക്കും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായെന്നും സർക്കാർ സ്ഥാപനം തന്നെ നോട്ടീസ് അയച്ചതിലൂടെ ഇത് വ്യക്തമാണെന്നും യൂത്ത് ലീഗ് വയനാട് ജില്ലാ പ്രസിഡന്‍റ് എംപി നവാസ് പറഞ്ഞു.
 

ദുരന്തബാധിതരോട് കരുണയില്ലാതെ കെഎസ്എഫ്ഇ, മുടങ്ങിയ ചിട്ടി തുക ഉടൻ അടയ്ക്കാൻ നോട്ടീസ്

ഇന്ത്യക്കാരനെ ജമൈക്കയിൽ വെടിവച്ച് കൊന്നു; നടുക്കുന്ന ദൃശ്യങ്ങള്‍, രണ്ടു ഇന്ത്യക്കാര്‍ക്ക് പരിക്ക്

 

click me!