വയനാട് ദുരന്തം; 'വൈദ്യുതി എത്തിച്ച വക ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്ഇബി 9 കോടി വാങ്ങിയെന്ന പ്രചാരണം തെറ്റ്'

By Web Team  |  First Published Dec 19, 2024, 4:33 PM IST

പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും അവാസ്തവവും നികൃഷ്ടവുമായ പ്രചാരണങ്ങളാണ് ചില വ്യക്തികൾ നടത്തുന്നത്.


തിരുവനന്തപുരം: വയനാട് ദുരന്ത പ്രദേശത്ത് വൈദ്യുതി എത്തിച്ച വകയിൽ 9 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈപ്പറ്റിയെന്ന ആരോപണം തെറ്റെന്ന് കെഎസ്ഇബി. പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും അവാസ്തവവും നികൃഷ്ടവുമായ പ്രചാരണങ്ങളാണ് ചില വ്യക്തികൾ നടത്തുന്നത്. അതിലൊന്നാണ് വയനാട് ദുരന്തമേഖലയിലെ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങളുടെ പ്രതിഫലമായി 9 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈപ്പറ്റി എന്ന വ്യാജ പ്രചാരണമെന്നും കെഎസ്ഇബി വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.

ദുരന്തമേഖലയിൽ സേവനമോ വൈദ്യുതിയോ എത്തിച്ചതിന് ഒരു രൂപ പോലും കെ എസ് ഇ ബി ദുരിതാശ്വാസ നിധിയിൽ നിന്ന് വാങ്ങിയിട്ടില്ല എന്നതാണ് സത്യം. മാത്രമല്ല, ദുരന്തമേഖലയിൽ നിന്ന് ആറ് മാസം വൈദ്യുതി ചാർജ് ഈടാക്കേണ്ടതില്ല എന്ന തീരുമാനവും കെ എസ് ഇ ബി കൈക്കൊണ്ടിട്ടുണ്ട്. ദുരന്തപ്രദേശത്ത് 9 കോടിയോളം രൂപയുടെ നാശനഷ്ടമാണ് കെ എസ് ഇ ബിയ്ക്കുണ്ടായിട്ടുള്ളത്. 

Latest Videos

undefined

ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിനു ആവശ്യമായ വൈദ്യുതി യുദ്ധകാലാടിസ്ഥാനത്തിൽ പുന:സ്ഥാപിച്ചതിന് വ്യാപകമായ പ്രശംസ കെ എസ് ഇ ബിക്ക് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ എസ് ഇ ബി ജീവനക്കാർ രണ്ടു ഗഡുക്കളായി 20 കോടി രൂപ ഇതുവരെ നൽകുകയും ചെയ്തു. കൂടുതൽ തുക പിരിച്ചെടുക്കുന്ന മുറയ്ക്ക് അതും നൽകുന്നുണ്ട്.

ലഭ്യമാകേണ്ട വിവിധ സഹായങ്ങൾ ലഭിക്കാതെ പോകുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാരിന്റെ വകുപ്പുകൾ വളരെ കാര്യക്ഷമമായാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. പൊതുജനങ്ങൾ ഇത്തരം തീർത്തും വ്യാജവും നികൃഷ്ടവുമായ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

'യുഡിഎഫ് കാലത്ത് ലാഭത്തിലായിരുന്നു'; വൈദ്യുതി ബോര്‍ഡിനെ പിണറായി സര്‍ക്കാര്‍ വെള്ളാനയാക്കിയെന്ന് സതീശന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!